Kerala Government
231 subscribers
176 photos
35 videos
450 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
എസ്‌.സി., എസ്‌.ടി. സംരംഭകർക്ക് വഴികാട്ടാൻ ആരംഭിച്ച 'സ്റ്റാർട്ടപ്പ് സിറ്റി' പദ്ധതിയിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യാം.

പട്ടികജാതി-പട്ടികവർഗ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് സ്റ്റാർട്ടപ്പ് മിഷനും (കെ.എസ്‌.യു.എം) ഉന്നതിയും സംയുക്തമായി ആരംഭിച്ച പദ്ധതിയാണ് സ്റ്റാർട്ടപ്പ് സിറ്റി. എസ്‌.സി, എസ്‌.ടി വിഭാഗത്തിന്‍റെ ഉപജീവനം മെച്ചപ്പെടുത്തുന്നതിനായി സ്റ്റാര്‍ട്ടപ്പുകളെയും ബിസിനസുകളെയും പിന്തുണയ്ക്കുന്ന പ്രവര്‍ത്തനങ്ങളും പദ്ധതികളും ആവിഷ്കരിക്കുക, മികച്ച സംരംഭകരെ കണ്ടെത്തുക, സാങ്കേതിക സേവനങ്ങള്‍ പ്രയോജനപ്പെടുത്തി സംരംഭങ്ങള്‍ മെച്ചപ്പെടുത്തുക, സംരംഭങ്ങൾ ആരംഭിക്കുന്നതിനോ വിപുലീകരിക്കുന്നതിനോ താത്പര്യമുള്ള സംരംഭകർക്ക് സഹായം ഉറപ്പ് വരുത്തുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്‌ഷ്യം. സംരംഭകർക്ക് ആവശ്യമായ സാമ്പത്തിക സഹായം, വിദഗ്ദോപദേശം, പരിശീലനം തുടങ്ങിയവ പദ്ധതിയിലൂടെ ഉറപ്പാക്കും.

സ്റ്റാർട്ട് അപ്പ് സിറ്റിയുടെ ഭാഗമായി ഏതെങ്കിലും മേഖലയിൽ സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് bit.ly/ksumstartupcity -ൽ രജിസ്റ്റർ ചെയ്യാം.

മികച്ച തൊഴില്‍ ഇടങ്ങള്‍, അതിവേഗ ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റി, ഉത്പ്പാദനക്ഷമമായ തൊഴില്‍ അന്തരീക്ഷത്തിനായുള്ള സൗകര്യങ്ങള്‍ തുടങ്ങിയവ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പ് സിറ്റി സഹായകരമാകും.

മികച്ച പ്രവര്‍ത്തനം, ഏകീകൃത ബ്രാന്‍ഡിംഗ്, വിപണനം, വില്‍പ്പന എന്നിവക്കായി സംരംഭകരുടെയും സഹകരണ സംഘങ്ങളുടെയും ഏകീകരണം, സഹകരണം, സംയോജനം എന്നിവയ്ക്ക് സ്റ്റാർട്ടപ്പ് സിറ്റി പ്രയോജനപ്പെടുത്താം. ബിസിനസിന്‍റെ കാര്യക്ഷമതയും വ്യാപ്തിയും വര്‍ധിപ്പിക്കാനും സാധിക്കും.

നൈപുണ്യ-സംരംഭകത്വ വികസന പരിപാടികള്‍, നേതൃത്വ ശില്‍പശാലകള്‍, മെന്‍റര്‍ഷിപ്പ്, നിക്ഷേപക സംഗമങ്ങള്‍ തുടങ്ങിയ പരിപാടികള്‍ പദ്ധതിയുടെ ഭാഗമായി നടത്തും.

കൂടുതൽ വിവരങ്ങൾക്ക്: 0471 251 8274
office@unnathikerala.org
info@unnathikerala.org
unnathikerala.org
https://unnathikerala.org/enterprenuership

#kerala #unnathi #startupcity #SCSTDevelopment
മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ വിഭാഗങ്ങളുമായി നടത്തുന്ന നവകേരള കാഴ്ച്ചപ്പാടുകള്‍ മുഖാമുഖം പരിപാടിയുടെ ഭാഗമായി 24-ന് കണ്ണൂർ ദിനേശ് ആഡിറ്റോറിയത്തിൽ ആദിവാസി-ദളിത് വിഭാഗത്തിലെ പ്രതിനിധികളുമായാണ് സംവദിക്കുന്നത്.

2026നുള്ളില്‍ എല്ലാ ഭൂരഹിത-ഭവനരഹിത പട്ടികവിഭാഗക്കാര്‍ക്കും ഭൂമിയും വീടും നല്‍കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. പൂര്‍ണമായും രജിസ്‌ട്രേഷന്‍ ഫീസൊഴിവാക്കി ഏഴര വര്‍ഷത്തിനിടെ 28,010 പട്ടികജാതി കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി. ലൈഫ് മിഷന്‍ മുഖേന ഭവന നിര്‍മ്മാണവും, പണിപൂര്‍ത്തിയാകാത്ത വീടുകള്‍ സുരക്ഷിതമാക്കാന്‍ 2.5 ലക്ഷം രൂപ അനുവദിക്കുന്ന സേഫ് പദ്ധതിയും നിലവിലുണ്ട്. ജനനസര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ രേഖ, ബാങ്ക് പാസ്ബുക്ക് തുടങ്ങിയ രേഖകള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനായി അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫ്‌ളോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. പട്ടികജാതി-പട്ടികവര്‍ഗ്ഗ മേഖലയിലുള്ള ജനങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കാനും സ്വയംപര്യാപ്തരാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നു.

പിന്നാക്ക മേഖലയിലെ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്താനും സാങ്കേതിക വിദ്യാഭ്യാസം സാധ്യമാക്കാനും നിരവധി നവീനമായ പദ്ധതികളും സംസ്ഥാനത്ത് തയാറാക്കിയിട്ടുണ്ട്. 8 മുതല്‍ 12 വരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്ക് സ്വന്തമായി പഠന മുറി, പട്ടികവര്‍ഗ വിഭാഗത്തിന് 364 സാമൂഹ്യപഠന മുറികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. യുവജനങ്ങളെ ഒരെ സമയം തൊഴില്‍സംരംഭകരും തൊഴില്‍ദാതാക്കളുമാക്കാന്‍ കേരള എംപവര്‍മെന്റ് സൊസൈറ്റിയുടെ കീഴില്‍ സ്റ്റാര്‍ട്ടപ്പുകള്‍, നവസംരംഭങ്ങള്‍, നിര്‍മ്മാണ സേവന പദ്ധതികള്‍ തുടങ്ങിയവ ആരംഭിച്ചിട്ടുണ്ട്. ഉന്നതി സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംരംഭപ്രോത്സാഹന പദ്ധതി വഴി നിക്ഷേപ സംഗമങ്ങളും ഇന്‍കുബേഷന്‍ സൗകര്യവും പട്ടികവിഭാഗം സംരംഭകര്‍ക്ക് ലഭിക്കും.

നിയമ ബിരുദധാരികളായ പട്ടികജാതി-പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് അഡ്വക്കേറ്റ് ജനറല്‍, ഗവ.പ്ലീഡര്‍, സീനിയര്‍ അഭിഭാഷകര്‍, ലീഗല്‍ സര്‍വീസ് സൊസൈറ്റി തുടങ്ങിയടങ്ങളില്‍ പരിശീലനമൊരുക്കുന്നു. ചരിത്രത്തിലാധ്യമായി 500 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് നിയമനം നല്‍കി. സിവില്‍ എഞ്ചിനീയറിംഗ്/ഡിപ്ലോമ പാസായ 500 പട്ടിക വിഭാഗക്കാര്‍ക്ക് അക്രഡിറ്റഡ് എഞ്ചിനീയര്‍മാരായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിയമനം നല്‍കി. 597 പട്ടികവര്‍ഗ-പിന്നാക്കവിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശസര്‍വകലാശാലകളില്‍ സ്‌കോളര്‍ഷിപ്പോടെ പഠനാവസരം ഒരുക്കി.

സര്‍ക്കാര്‍ ഓണറേറിയത്തോടെ യുവജനങ്ങള്‍ക്ക് പരിശീലനം നല്‍കുന്ന ട്രേസ് പദ്ധതി വഴി ആയിരത്തിലേറെ പേര്‍ക്കാണ് തൊഴില്‍ ലഭിച്ചത്. ഫ്രീ ഷിപ്പ് കാര്‍ഡുകള്‍, വിംഗ്‌സ് പദ്ധതി, കെടാവിളക്ക് സ്‌കോളര്‍ഷിപ്പ് തുടങ്ങി വിദ്യാര്‍ത്ഥികളെ സിവില്‍ സര്‍വീസ് അടക്കം ഉന്നതപഠനത്തിന് സഹായിക്കുന്ന വിവിധങ്ങളായ പദ്ധതികളാണ് വകുപ്പ് നടപ്പാക്കിയിട്ടുള്ളത്. പട്ടികജാതി വികസന വകുപ്പില്‍ പ്രവര്‍ത്തിക്കുന്ന 11 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളും(എംആര്‍എസുകളും) പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ 22 എംആര്‍എസുകളും പ്രവര്‍ത്തിക്കുന്നു. ഊരുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ സ്‌കൂളുകളിലെത്തിക്കാന്‍ വിദ്യാവാഹിനി വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. മാതാപിതാക്കള്‍ നഷ്ടപ്പെട്ട പട്ടികവര്‍ഗ കുട്ടികള്‍ക്ക് ധനസഹായം നല്‍കുന്ന കൈത്താങ്ങ് പദ്ധതിയും ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി കാറ്റാടി പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതുവഴി ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി തദ്ദേശീയവാസികളുടെ ആരോഗ്യ, വിദ്യാഭ്യാസ കാര്യങ്ങള്‍ പരമാവധി മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.

പട്ടികജാതി പട്ടികവര്‍ഗ മേഖലയില്‍ ഒരു മെഡിക്കല്‍ കോളേജ് പാലക്കാട് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. എല്ലാ ഊരിലും വൈദ്യുതിയും ഇന്റര്‍നെറ്റും ഉറപ്പാക്കിയും അംബേദ്കര്‍ സ്വയംപര്യാപ്ത ഗ്രാമ പ്രവര്‍ത്തികളും മികച്ച രീതിയില്‍ നടക്കുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ പട്ടികവര്‍ഗ്ഗ മേഖലകളില്‍ 100 അധിക തൊഴില്‍ ദിനങ്ങള്‍ കൂടി അനുവദിച്ചിരുന്നു. ആദിവാസി ജനതയുടെ ചരിത്രവും പട്ടികവര്‍ഗ്ഗ മേഖലകളില്‍ കൂടുതല്‍ തൊഴിലും വരുമാനവും സാധ്യമാക്കുന്നതിനും പട്ടികവര്‍ഗ സ്വാതന്ത്ര്യസമര സേനാനി മ്യൂസിയം വയനാട് വൈത്തിരിയില്‍ ഒരുങ്ങുന്നു. ആറളം ഫാമിലെ ആന പ്രതിരോധ മതില്‍ വഴി മേഖലയിലെ കൃഷിയും മനുഷ്യജീവനും സംരക്ഷിക്കപ്പെടും. ആദിവാസി വിഭാഗങ്ങള്‍ക്ക് മികച്ച വരുമാനമൊരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'എന്‍ ഊര്' വയനാട് ജില്ലയിലെ ഏറ്റവും പ്രധാന വിനോദ സഞ്ചാരകേന്ദ്രമായി മാറിക്കഴിഞ്ഞു.

സാങ്കേതികമായും സാമ്പത്തികമായും വികസിതമായും സുരക്ഷിതമായ നിലയിലേക്ക് പിന്നാക്ക ജനതയെ കൈപിടിച്ചുയര്‍ത്താന്‍ ഇനിയും നവചിന്തകളുയരണം, നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കണം അതിലേക്കായി മുഖാമുഖം വേദിയിലേക്ക് നമുക്ക് കാതോര്‍ക്കാം...


#kerala #mukhamukham #keralagovernment #unnathi