Kerala Government
218 subscribers
126 photos
29 videos
446 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
നവകേരള കാഴ്ചപ്പാടുകള്‍ മുഖാമുഖം പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സാംസ്‌കാരിക പ്രവര്‍ത്തകരുമായി സംവദിക്കുന്നു. ഞായറാഴ്ച (ഫെബ്രുവരി 25) രാവിലെ 9.30ന് തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ സാംസ്‌കാരിക മേഖലയിലെ വളര്‍ച്ചയും മുന്നേറ്റവും പുതിയ വികസനാശയങ്ങളും വിശദമായി ചര്‍ച്ച ചെയ്യപ്പെടും.

കേരളത്തിന്റെ സംസ്‌കാരിക രംഗം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുഖാമുഖം പുത്തന്‍ പ്രതീക്ഷ പകരും.

#kerala #mukhamukham #keralagovernment #navakeralam
സംസ്ഥാനത്തിന്റെ വിവിധ മേഖലയിലുള്ള വിഭാഗങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന നവകേരള കാഴ്ചപ്പാടുകള്‍ മുഖാമുഖം പരിപാടിയുടെ ഭാഗമായി 25ന് തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സാംസ്‌കാരിക മേഖലയിലെ പ്രതിനിധികളുമായാണ് സംവദിക്കുന്നത്.

കലാ-സാംസ്‌കാരിക മുന്നേറ്റത്തിന് ആക്കം കൂട്ടുന്ന നിരവധി പദ്ധതികളും പ്രവര്‍ത്തനങ്ങളുമാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. കലാമണ്ഡലം സര്‍വകലാശാല, വിവിധയിനം ഗവേഷണ സ്ഥാപനങ്ങള്‍, ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, അക്കാദമികള്‍, സ്മാരകങ്ങളും സംഘടനകളുമടക്കം നിരവധി സ്ഥാപനങ്ങള്‍ സാംസ്‌കാരികവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 14 ജില്ലകളിലായി നവോത്ഥാന നായകന്മാരുടെ പേരില്‍ സാംസ്‌കാരിക സമുച്ചയം, ചെങ്ങന്നൂര്‍ സ്വാതന്ത്ര്യ സ്മൃതി പാര്‍ക്ക്, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുയിടങ്ങള്‍ കണ്ടെത്താന്‍ നാട്ടരങ്ങ് പദ്ധതി, കലാകാരന്മാര്‍ക്ക് നൈപുണ്യം വികസിപ്പിച്ച് സുസ്ഥിര വരുമാനം ഉറപ്പാക്കാന്‍ സഹായിക്കുന്ന ഗ്രാമീണ കലാകേന്ദ്രം പദ്ധതി, അശരണരായ കലാകാരന്മാര്‍ക്ക് അഭയസ്ഥാനം ഒരുക്കാന്‍ അഭയഗ്രാമം പദ്ധതി തുടങ്ങി നിരവധി ക്ഷേമ പദ്ധതികള്‍.

എ.ആര്‍ രാജരാജവര്‍മ്മ, ഗോവിന്ദ പൈ, കവി ഒളപ്പമണ്ണ, എം.ഡി രാമനാഥന്‍, കടമ്മനിട്ട രാമകൃഷ്ണന്‍, പി കേശവദേവ്, ഉമ്പായി, മടവൂര്‍ വാസുദേവന്‍ നായര്‍, ഒ.വി വിജയന്‍, സുകുമാര്‍ അഴീക്കോട് അടക്കം പ്രശസ്തരായ കലാസാഹിത്യകാരന്മാരുടെ സ്മാരകങ്ങള്‍. കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളല്‍,പഞ്ചവാദ്യം എന്നീ രംഗകലകള്‍ കോഴ്‌സുകളായി കലാമണ്ഡലത്തില്‍ അഭ്യസിക്കാനുള്ള സൗകര്യം വകുപ്പ് ഒരുക്കിയിട്ടുണ്ട്. നിള എന്ന പേരില്‍ അന്തര്‍ദേശീയ നൃത്ത സംഗീത വാദ്യോത്സവം സംഘടിപ്പിക്കുകയും നൃത്തക്കളരികള്‍ സ്ഥാപിക്കുകയും ചെയ്തു. കലാസാഹിത്യകാരന്മാര്‍ക്ക് ധനസഹായം, പെന്‍ഷന്‍, വിധവകള്‍ക്കും ആശ്രിതര്‍ക്കും സാമ്പത്തിക ഭദ്രത, ചികിത്സാധന സഹായം തുടങ്ങിയവ സര്‍ക്കാര്‍ നല്‍കുന്നു.

അന്താരാഷ്ട്ര നിലവാരത്തില്‍ ചലച്ചിത്ര ഗവേഷണ കേന്ദ്രവും ഡിജിറ്റല്‍ ആര്‍ക്കൈവ്‌സും സ്ഥാപിച്ചു. ചലച്ചിത്ര ഫെല്ലോഷിപ്പും, ഗ്രാന്‍ഡുകളും കൂടാതെ ചലച്ചിത്ര മേഖലകളില്‍ സ്ത്രീ സാന്നിധ്യം വര്‍ധിപ്പിക്കാനായി വനിതകള്‍ക്കുള്ള തൊഴില്‍ പരിശീലന പദ്ധതി, ടൂറിങ് ടാക്കീസ് പദ്ധതി, കേരള ഫോക്‌ലോര്‍ അക്കാദമിയുടെ വിവിധ പരിപാടികള്‍, ലളിതകലാ അക്കാദമിയുടെ അന്തര്‍ദേശീയ-അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍, കലാവിദ്യാര്‍ത്ഥികള്‍ക്കായി നിരവധി ദേശീയ ക്യാമ്പുകള്‍, കാലിഗ്രാഫി ഫെസ്റ്റിവല്‍ തുടങ്ങി വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്.

അന്ധവിദ്യാര്‍ത്ഥികള്‍ക്കായി അകക്കണ്ണ്, സ്ത്രീ സമത്വത്തിനായി സമം പരിപാടിയും സാഹിത്യ അക്കാദമി നടത്തുന്നു. സംഗീത നാടക അക്കാദമി എല്ലാ വര്‍ഷവും നടത്തുന്ന ഇറ്റ്‌ഫോക്ക് നാടകോത്സവം വിദേശത്ത് പോലും പ്രശസ്തമാണ്.കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍, കേരള സംസ്ഥാന സര്‍വ വിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങള്‍ വിവിധ പരിപാടികള്‍ നടത്തുന്നു. കലാസാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കാനായി മാനവീയം വേദി എന്ന പേരില്‍ തുറന്ന വേദിയൊരുക്കി, ഭാരത് ഭവന്റെ നേതൃത്വത്തില്‍ സാംസ്‌കാരിക പഠനയാത്ര, ഗ്രാമോത്സവങ്ങള്‍, ഇന്ത്യന്‍ ട്രൈബല്‍ ഫെസ്റ്റ്, വില്ലേജ് ഫെസ്റ്റ്, ഫോക്ക് ഫെസ്റ്റ്, മണ്‍സൂണ്‍ ഫെസ്റ്റ്, മലബാര്‍ പൈതൃകോത്സവം തുടങ്ങി ഒട്ടനവധി സാംസ്‌കാരിക പരിപാടികള്‍.

കേരള സ്റ്റേറ്റ് ബുക്ക് മാര്‍ക്ക് എന്ന പേരില്‍ പബ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നു, പൈതൃക പഠന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പഴയ രേഖകള്‍ക്ക് ശാസ്ത്രീയ സംരക്ഷണം നല്‍കുന്നു. തുഞ്ചന്‍ സ്മാരക ട്രസ്റ്റും, കഥകളി-കൂടിയാട്ട പുനരുജീവനത്തിനായി മാര്‍ഗ്ഗിയും പൂരക്കളി അക്കാദമിയും വാസ്തുവിദ്യ ഗുരുകുലവും സാംസ്‌കാരിക വകുപ്പിന് കീഴില്‍ മികച്ച പരിപാടികള്‍ സംഘടിപ്പിച്ച് നടപ്പാക്കുന്നു. ഇന്ത്യയിലും 60 ഓളം വിദേശരാജ്യങ്ങളിലും മലയാള ഭാഷയും പൈതൃകവും വ്യാപിപ്പിക്കാന്‍ മലയാളം മിഷന്‍ പഠനകേന്ദ്രങ്ങളും ശില്‍പശാലകളും സംഘടിപ്പിക്കുന്നു.

കലാസാംസ്‌കാരിക മേഖലയില്‍ ഊര്‍ജ്ജം പകരുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ പുതിയ ആശയങ്ങളും നിര്‍ദ്ദേശങ്ങളുമായി വകുപ്പിന് കരുത്തേകാന്‍ മുഖാമുഖം വേദി വഴിയൊരുക്കും...

#kerala #mukhamukham #navakeralam #keralagovernment
ഗ്രാമനഗര ഭേദമില്ലാതെ ജലവിതരണ സംവിധാനം കൃത്യതയോടെ പ്രവർത്തിപ്പിച്ച് പൊതുജനത്തിന് കുടിവെള്ളം ലഭ്യമാക്കുന്ന ജലവിഭവ വകുപ്പാണ് നമ്മുടേത്.

ശുദ്ധജല ഉത്പാദനം, വിതരണം, മലിന ജല ശേഖരണം, സംസ്‌കരണം തുടങ്ങി നിരവധി പദ്ധതികൾ വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്നു. അതോറിറ്റിയുടെ എല്ലാ സേവനങ്ങളും ഓൺലൈനിലൂടെയാണ്. 10,000 ലിറ്റർ ശേഷിയുള്ള മഴവെള്ള സംഭരിണികൾ, ജലസുരക്ഷ ഉറപ്പാക്കാൻ അമൃത് പദ്ധതി,കുപ്പിവെള്ളം ഹില്ലി അക്വ, 86 NABL നിലവാരത്തിലുള്ള ജലപരിശോധന ലാബുകൾ തുടങ്ങി സാങ്കേതികമായും വികനസപരമായും മുന്നേറുകയാണ് വകുപ്പിന്റെ പ്രവർത്തനങ്ങൾ.

ചെല്ലാനത്ത് 344.2 കോടി രൂപ മുടക്കിൽ ടെട്രാപ്പോഡ് സ്ഥാപിച്ചു.

1243 കോടി രൂപയുടെ മീനച്ചിൽ-മലങ്കര പദ്ധതി വാട്ടർ അതോറിറ്റിയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയാണ്.

സംസ്ഥാനത്തെ 36.65 ലക്ഷം ഗ്രാമീണ വീടുകളിൽ ടാപ്പ് വഴി കുടിവെള്ളം ലഭ്യമാക്കി, 60 കോടിയുടെ പുഴ-തോട് സംരക്ഷണ പ്രവർത്തികൾ പൂർത്തിയാക്കി, കുഴൽകിണറുകൾ നിർമിക്കുന്നതിലൂടെ കാർഷിക ജലലഭ്യതയ്ക്ക് സഹായമേകാൻ 6.74 കോടി രൂപയുടെ ആറ് റിഗ്ഗുകൾ വാങ്ങി, 600 കോടിയ്ക്ക് 15 റെഗുലേറ്റർ കം ബ്രിഡ്ജ് തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങളാണ് വകുപ്പിന്റേതായി നടക്കുന്നത്.

ജനപങ്കാളിത്തത്തോടെയുള്ള ജലസുരക്ഷ, സംരക്ഷണ പ്രവർത്തനങ്ങളുമായി രാജ്യത്തിനാകെ പുതിയൊരു മാതൃക സൃഷ്ടിക്കപ്പെടുകയാണ് ഇവിടെ.
---

സാഭിമാനം, നവകേരളം !

#kerala #keralagovernment #sabhimanamNavakeralam #navakeralam
കേരളത്തിന്റെ കാലാവസ്ഥയുടെയും കാർഷിക സമ്പത്തിന്റെയും അടിത്തറ തന്നെ വനമേഖല ആണ്. വനത്തിനും വനസമ്പത്തിനും സംരക്ഷണമൊരുക്കുന്ന പ്രവർത്തനങ്ങളുമായാണ് സർക്കാരും വനം വകുപ്പും മുന്നോട്ടു പോകുന്നത്. നാടിന്റെ അഭിവൃദ്ധിയ്ക്കു വേണ്ടി, പാരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കാത്ത വിധത്തിൽ, കേരളത്തിലെ അനന്യവും, സങ്കീർണ്ണവുമായ സ്വാഭാവികവനങ്ങളുടെ സംരക്ഷണത്തിനും,വ്യാപനത്തിനുമായി അവയിലെ ജലം, ജൈവവൈവിധ്യം, വിസ്തൃതി, ഉത്പാദനക്ഷമത, മണ്ണ്, എന്നിവയ്ക്കൊപ്പം പാരിസ്ഥിതികവും,ചരിത്രപരവും,സാംസ്‌ക്കാരികവുമായ മൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങളാണ് വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്.

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള പരിഹാരമാർഗങ്ങൾ അടങ്ങിയ 620 കോടി രൂപ ചെലവ് വരുന്ന അഞ്ച് വർഷ കാലയളവിലേക്കുള്ള പദ്ധതി നടപ്പാക്കിവരികയാണ്.

വന്യജീവി സഘർഷം ലഘൂകരിക്കുന്നതിനും തടയുന്നതിനും എട്ട് സ്ഥിരം റാപ്പിഡ് റെസ്പോൺസ് ടീമുകളും ഏഴ് താൽക്കാലിക ടീമുകളും രൂപവൽക്കരിച്ചു. ഇതേ വരെ 30.89 കോടി രൂപ വന്യജീവി ആക്രമണങ്ങളിൽ നഷ്ടപരിഹാരമായി നൽകിയിട്ടുണ്ട്. കൂടാതെ കൃഷി നശിച്ച കർഷകർക്ക് 1123.74 ലക്ഷം രൂപ
നൽകി. വനാന്തരങ്ങളിൽ താമസിക്കുന്ന ആദിവാസി ഇതരസമൂഹത്തിൽപ്പെട്ട 497 കുടുംബങ്ങൾക്ക് പുനരധിവാസത്തിന് സാഹചര്യം ഒരുക്കി.

നിലവിലെ തലമുറയുടെയും വരുംകാല തലമുറകളുടെയും ആവശ്യങ്ങൾ പൂർത്തീകരിക്കാൻ വനപരിപാലനത്തിനൊപ്പം ആധുനിക സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തുന്നുണ്ട്. വനമേഖലയെ ആശ്രയിച്ചു കഴിയുന്ന ഗ്രാമീണ-ഗോത്ര ജനസമൂഹങ്ങളുടെ ജീവനും ജീവിതത്തിനും സുരക്ഷയൊരുക്കുന്നതിനൊപ്പം, കണ്ടൽക്കാടുകൾ, തീരപ്രദേശങ്ങൾ, സർപ്പക്കാവുകൾ തുടങ്ങിയ എല്ലാ മേഖലകളിലെയും ജൈവവൈവിധ്യ സമ്പന്നത കാത്തുസൂക്ഷിക്കാനുള്ള നീക്കങ്ങളും വകുപ്പിന്റേതായുണ്ട്.

ഇൻഷുറൻസ് പരിരക്ഷ, വനത്തിന് പുറത്തു വൃക്ഷ ആവരണം സൃഷ്ടിക്കാൻ വൃക്ഷസമൃദ്ധിപദ്ധതി, വനൗഷധ സമൃദ്ധിപദ്ധതി, ചന്ദനക്കൃഷി പ്രോത്സാഹനം, സുവോളജിക്കൽ പാർക്കുകൾ, ഒരു പഞ്ചായത്ത് ഒരു ഫോറസ്ട്രി ക്ലബ്ബ് തുടങ്ങി ചെറുതും വലുതുമായ നിരവധി പദ്ധതികളുമായാണ് വനം വകുപ്പ് ജനങ്ങൾക്കൊപ്പമുള്ളത്.
---
സാഭിമാനം, നവകേരളം !

#kerala #SabhimanamNavakeralam #keralagovernment #forestdepartment #navakeralam
തുറമുഖ വികസനമേഖലയിൽ കേരളത്തിന്റെ അനന്ത സാധ്യതകൾ തിരിച്ചറിഞ്ഞു കൊണ്ടുള്ള പദ്ധതികളും പ്രവർത്തനങ്ങളുമാണ് സർക്കാരിന്റെ ഭാഗത്തു നിന്നുള്ളത്.
കേരളത്തിൻ്റെ വികസനസ്വപ്നമാണ് വിഴിഞ്ഞം ആഴക്കടൽ തുറമുഖം. ഇന്ത്യയിലില്ലാതിരുന്ന മദർപോർട്ട് യാഥാർത്ഥ്യമാകുന്നതിലൂടെ വാണിജ്യകൈമാറ്റങ്ങളുടെ പുതിയൊരു ലോകമാണ് വിഴിഞ്ഞത് തുറക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ മാത്രമല്ല കേരളസംസ്ഥാനത്തിനൊട്ടാകെ ലഭിക്കുന്ന നേട്ടം വിവരാണാതീതമാണ്.

റോറോ സർവീസ്, ഫെറി, ഡ്രൈഡോക്, മാരിടൈം ഇൻസ്റ്റിറ്റിയൂഷൻ, മത്സ്യ സംസ്‌കരണ യൂണിറ്റ് തുടങ്ങിയ മേഖലകളിൽ നിക്ഷേപത്തിനുള്ള വലിയ സാധ്യതകളാണ് തുറന്നു കിടക്കുന്നത്. ചെറുകിട തുറമുഖ മേഖലയിലെ നിക്ഷേപ സാധ്യത വർദ്ധിപ്പിക്കുന്നതിനൊപ്പം തുറമുഖങ്ങളിൽ വിനോദസഞ്ചാര പദ്ധതികൾ കൂടിയെത്തുന്നതോടെ സാമ്പത്തിക സാധ്യതകൾ വിശാലമാകുന്നു.

കൊല്ലം തുറമുഖം അധികം വൈകാതെ ഇമിഗ്രേഷൻ ചെക്ക് പോയിൻ്റായി മാറും. അന്താരാഷ്ട്ര കപ്പലുകൾ തുറമുഖങ്ങളിൽ അടുക്കാൻ അനിവാര്യമായ സെക്യൂരിറ്റി കോഡ് കേരളത്തിൽ ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങൾക്ക് സ്ഥിരമായി ലഭിച്ചതും വലിയ നേട്ടമാണ്.

ഹൗസ്‌ബോട്ടുകൾക്കും ശിക്കാര ബോട്ടുകൾക്കും രജിസ്‌ട്രേഷൻ നൽകുക, ബേപ്പൂർ പോർട്ടിന്റെ ആഴം വർധിപ്പിക്കുക, അഴീക്കൽ ഗ്രീൻഫീൽഡ് തുറമുഖ പദ്ധതി, തുറമുഖങ്ങളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ എന്നിങ്ങനെ ഭാവിയിൽ ലോകത്തിലെ തന്നെ മികച്ച തുറമുഖ ശക്തിയായി കേരളത്തെ മാറ്റാനുള്ള തിരക്കിലാണ് സർക്കാർ .
---
സാഭിമാനം, നവകേരളം !

#kerala #SabhimanamNavakeralam #vizhinjamport #keralagovernment #Navakeralam
This media is not supported in your browser
VIEW IN TELEGRAM
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ 404 വിദ്യാർത്ഥികൾക്ക് താമസിക്കാൻ സൗകര്യങ്ങളുള്ള ആറു നിലകളുള്ള പുത്തൻ ലേഡീസ് ഹോസ്റ്റൽ സജ്ജമായി. 101 മുറികളാണ് ഒരുക്കിയിട്ടുള്ളത്. കിച്ചൺ, മെസ് ഹാൾ, സ്റ്റോർ റൂം, സിക്ക് റൂം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. 12 ടോയിലറ്റ് ബ്ലോക്കുകൾ കെട്ടിടത്തിലുണ്ട്. എല്ലാ നിലകളിലും റീഡിംഗ് റൂം, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ് എന്നിവയുമുണ്ട്. 18 കോടി രൂപയുടെ കെട്ടിടം മൂന്ന് ഘട്ടങ്ങളായിട്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്.

#kerala #medicalcollege #trivandrum #keralagovernment #navakeralam
ഒരു നാടിന്റെ കായിക വളർച്ച ഗ്രാമീണമേഖലയെ കൂടി ബന്ധിപ്പിച്ചു കൊണ്ടാകണം എന്ന ലക്ഷ്യത്തിൽ സാങ്കേതികമായും ആശയപരമായും ഏറെ നവീനമായ പദ്ധതികളും പരിപാടികളുമായി മുന്നോട്ട് നീങ്ങുകയാണ് സംസ്ഥാന കായിക വകുപ്പ്. കായിക നേട്ടങ്ങൾക്ക് പുറമെ ഈ മേഖലയിലെ സാമ്പത്തിക വളർച്ച കൂടി സർക്കാർ ലക്ഷ്യം വെയ്ക്കുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് കായികനയം സംസ്ഥാനം അവതരിപ്പിച്ചത്.

സ്‌കൂൾതലം മുതലുള്ള കായികവികസനം, വിദഗ്ധപരിശീലനവും ശാസ്ത്രീയ മാർഗങ്ങളും അവലംബിച്ച് ഉന്നതനിലവാരമുള്ള കായികതാരങ്ങളെ വളർത്തുക ലക്ഷ്യമാക്കിയാണ് കായിക നയം രൂപീകരിച്ചിട്ടുള്ളത്.

1600 കോടിരൂപയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതികളാണ് കായികമേഖലയിൽ നടപ്പാക്കി വരുന്നത്. കായിക സമുച്ചയങ്ങൾ, കളിക്കളങ്ങൾ, അന്താരാഷ്ട്ര യോഗ പഠനകേന്ദ്രം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ. സംസ്ഥാനത്ത് ആദ്യമായി കോർപ്പറേഷൻ, മുൻസിപ്പാലിറ്റി, പഞ്ചായത്തുതല സ്‌പോർട്‌സ് കൗൺസിലുകൾ രൂപീകരിച്ചു. അഞ്ച് ലക്ഷം കുട്ടികൾക്ക് ഫുട്‌ബോൾ പരിശീലനം നൽകുന്ന ഗോൾ പദ്ധതി, അത്‌ലറ്റിക്‌സ് പരിശീലനം നൽകുന്ന സ്പ്രിന്റ് പദ്ധതി, സ്‌പോർട്‌സ് അക്കാദമികൾ, നെതർലൻഡ്‌സിലെ ബോവ്‌ലാൻഡർ ഫൗണ്ടേഷനുമായി ചേർന്ന് ഫുട്‌ബോൾ, ഹോക്കി പരിശീലന പദ്ധതി എന്നിവ ആരംഭിച്ചു.

കായികതാരങ്ങൾക്ക്
ശാസ്ത്രീയ പിന്തുടണയും തീവ്രപരിശീലനവും നൽകുന്നതിനു പുറെമ തദ്ദേശ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, ജന പ്രതിനിധികൾ എന്നിവരെയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് അടിസ്ഥാന സൗകര്യങ്ങൾ നൽകുക എന്നതും സർക്കാരിന്റെ പ്രധാന ലക്ഷ്യമാണ്.
--
സാഭിമാനം, നവകേരളം!

#kerala #SabhimanamNavakeralam #sportskerala #keralagovernment #navakeralam