Kerala Government
217 subscribers
143 photos
32 videos
448 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
നവകേരളസദസ്സിന്റെ തുടർച്ചയായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന 'നവകേരള കാഴ്ചപ്പാടുകൾ' മുഖാമുഖം ഫെബ്രുവരി 18ന് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ നടക്കും. മുഖാമുഖ പരിപാടിയിലെ ആദ്യ വേദി വിദ്യാർത്ഥി സമൂഹത്തെയാണ് പ്രതിനിധീകരിക്കുന്നത്.
സർവകലാശാലകളിൽ നിന്നും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ കോളേജുകളിൽ നിന്നും ഉള്ള വിദ്യാർത്ഥി പ്രതിനിധികൾ ഭാഗമാകും.

കേരളത്തെ നവവൈജ്ഞാനിക സമൂഹമാക്കി മാറ്റുകയെന്ന ലക്ഷ്യം മുൻനിർത്തി, ഉന്നതവിദ്യാഭ്യാസ മേഖലയെ നവീകരിക്കുന്നതിന് പ്രഥമ പരിഗണനയാണ് സർക്കാർ നൽകിയിട്ടുള്ളത്. വലിയ മുന്നേറ്റം ഉന്നതവിദ്യാഭ്യാസ രംഗത്ത് കൈവരിച്ചെങ്കിലും ഇനിയും നിരവധി വികസന ആശയങ്ങൾ, പരിഷ്‌കാരങ്ങൾ വിദ്യാർത്ഥികൾക്ക് നിർദ്ദേശിക്കാനുണ്ടാകും. ഇത്തരം വികസനോന്മുഖ ചർച്ചയിലേക്കാണ് മുഖാമുഖം നയിക്കുന്നത്.

അറിവും നൈപുണിയും കൈമുതലായ ഒരു നവകേരള വിജ്ഞാനസമൂഹത്തെ വാർത്തെടുക്കാനുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ യാത്രയ്ക്ക് കുതിപ്പേകുന്ന ഒന്നായി മുഖാമുഖം മാറുമെന്ന് പ്രതീക്ഷിക്കാം.

#navakeralakazhchappadu #mukhamukham #keralagovernment #kerala #highereducation
മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ വിഭാഗങ്ങളുമായി നടത്തുന്ന നവകേരള കാഴ്ച്ചപ്പാടുകള്‍ മുഖാമുഖം പരിപാടിയുടെ ഭാഗമായി 24-ന് കണ്ണൂർ ദിനേശ് ആഡിറ്റോറിയത്തിൽ ആദിവാസി-ദളിത് വിഭാഗത്തിലെ പ്രതിനിധികളുമായാണ് സംവദിക്കുന്നത്.

2026നുള്ളില്‍ എല്ലാ ഭൂരഹിത-ഭവനരഹിത പട്ടികവിഭാഗക്കാര്‍ക്കും ഭൂമിയും വീടും നല്‍കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. പൂര്‍ണമായും രജിസ്‌ട്രേഷന്‍ ഫീസൊഴിവാക്കി ഏഴര വര്‍ഷത്തിനിടെ 28,010 പട്ടികജാതി കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി. ലൈഫ് മിഷന്‍ മുഖേന ഭവന നിര്‍മ്മാണവും, പണിപൂര്‍ത്തിയാകാത്ത വീടുകള്‍ സുരക്ഷിതമാക്കാന്‍ 2.5 ലക്ഷം രൂപ അനുവദിക്കുന്ന സേഫ് പദ്ധതിയും നിലവിലുണ്ട്. ജനനസര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ രേഖ, ബാങ്ക് പാസ്ബുക്ക് തുടങ്ങിയ രേഖകള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനായി അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫ്‌ളോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. പട്ടികജാതി-പട്ടികവര്‍ഗ്ഗ മേഖലയിലുള്ള ജനങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കാനും സ്വയംപര്യാപ്തരാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നു.

പിന്നാക്ക മേഖലയിലെ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്താനും സാങ്കേതിക വിദ്യാഭ്യാസം സാധ്യമാക്കാനും നിരവധി നവീനമായ പദ്ധതികളും സംസ്ഥാനത്ത് തയാറാക്കിയിട്ടുണ്ട്. 8 മുതല്‍ 12 വരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്ക് സ്വന്തമായി പഠന മുറി, പട്ടികവര്‍ഗ വിഭാഗത്തിന് 364 സാമൂഹ്യപഠന മുറികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. യുവജനങ്ങളെ ഒരെ സമയം തൊഴില്‍സംരംഭകരും തൊഴില്‍ദാതാക്കളുമാക്കാന്‍ കേരള എംപവര്‍മെന്റ് സൊസൈറ്റിയുടെ കീഴില്‍ സ്റ്റാര്‍ട്ടപ്പുകള്‍, നവസംരംഭങ്ങള്‍, നിര്‍മ്മാണ സേവന പദ്ധതികള്‍ തുടങ്ങിയവ ആരംഭിച്ചിട്ടുണ്ട്. ഉന്നതി സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംരംഭപ്രോത്സാഹന പദ്ധതി വഴി നിക്ഷേപ സംഗമങ്ങളും ഇന്‍കുബേഷന്‍ സൗകര്യവും പട്ടികവിഭാഗം സംരംഭകര്‍ക്ക് ലഭിക്കും.

നിയമ ബിരുദധാരികളായ പട്ടികജാതി-പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് അഡ്വക്കേറ്റ് ജനറല്‍, ഗവ.പ്ലീഡര്‍, സീനിയര്‍ അഭിഭാഷകര്‍, ലീഗല്‍ സര്‍വീസ് സൊസൈറ്റി തുടങ്ങിയടങ്ങളില്‍ പരിശീലനമൊരുക്കുന്നു. ചരിത്രത്തിലാധ്യമായി 500 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് നിയമനം നല്‍കി. സിവില്‍ എഞ്ചിനീയറിംഗ്/ഡിപ്ലോമ പാസായ 500 പട്ടിക വിഭാഗക്കാര്‍ക്ക് അക്രഡിറ്റഡ് എഞ്ചിനീയര്‍മാരായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിയമനം നല്‍കി. 597 പട്ടികവര്‍ഗ-പിന്നാക്കവിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശസര്‍വകലാശാലകളില്‍ സ്‌കോളര്‍ഷിപ്പോടെ പഠനാവസരം ഒരുക്കി.

സര്‍ക്കാര്‍ ഓണറേറിയത്തോടെ യുവജനങ്ങള്‍ക്ക് പരിശീലനം നല്‍കുന്ന ട്രേസ് പദ്ധതി വഴി ആയിരത്തിലേറെ പേര്‍ക്കാണ് തൊഴില്‍ ലഭിച്ചത്. ഫ്രീ ഷിപ്പ് കാര്‍ഡുകള്‍, വിംഗ്‌സ് പദ്ധതി, കെടാവിളക്ക് സ്‌കോളര്‍ഷിപ്പ് തുടങ്ങി വിദ്യാര്‍ത്ഥികളെ സിവില്‍ സര്‍വീസ് അടക്കം ഉന്നതപഠനത്തിന് സഹായിക്കുന്ന വിവിധങ്ങളായ പദ്ധതികളാണ് വകുപ്പ് നടപ്പാക്കിയിട്ടുള്ളത്. പട്ടികജാതി വികസന വകുപ്പില്‍ പ്രവര്‍ത്തിക്കുന്ന 11 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളും(എംആര്‍എസുകളും) പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ 22 എംആര്‍എസുകളും പ്രവര്‍ത്തിക്കുന്നു. ഊരുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ സ്‌കൂളുകളിലെത്തിക്കാന്‍ വിദ്യാവാഹിനി വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. മാതാപിതാക്കള്‍ നഷ്ടപ്പെട്ട പട്ടികവര്‍ഗ കുട്ടികള്‍ക്ക് ധനസഹായം നല്‍കുന്ന കൈത്താങ്ങ് പദ്ധതിയും ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി കാറ്റാടി പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതുവഴി ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി തദ്ദേശീയവാസികളുടെ ആരോഗ്യ, വിദ്യാഭ്യാസ കാര്യങ്ങള്‍ പരമാവധി മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.

പട്ടികജാതി പട്ടികവര്‍ഗ മേഖലയില്‍ ഒരു മെഡിക്കല്‍ കോളേജ് പാലക്കാട് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. എല്ലാ ഊരിലും വൈദ്യുതിയും ഇന്റര്‍നെറ്റും ഉറപ്പാക്കിയും അംബേദ്കര്‍ സ്വയംപര്യാപ്ത ഗ്രാമ പ്രവര്‍ത്തികളും മികച്ച രീതിയില്‍ നടക്കുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ പട്ടികവര്‍ഗ്ഗ മേഖലകളില്‍ 100 അധിക തൊഴില്‍ ദിനങ്ങള്‍ കൂടി അനുവദിച്ചിരുന്നു. ആദിവാസി ജനതയുടെ ചരിത്രവും പട്ടികവര്‍ഗ്ഗ മേഖലകളില്‍ കൂടുതല്‍ തൊഴിലും വരുമാനവും സാധ്യമാക്കുന്നതിനും പട്ടികവര്‍ഗ സ്വാതന്ത്ര്യസമര സേനാനി മ്യൂസിയം വയനാട് വൈത്തിരിയില്‍ ഒരുങ്ങുന്നു. ആറളം ഫാമിലെ ആന പ്രതിരോധ മതില്‍ വഴി മേഖലയിലെ കൃഷിയും മനുഷ്യജീവനും സംരക്ഷിക്കപ്പെടും. ആദിവാസി വിഭാഗങ്ങള്‍ക്ക് മികച്ച വരുമാനമൊരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'എന്‍ ഊര്' വയനാട് ജില്ലയിലെ ഏറ്റവും പ്രധാന വിനോദ സഞ്ചാരകേന്ദ്രമായി മാറിക്കഴിഞ്ഞു.

സാങ്കേതികമായും സാമ്പത്തികമായും വികസിതമായും സുരക്ഷിതമായ നിലയിലേക്ക് പിന്നാക്ക ജനതയെ കൈപിടിച്ചുയര്‍ത്താന്‍ ഇനിയും നവചിന്തകളുയരണം, നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കണം അതിലേക്കായി മുഖാമുഖം വേദിയിലേക്ക് നമുക്ക് കാതോര്‍ക്കാം...


#kerala #mukhamukham #keralagovernment #unnathi
നവകേരള കാഴ്ചപ്പാടുകള്‍ മുഖാമുഖം പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സാംസ്‌കാരിക പ്രവര്‍ത്തകരുമായി സംവദിക്കുന്നു. ഞായറാഴ്ച (ഫെബ്രുവരി 25) രാവിലെ 9.30ന് തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ സാംസ്‌കാരിക മേഖലയിലെ വളര്‍ച്ചയും മുന്നേറ്റവും പുതിയ വികസനാശയങ്ങളും വിശദമായി ചര്‍ച്ച ചെയ്യപ്പെടും.

കേരളത്തിന്റെ സംസ്‌കാരിക രംഗം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുഖാമുഖം പുത്തന്‍ പ്രതീക്ഷ പകരും.

#kerala #mukhamukham #keralagovernment #navakeralam
സംസ്ഥാനത്തിന്റെ വിവിധ മേഖലയിലുള്ള വിഭാഗങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന നവകേരള കാഴ്ചപ്പാടുകള്‍ മുഖാമുഖം പരിപാടിയുടെ ഭാഗമായി 25ന് തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സാംസ്‌കാരിക മേഖലയിലെ പ്രതിനിധികളുമായാണ് സംവദിക്കുന്നത്.

കലാ-സാംസ്‌കാരിക മുന്നേറ്റത്തിന് ആക്കം കൂട്ടുന്ന നിരവധി പദ്ധതികളും പ്രവര്‍ത്തനങ്ങളുമാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. കലാമണ്ഡലം സര്‍വകലാശാല, വിവിധയിനം ഗവേഷണ സ്ഥാപനങ്ങള്‍, ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, അക്കാദമികള്‍, സ്മാരകങ്ങളും സംഘടനകളുമടക്കം നിരവധി സ്ഥാപനങ്ങള്‍ സാംസ്‌കാരികവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 14 ജില്ലകളിലായി നവോത്ഥാന നായകന്മാരുടെ പേരില്‍ സാംസ്‌കാരിക സമുച്ചയം, ചെങ്ങന്നൂര്‍ സ്വാതന്ത്ര്യ സ്മൃതി പാര്‍ക്ക്, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുയിടങ്ങള്‍ കണ്ടെത്താന്‍ നാട്ടരങ്ങ് പദ്ധതി, കലാകാരന്മാര്‍ക്ക് നൈപുണ്യം വികസിപ്പിച്ച് സുസ്ഥിര വരുമാനം ഉറപ്പാക്കാന്‍ സഹായിക്കുന്ന ഗ്രാമീണ കലാകേന്ദ്രം പദ്ധതി, അശരണരായ കലാകാരന്മാര്‍ക്ക് അഭയസ്ഥാനം ഒരുക്കാന്‍ അഭയഗ്രാമം പദ്ധതി തുടങ്ങി നിരവധി ക്ഷേമ പദ്ധതികള്‍.

എ.ആര്‍ രാജരാജവര്‍മ്മ, ഗോവിന്ദ പൈ, കവി ഒളപ്പമണ്ണ, എം.ഡി രാമനാഥന്‍, കടമ്മനിട്ട രാമകൃഷ്ണന്‍, പി കേശവദേവ്, ഉമ്പായി, മടവൂര്‍ വാസുദേവന്‍ നായര്‍, ഒ.വി വിജയന്‍, സുകുമാര്‍ അഴീക്കോട് അടക്കം പ്രശസ്തരായ കലാസാഹിത്യകാരന്മാരുടെ സ്മാരകങ്ങള്‍. കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളല്‍,പഞ്ചവാദ്യം എന്നീ രംഗകലകള്‍ കോഴ്‌സുകളായി കലാമണ്ഡലത്തില്‍ അഭ്യസിക്കാനുള്ള സൗകര്യം വകുപ്പ് ഒരുക്കിയിട്ടുണ്ട്. നിള എന്ന പേരില്‍ അന്തര്‍ദേശീയ നൃത്ത സംഗീത വാദ്യോത്സവം സംഘടിപ്പിക്കുകയും നൃത്തക്കളരികള്‍ സ്ഥാപിക്കുകയും ചെയ്തു. കലാസാഹിത്യകാരന്മാര്‍ക്ക് ധനസഹായം, പെന്‍ഷന്‍, വിധവകള്‍ക്കും ആശ്രിതര്‍ക്കും സാമ്പത്തിക ഭദ്രത, ചികിത്സാധന സഹായം തുടങ്ങിയവ സര്‍ക്കാര്‍ നല്‍കുന്നു.

അന്താരാഷ്ട്ര നിലവാരത്തില്‍ ചലച്ചിത്ര ഗവേഷണ കേന്ദ്രവും ഡിജിറ്റല്‍ ആര്‍ക്കൈവ്‌സും സ്ഥാപിച്ചു. ചലച്ചിത്ര ഫെല്ലോഷിപ്പും, ഗ്രാന്‍ഡുകളും കൂടാതെ ചലച്ചിത്ര മേഖലകളില്‍ സ്ത്രീ സാന്നിധ്യം വര്‍ധിപ്പിക്കാനായി വനിതകള്‍ക്കുള്ള തൊഴില്‍ പരിശീലന പദ്ധതി, ടൂറിങ് ടാക്കീസ് പദ്ധതി, കേരള ഫോക്‌ലോര്‍ അക്കാദമിയുടെ വിവിധ പരിപാടികള്‍, ലളിതകലാ അക്കാദമിയുടെ അന്തര്‍ദേശീയ-അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍, കലാവിദ്യാര്‍ത്ഥികള്‍ക്കായി നിരവധി ദേശീയ ക്യാമ്പുകള്‍, കാലിഗ്രാഫി ഫെസ്റ്റിവല്‍ തുടങ്ങി വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്.

അന്ധവിദ്യാര്‍ത്ഥികള്‍ക്കായി അകക്കണ്ണ്, സ്ത്രീ സമത്വത്തിനായി സമം പരിപാടിയും സാഹിത്യ അക്കാദമി നടത്തുന്നു. സംഗീത നാടക അക്കാദമി എല്ലാ വര്‍ഷവും നടത്തുന്ന ഇറ്റ്‌ഫോക്ക് നാടകോത്സവം വിദേശത്ത് പോലും പ്രശസ്തമാണ്.കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍, കേരള സംസ്ഥാന സര്‍വ വിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങള്‍ വിവിധ പരിപാടികള്‍ നടത്തുന്നു. കലാസാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കാനായി മാനവീയം വേദി എന്ന പേരില്‍ തുറന്ന വേദിയൊരുക്കി, ഭാരത് ഭവന്റെ നേതൃത്വത്തില്‍ സാംസ്‌കാരിക പഠനയാത്ര, ഗ്രാമോത്സവങ്ങള്‍, ഇന്ത്യന്‍ ട്രൈബല്‍ ഫെസ്റ്റ്, വില്ലേജ് ഫെസ്റ്റ്, ഫോക്ക് ഫെസ്റ്റ്, മണ്‍സൂണ്‍ ഫെസ്റ്റ്, മലബാര്‍ പൈതൃകോത്സവം തുടങ്ങി ഒട്ടനവധി സാംസ്‌കാരിക പരിപാടികള്‍.

കേരള സ്റ്റേറ്റ് ബുക്ക് മാര്‍ക്ക് എന്ന പേരില്‍ പബ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നു, പൈതൃക പഠന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പഴയ രേഖകള്‍ക്ക് ശാസ്ത്രീയ സംരക്ഷണം നല്‍കുന്നു. തുഞ്ചന്‍ സ്മാരക ട്രസ്റ്റും, കഥകളി-കൂടിയാട്ട പുനരുജീവനത്തിനായി മാര്‍ഗ്ഗിയും പൂരക്കളി അക്കാദമിയും വാസ്തുവിദ്യ ഗുരുകുലവും സാംസ്‌കാരിക വകുപ്പിന് കീഴില്‍ മികച്ച പരിപാടികള്‍ സംഘടിപ്പിച്ച് നടപ്പാക്കുന്നു. ഇന്ത്യയിലും 60 ഓളം വിദേശരാജ്യങ്ങളിലും മലയാള ഭാഷയും പൈതൃകവും വ്യാപിപ്പിക്കാന്‍ മലയാളം മിഷന്‍ പഠനകേന്ദ്രങ്ങളും ശില്‍പശാലകളും സംഘടിപ്പിക്കുന്നു.

കലാസാംസ്‌കാരിക മേഖലയില്‍ ഊര്‍ജ്ജം പകരുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ പുതിയ ആശയങ്ങളും നിര്‍ദ്ദേശങ്ങളുമായി വകുപ്പിന് കരുത്തേകാന്‍ മുഖാമുഖം വേദി വഴിയൊരുക്കും...

#kerala #mukhamukham #navakeralam #keralagovernment
മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ വിഭാഗങ്ങളുമായി സംവദിക്കുന്ന നവകേരളക്കാഴ്ചപ്പാടുകൾ മുഖാമുഖത്തിൽ 29ന് തൊഴിലാളി സമൂഹം ഭാഗമാകും.

കൊല്ലം ആശ്രാമം യൂനുസ് കൺവെൻഷൻ സെന്ററിൽ രാവിലെ 9.30ന് നടക്കുന്ന മുഖാമുഖത്തിൽ വിവിധ തൊഴിൽ മേഖലകളിൽ നിന്നുള്ളവർ തങ്ങളുടെ അഭിപ്രായങ്ങൾ അവതരിപ്പിക്കും.

#kerala #mukhamukham #keralagovernment
സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന
നവകേരളക്കാഴ്ചപ്പാടുകൾ മുഖാമുഖ ചർച്ചയിൽ തൊഴിൽ മേഖലയിലെ പ്രതിനിധികൾ പങ്കെടുക്കുന്നു. 29ന് കൊല്ലം യൂനുസ് കൺവെൻഷൻ സെന്ററിലെ വേദിയിൽ രാവിലെ 9.30ന് തുടങ്ങുന്ന പരിപാടിയിൽ 2000 പ്രതിനിധികൾ പങ്കെടുക്കും.

വിവിധ തൊഴിൽ മേഖലകളിൽ നിന്നുള്ളവർ അവരവരുടെ തൊഴിൽപരവും ജീവിതവുമായി ബന്ധപ്പെട്ടതുമായ പ്രശ്നങ്ങളാണ് മുഖ്യമന്ത്രിക്ക് മുന്നിലെത്തിക്കുക. തൊഴിലാളി ശ്രേഷ്ഠ അവാർഡ് ജേതാക്കളായ തിരഞ്ഞെടുക്കപ്പെട്ടവർ വേദിപങ്കിടും. വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരും മുഖാമുഖത്തിന്റെ ഭാഗമാകും.

രാജ്യത്തിന് അഭിമാനമായി മാറുകയാണ് സംസ്ഥാനത്തിന്റെ തൊഴിൽ മേഖല. ഏറ്റവും കൂടിയ മിനിമം കൂലിയും ക്ഷേമപ്രവർത്തനങ്ങളും ഉൾപ്പെടെ തൊഴിലാളികൾക്ക് സുഖകരമായ ജീവിതം തുറന്നിടുന്ന പ്രവർത്തനങ്ങളാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്‌നങ്ങൾ പങ്കുവെയ്ക്കാൻ സഹജ കോൾ സെന്റർ പ്രവർത്തിക്കുന്നു. പരാതിക്കാരിക്ക് ആവശ്യമായ മാർഗനിർദ്ദേശം നൽകുകയും തുടർനടപടികൾ ഉറപ്പാക്കാനും ഈ കോൾസെന്റർ സൗകര്യമൊരുക്കുന്നു.

അതിഥി തൊഴിലാളികൾക്ക് ജോലി ചെയ്യാൻ ഏറ്റവും സുരക്ഷിത ഇടമാണ് കേരളം. ആവാസ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി, ശ്രമിക് ബന്ധു ഫെസിലിറ്റേഷൻ സെന്ററുകൾ, സുരക്ഷിത പാർപ്പിടങ്ങൾ കണ്ടെത്താൻ ആലയ, അതിഥി പോർട്ടൽ, തൊഴിൽ സേവ ആപ്പ് തുടങ്ങി അതിഥി തൊഴിലാളികൾക്കായി നിരവധി പദ്ധതികൾ.

സംസ്ഥാനത്താണ് തൊഴിലാളി മികവിന് രാജ്യത്ത് ആദ്യമായി പുരസ്‌കാരം ഏർപ്പെടുത്തിയത്. 18 തൊഴിൽ മേഖലകളിലെ മികവിന് ശ്രേഷ്ഠ പുരസ്‌കാരം, മികച്ച തൊഴിലിടങ്ങൾക്ക് മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡ് എന്നീ അംഗീകാരങ്ങളാണ് നൽകുന്നത്. ഗ്രാമീണ തൊഴിലാളികളുടെ പ്രതിദിന വേതനത്തിൽ കേരളം ഒന്നാമതാണ്. ദേശീയ ശരാശരിയെക്കാൾ ഇരട്ടിയിലധികം കൂലിയാണ് കാർഷിക-കാർഷികേതര-നിർമ്മാണ മേഖലയിൽ ഇവിടുത്തെ തൊഴിലാളികൾക്ക് ലഭിക്കുന്നത്.

പുരുഷന്മാർക്ക് 55 കിലോ, സ്ത്രീകൾക്കും കൗമാരക്കാർക്കും 35 കിലോ എന്നിങ്ങനെ സംസ്ഥാനത്ത് ചുമട് ഭാരം കുറച്ചു. തോട്ടം തൊഴിലാളികൾക്ക് പെൻഷൻ പ്രായം 60 ആക്കി ഉയർത്തി, പ്രത്യേക ഭവന പദ്ധതികൾ, ചികിത്സാ സഹായം, വിദ്യാഭ്യാസ ആനുകൂല്യം, വിവാഹ ധനസഹായം, അപകടാനുകൂല്യം തുടങ്ങി അർഹതപ്പെട്ട ആനുകൂല്യങ്ങൾ തൊഴിലാളികൾക്ക് ലഭ്യമാക്കുകയും പെൻഷനുകളും ക്ഷേമപെൻഷനുകളുമടക്കം ആശ്വാസകരമായ ഒട്ടേറെ നടപടികളാണ് വകുപ്പ് നടപ്പാക്കുന്നത്.

ദേശീയ-അന്തർദേശീയ പ്രതിനിധികളെയും വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാരെയും ഉൾപ്പെടുത്തി നടത്തിയ അന്താരാഷ്ട്ര ലേബർ കോൺക്ലേവ് വലിയ ചർച്ചയ്ക്കാണ് വഴി തുറന്നത്. ഓൺലൈൻ പ്രവർത്തനവുമായി ക്ഷേമനിധി ബോർഡുകൾ സാങ്കേതിക വികസനത്തിന്റെ ട്രാക്കിലായി കഴിഞ്ഞു. ഒഡെപെക് വഴി വിദേശരാജ്യങ്ങളിലേക്ക് 3409 പേരാണ് റിക്രൂട്ട് ചെയ്യപ്പെട്ടത്. ഉന്നതി സ്‌കോളർഷിപ്പ് വഴി 25 ലക്ഷം രൂപവരെ 310 പട്ടിക ജാതി-വർഗ വിദ്യാർഥികൾ സ്വന്തമാക്കി. പഠനത്തോടൊപ്പം തൊഴിൽ ചെയ്യാനും നൈപുണ്യ വികസനത്തിനും അവസരമൊരുക്കി കർമചാരി പദ്ധതി നിലവിലുണ്ട്.

എംപ്ലോയ്‌മെന്റ് വകുപ്പ്, ലേബർ കമ്മീഷണറേറ്റ് അടക്കം തൊഴിൽ വകുപ്പുകൾ ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നതും, വേതന സുരക്ഷാ പദ്ധതിയും പരാതി പരിഹാര സംവിധാനമായ കംപ്ലെയ്ന്റ് മാനേജ്‌മെന്റ് മൊഡ്യൂൾ അടക്കം ആധുനിക സാങ്കേതിക വികാസം വകുപ്പിനെ അടിമുടി മാറ്റങ്ങൾക്ക് വിധേയമാക്കുന്നു. ലഹരിക്കെതിരെ തൊഴിൽമേഖലയിൽ കവച് പോലുള്ള വ്യാപക ബോധവത്ക്കരണ ക്യാംപെയിനും ലഹരി വ്യാപനം തടയാൻ കർശന നടപടികളുമാണ് വകുപ്പ് സ്വീകരിച്ചിട്ടുള്ളത്.

കഴിഞ്ഞ രണ്ടര വർഷത്തിനിടെ 5544 സ്ഥിരം നിയമനങ്ങൾ അടക്കം 27404 പേർക്ക് നിയമനം ലഭിച്ചു. ശരണ്യ, നവജീവൻ, കെസ്‌റു, കൈവല്യ തുടങ്ങിയ സ്വയംതൊഴിൽ പദ്ധതികളും കരിയർ ഡെവലപ്‌മെന്റ് സെന്ററുകളും സംസ്ഥാനത്ത് പ്രവർത്തിക്കുന്നു. ജിയോ സ്‌പെഷ്യൽ സാങ്കേതിക വിദ്യയിൽ ജാഗ്രതാ സന്ദേശം കൈമാറുന്ന റിമോട്ട് സെൻസിംഗ് എനേബിൾഡ് ഓൺലൈൻ കെമിക്കൽ എമർജൻസി റെസ്‌പോൺസ് സിസ്റ്റം ഫാക്ടറി തൊഴിൽ മേഖലയിൽ വലിയ ആശ്വാസമാണ്.

സ്‌കിൽ മത്സരത്തിൽ ദേശീയ പുരസ്‌കാരങ്ങൾക്ക് സംസ്ഥാനം അർഹമായി. മെഡിക്കൽ ഇൻഷുറൻസ് സർവീസുകൾ, തൊഴിൽ നിയമങ്ങൾ രൂപീകരിക്കുന്നതിന് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ്, വർക്ക്‌ഷോപ്പുകളും കോഴ്‌സുകളും നൽകാൻ കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസ് എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ.

തൊഴിൽ മേഖലയിൽ നവീന മാറ്റങ്ങളിലൂടെ തൊഴിലാളി ജീവിതം കൈപിടിച്ചുയർത്താൻ സഹായമേകുന്ന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും മുഖാമുഖം വേദിയിൽ ഉയർന്നു കേൾക്കാം..

#kerala #mukhamukham #keralagovernment #labourwelfare
നവകേരള സദസ്സിന്റെ തുടർച്ചയായി വ്യത്യസ്ത മേഖലകളിലുള്ള വ്യക്തികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് സംവദിക്കുന്ന നവകേരള കാഴ്ചപ്പാട് മുഖാമുഖം പരിപാടിയുടെ ഭാഗമായുള്ള കർഷക സംവാദം മാർച്ച് 2ന് ആലപ്പുഴ പാതിരപ്പള്ളി കാമിലോട്ട് കൺവെൻഷൻ സെന്ററിൽ രാവിലെ 9. 30ന് നടക്കും.

സംസ്ഥാനതലത്തിൽ വിവിധ മേഖലകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട കർഷകർ, കർഷക തൊഴിലാളികൾ, കാർഷിക സംരംഭകർ, കാർഷിക മേഖലയിലെ അക്കാദമിക് സ്ഥാപനങ്ങൾ, കർഷക- കർഷക തൊഴിലാളി സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

#kerala #mukhamukham #keralagovernment
മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ വിഭാഗങ്ങളുമായി നടത്തുന്ന നവകേരളക്കാഴ്ചപ്പാടുകൾ മുഖാമുഖ പരിപാടിയിൽ കാർഷിക മേഖലയിൽ നിന്നുള്ളവരുമായാണ് മാർച്ച് 2ന് ആലപ്പുഴ കാമിലോട്ട് കൺവെൻഷൻ സെന്ററിൽ സംവദിക്കുന്നത്.
കർഷകർ, കർഷക തൊഴിലാളികൾ, കാർഷിക സംരംഭകർ, കാർഷിക മേഖലയിലെ അക്കാദമിക് സ്ഥാപനങ്ങൾ, കർഷക- കർഷക തൊഴിലാളി സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പരിഗണിക്കുക.

വിവിധ കാർഷിക മേഖലയിൽ നിന്ന് രണ്ടായിരത്തോളം ആളുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പരിപാടിയുടെ ഭാഗമാകുന്നത്. കേര, ഹോർട്ടികോർപ്, കേരശ്രീ, കേരഗ്രാമം, ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി തുടങ്ങിയ സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയുടെ 33 സ്റ്റാളുകൾ പരിപാടിയുടെ ഭാഗമായി റെഡിയാണ്.


കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും കാർഷിക മേഖലയുടെ സാങ്കേതിക മികവ് വർദ്ധിപ്പിച്ച് വളർച്ചയുടെ പാതയിലേക്ക് എത്തിക്കാനുമായി വിവിധ പ്രവർത്തനങ്ങളാണ് സർക്കാരും കൃഷിവകുപ്പും സംസ്ഥാനത്ത് നടപ്പാക്കുന്നത്. പച്ചക്കറി-പഴവർഗവിളകൾ, കിഴങ്ങുവർഗ വിളകൾ, പയർ വർഗങ്ങൾ, കൂൺ കൃഷി എന്നിവയ്ക്കൊപ്പം ചെറുധാന്യ വിളകളെയും ഉൾപ്പെടുത്തി കർഷക വരുമാനം വർദ്ധിപ്പിക്കുന്നതിന് ആരംഭിച്ച ക്യാമ്പയിൻ പരിപാടിയാണ് പോഷക സമൃദ്ധി മിഷൻ. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ കുറഞ്ഞത് 50000 ഹെക്ടറിൽ എങ്കിലും ജൈവകൃഷി നടപ്പാക്കി ജൈവകാർഷിക മേഖല ശക്തിപ്പെടുന്നതിനായി ജൈവ കാർഷിക മിഷൻ, കാലാവസ്ഥ വ്യതിയാനം നേരിടുന്നതിന് കാർബൺ തൂലിത കൃഷി, നാച്യുറൽ ഫാമിംഗ് എന്നിങ്ങനെ വൈവിധ്യമാർന്ന പദ്ധതികൾ ഇവിടുണ്ട്.

ഓരോ പഞ്ചായത്തിലും കാർഷിക മേഖലയിൽ പ്രവർത്തിച്ചു വരുന്ന 30,000 കൃഷിക്കൂട്ടങ്ങളെ സജ്ജമാക്കി എഫ്.പി.ഒകൾ രൂപീകരിച്ച് കാർഷികോത്പന്നങ്ങളും ഉത്പാദനത്തിലും മൂല്യവർധനവിലും വിപണനത്തിലും ഇടപെടാനും മൂന്ന് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു. ഫാം പ്ലാൻ അധിഷ്ഠിത വികസനം, പ്രകൃതി ദുരന്ത ആഘാതങ്ങളെ പ്രതിരോധിക്കാൻ കേര പദ്ധതി, മൂല്യവർധനയ്ക്കായി മൂല്യവർധിത കാർഷിക മിഷൻ, കർഷകരുമായി വാണിജ്യ ബന്ധം സ്ഥാപിക്കാനും കാർഷിക ബിസിനസാക്കി വളർത്താനുമായി രൂപീകരിച്ച കാബ്കോ കമ്പനി തുടങ്ങി സാങ്കേതികമായി വളർച്ചയുടെ പാതയിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്.

കേരളത്തിലുടനീളം 100 ഹെക്ടർ വീതമുള്ള 50 കേരഗ്രാമങ്ങളാണ് യാഥാർത്ഥ്യമാകാൻ പോകുന്നത്. നെൽകൃഷിയുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കാൻ ഡ്രോൺ സേവനം, കർഷകരുടെ കാർഷിക പ്രശ്നങ്ങൾ തീർപ്പ് കൽപ്പിക്കാൻ മന്ത്രി നേരിട്ട് കൃഷിയിടങ്ങളിലിറങ്ങുന്ന കൃഷിദർശൻ കാർഷിക വിലയിരുത്തൽ യജ്ഞം, കർഷകർക്ക് ലൈസൻസ്, വായ്പ, സബ്സിഡി ലഭ്യമാക്കൽ തുടങ്ങിയ സേവനങ്ങളുമായി വൈഗ റിസോഴ്സ് സെന്റർ, തൊഴിലാളി ക്ഷാമം പരിഹരിക്കാനായി കൃഷിശ്രീ സെന്ററുകൾ, കൃഷി ഭവനുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ സോഷ്യൽ ഓഡിറ്റ്, കേരളാഗ്രോ എന്ന ബ്രാൻഡിൽ റീട്ടെയിൽ ഔട്ട്ലറ്റുകളിലൂടെ കാർഷിക ഉത്പന്നങ്ങളുടെ വിപണനം, 3500 ഹെക്ടറിൽ മില്ലെറ്റ് കൃഷി, മില്ലെറ്റ് കഫേ തുടങ്ങിയ വിവിധ പദ്ധതികൾ.

വന്യജീവി ആക്രമണം കുറയ്ക്കാൻ രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി, കൃഷിഭവനുകളെ സ്മാർട്ട് കൃഷി ഭവനുകളാക്കി മാറ്റുന്ന പദ്ധതി, കാർബൺ ന്യൂട്രൽ ഫാമിംഗ് എന്നിങ്ങനെ നവീന പദ്ധതികളും കാർഷിക സർവകലാശാല നടത്തുന്ന സാങ്കേതിക വൈദഗ്ധ്യ പരിപാടികളും കാർഷിക മേഖലയെ വികസനത്തിലേക്ക് നയിക്കുന്നതാണ്. ഇതിനെ കൂടാതെ കൃഷിയിലും കർഷക ജീവിതത്തിലും പിന്തുടരാൻ സാധിക്കുന്ന നവീന ആശയങ്ങൾക്കും അഭിപ്രായങ്ങൾക്കും ലഭിക്കുന്ന തുറന്ന വേദിയായി മാറുകയാണ് നവകേരളക്കാഴ്ചപ്പാടുകൾ....

#kerala #mukhamukham #agriculturesector #keralagovernment
മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹത്തിലെ വിവിധ വിഭാഗക്കാരുമായി സംവദിക്കുന്ന നവകേരളക്കാഴ്ചപ്പാടുകൾ മുഖാമുഖത്തിൽ ഞായറാഴ്ച (മാർച്ച് 3ന്) റസിഡന്റ്‌സ് അസോസിയേഷൻ പ്രതിനിധികളുമായി ആശയവിനിമയ നടത്തും.

സമാപനസംവാദം രാവിലെ 9.30ന് എറണാകുളം കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് നടക്കുന്നത്.

#kerala #mukhamukham #keralagovernment
മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹത്തിലെ വിവിധമേഖലകളിലുള്ള വിഭാഗക്കാരുമായി സംവദിക്കുന്ന നവകേരളക്കാഴ്ചപ്പാടുകൾ മുഖാമുഖത്തിൽ റസിഡന്റ്‌സ് അസോസിയേഷൻ പ്രതിനിധികളാണ് ഇന്ന് (മാർച്ച് 3) പങ്കെടുക്കുന്നത്. എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 9.30നാണ് സംവാദം.

സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമായി 2000 പേർ പരിപാടിയുടെ ഭാഗമാകും.

റസിഡന്റ്‌സ് അസോസിയേഷനുകളുടെ സഹകരണത്തോടെയാണ് സർക്കാർ മിക്ക സാമൂഹ്യപരിപാടികളും നടപ്പിലാക്കുന്നത്. മയക്കുമരുന്നിനും ലഹരിക്കും എതിരായ ബോധവത്ക്കരണ പരിപാടികൾ, ആരോഗ്യ പരിപാടികൾ, വയോജന സുരക്ഷാ പദ്ധതി, പരിസരമലിനീകരണത്തിനെതിരെയുള്ള പ്രവർത്തനങ്ങളൊക്കെ റസിഡന്റ്‌സ് അസോസിയേഷനുകളുടെ നേതൃത്വത്തിലാണ് നടപ്പാക്കുന്നത്.

അഴുക്കുചാലുകൾ വൃത്തിയാക്കുക, റോഡ് പണികൾ, മരങ്ങളുടെ പരിപാലനം തുടങ്ങി പാർക്കുകളുടെ പ്രവർത്തനം, പാർക്കിംഗ്, വൈദ്യുതി, വെള്ളം, ജലസംഭരണം എന്നിങ്ങനെ സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വിവിധങ്ങളായ വിഷയങ്ങളിൽ റസിഡന്റ്‌സ് അസോസിയേഷനുകൾ നടപ്പാക്കേണ്ട നവീന പ്രവർത്തനങ്ങളെ കുറിച്ചും, പ്രതിസന്ധികളെ കുറിച്ചും, മികച്ച രീതിയിലുള്ള പദ്ധതിയാസൂത്രണങ്ങൾക്ക് സഹായമാകുന്ന ആശയങ്ങളും മുഖാമുഖം വേദിയിലെ ചർച്ചയിലൂടെ മുന്നിലേക്കെത്തുമെന്നാണ് പ്രതീക്ഷ...

#kerala #mukhamukham #keralagovernment