Kerala Government
231 subscribers
176 photos
35 videos
450 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന
നവകേരളക്കാഴ്ചപ്പാടുകൾ മുഖാമുഖ ചർച്ചയിൽ തൊഴിൽ മേഖലയിലെ പ്രതിനിധികൾ പങ്കെടുക്കുന്നു. 29ന് കൊല്ലം യൂനുസ് കൺവെൻഷൻ സെന്ററിലെ വേദിയിൽ രാവിലെ 9.30ന് തുടങ്ങുന്ന പരിപാടിയിൽ 2000 പ്രതിനിധികൾ പങ്കെടുക്കും.

വിവിധ തൊഴിൽ മേഖലകളിൽ നിന്നുള്ളവർ അവരവരുടെ തൊഴിൽപരവും ജീവിതവുമായി ബന്ധപ്പെട്ടതുമായ പ്രശ്നങ്ങളാണ് മുഖ്യമന്ത്രിക്ക് മുന്നിലെത്തിക്കുക. തൊഴിലാളി ശ്രേഷ്ഠ അവാർഡ് ജേതാക്കളായ തിരഞ്ഞെടുക്കപ്പെട്ടവർ വേദിപങ്കിടും. വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരും മുഖാമുഖത്തിന്റെ ഭാഗമാകും.

രാജ്യത്തിന് അഭിമാനമായി മാറുകയാണ് സംസ്ഥാനത്തിന്റെ തൊഴിൽ മേഖല. ഏറ്റവും കൂടിയ മിനിമം കൂലിയും ക്ഷേമപ്രവർത്തനങ്ങളും ഉൾപ്പെടെ തൊഴിലാളികൾക്ക് സുഖകരമായ ജീവിതം തുറന്നിടുന്ന പ്രവർത്തനങ്ങളാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്‌നങ്ങൾ പങ്കുവെയ്ക്കാൻ സഹജ കോൾ സെന്റർ പ്രവർത്തിക്കുന്നു. പരാതിക്കാരിക്ക് ആവശ്യമായ മാർഗനിർദ്ദേശം നൽകുകയും തുടർനടപടികൾ ഉറപ്പാക്കാനും ഈ കോൾസെന്റർ സൗകര്യമൊരുക്കുന്നു.

അതിഥി തൊഴിലാളികൾക്ക് ജോലി ചെയ്യാൻ ഏറ്റവും സുരക്ഷിത ഇടമാണ് കേരളം. ആവാസ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി, ശ്രമിക് ബന്ധു ഫെസിലിറ്റേഷൻ സെന്ററുകൾ, സുരക്ഷിത പാർപ്പിടങ്ങൾ കണ്ടെത്താൻ ആലയ, അതിഥി പോർട്ടൽ, തൊഴിൽ സേവ ആപ്പ് തുടങ്ങി അതിഥി തൊഴിലാളികൾക്കായി നിരവധി പദ്ധതികൾ.

സംസ്ഥാനത്താണ് തൊഴിലാളി മികവിന് രാജ്യത്ത് ആദ്യമായി പുരസ്‌കാരം ഏർപ്പെടുത്തിയത്. 18 തൊഴിൽ മേഖലകളിലെ മികവിന് ശ്രേഷ്ഠ പുരസ്‌കാരം, മികച്ച തൊഴിലിടങ്ങൾക്ക് മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡ് എന്നീ അംഗീകാരങ്ങളാണ് നൽകുന്നത്. ഗ്രാമീണ തൊഴിലാളികളുടെ പ്രതിദിന വേതനത്തിൽ കേരളം ഒന്നാമതാണ്. ദേശീയ ശരാശരിയെക്കാൾ ഇരട്ടിയിലധികം കൂലിയാണ് കാർഷിക-കാർഷികേതര-നിർമ്മാണ മേഖലയിൽ ഇവിടുത്തെ തൊഴിലാളികൾക്ക് ലഭിക്കുന്നത്.

പുരുഷന്മാർക്ക് 55 കിലോ, സ്ത്രീകൾക്കും കൗമാരക്കാർക്കും 35 കിലോ എന്നിങ്ങനെ സംസ്ഥാനത്ത് ചുമട് ഭാരം കുറച്ചു. തോട്ടം തൊഴിലാളികൾക്ക് പെൻഷൻ പ്രായം 60 ആക്കി ഉയർത്തി, പ്രത്യേക ഭവന പദ്ധതികൾ, ചികിത്സാ സഹായം, വിദ്യാഭ്യാസ ആനുകൂല്യം, വിവാഹ ധനസഹായം, അപകടാനുകൂല്യം തുടങ്ങി അർഹതപ്പെട്ട ആനുകൂല്യങ്ങൾ തൊഴിലാളികൾക്ക് ലഭ്യമാക്കുകയും പെൻഷനുകളും ക്ഷേമപെൻഷനുകളുമടക്കം ആശ്വാസകരമായ ഒട്ടേറെ നടപടികളാണ് വകുപ്പ് നടപ്പാക്കുന്നത്.

ദേശീയ-അന്തർദേശീയ പ്രതിനിധികളെയും വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാരെയും ഉൾപ്പെടുത്തി നടത്തിയ അന്താരാഷ്ട്ര ലേബർ കോൺക്ലേവ് വലിയ ചർച്ചയ്ക്കാണ് വഴി തുറന്നത്. ഓൺലൈൻ പ്രവർത്തനവുമായി ക്ഷേമനിധി ബോർഡുകൾ സാങ്കേതിക വികസനത്തിന്റെ ട്രാക്കിലായി കഴിഞ്ഞു. ഒഡെപെക് വഴി വിദേശരാജ്യങ്ങളിലേക്ക് 3409 പേരാണ് റിക്രൂട്ട് ചെയ്യപ്പെട്ടത്. ഉന്നതി സ്‌കോളർഷിപ്പ് വഴി 25 ലക്ഷം രൂപവരെ 310 പട്ടിക ജാതി-വർഗ വിദ്യാർഥികൾ സ്വന്തമാക്കി. പഠനത്തോടൊപ്പം തൊഴിൽ ചെയ്യാനും നൈപുണ്യ വികസനത്തിനും അവസരമൊരുക്കി കർമചാരി പദ്ധതി നിലവിലുണ്ട്.

എംപ്ലോയ്‌മെന്റ് വകുപ്പ്, ലേബർ കമ്മീഷണറേറ്റ് അടക്കം തൊഴിൽ വകുപ്പുകൾ ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നതും, വേതന സുരക്ഷാ പദ്ധതിയും പരാതി പരിഹാര സംവിധാനമായ കംപ്ലെയ്ന്റ് മാനേജ്‌മെന്റ് മൊഡ്യൂൾ അടക്കം ആധുനിക സാങ്കേതിക വികാസം വകുപ്പിനെ അടിമുടി മാറ്റങ്ങൾക്ക് വിധേയമാക്കുന്നു. ലഹരിക്കെതിരെ തൊഴിൽമേഖലയിൽ കവച് പോലുള്ള വ്യാപക ബോധവത്ക്കരണ ക്യാംപെയിനും ലഹരി വ്യാപനം തടയാൻ കർശന നടപടികളുമാണ് വകുപ്പ് സ്വീകരിച്ചിട്ടുള്ളത്.

കഴിഞ്ഞ രണ്ടര വർഷത്തിനിടെ 5544 സ്ഥിരം നിയമനങ്ങൾ അടക്കം 27404 പേർക്ക് നിയമനം ലഭിച്ചു. ശരണ്യ, നവജീവൻ, കെസ്‌റു, കൈവല്യ തുടങ്ങിയ സ്വയംതൊഴിൽ പദ്ധതികളും കരിയർ ഡെവലപ്‌മെന്റ് സെന്ററുകളും സംസ്ഥാനത്ത് പ്രവർത്തിക്കുന്നു. ജിയോ സ്‌പെഷ്യൽ സാങ്കേതിക വിദ്യയിൽ ജാഗ്രതാ സന്ദേശം കൈമാറുന്ന റിമോട്ട് സെൻസിംഗ് എനേബിൾഡ് ഓൺലൈൻ കെമിക്കൽ എമർജൻസി റെസ്‌പോൺസ് സിസ്റ്റം ഫാക്ടറി തൊഴിൽ മേഖലയിൽ വലിയ ആശ്വാസമാണ്.

സ്‌കിൽ മത്സരത്തിൽ ദേശീയ പുരസ്‌കാരങ്ങൾക്ക് സംസ്ഥാനം അർഹമായി. മെഡിക്കൽ ഇൻഷുറൻസ് സർവീസുകൾ, തൊഴിൽ നിയമങ്ങൾ രൂപീകരിക്കുന്നതിന് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ്, വർക്ക്‌ഷോപ്പുകളും കോഴ്‌സുകളും നൽകാൻ കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസ് എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ.

തൊഴിൽ മേഖലയിൽ നവീന മാറ്റങ്ങളിലൂടെ തൊഴിലാളി ജീവിതം കൈപിടിച്ചുയർത്താൻ സഹായമേകുന്ന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും മുഖാമുഖം വേദിയിൽ ഉയർന്നു കേൾക്കാം..

#kerala #mukhamukham #keralagovernment #labourwelfare