Kerala Government
218 subscribers
126 photos
29 videos
446 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
പ്രായഭേദമില്ലാതെ ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന കായിക, ഫിറ്റ്നസ് കേന്ദ്രം ഒരുക്കുന്നതിന്റെ ഭാഗമായി ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിക്ക് തുടക്കമായി. കായികമേഖലയുടെ ജനകീയവല്‍ക്കരണം ലക്ഷ്യമിട്ടുള്ളതാണ് ഈ സ്വപ്നപദ്ധതി. കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും നിലവാരമുള്ള കളിക്കളം ഒരുക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാടാണ് തുടക്കം.

സംസ്ഥാനത്ത് ഏകദേശം 450 ഓളം തദ്ദേശസ്ഥാപനങ്ങളില്‍ സമ്പൂര്‍ണ്ണമായ കളിക്കളം ഇല്ലെന്നാണ് കണക്ക്. 3 വര്‍ഷത്തിനകം ഈ പഞ്ചായത്തുകളിലെല്ലാം കളിക്കളം ഒരുക്കും. ആദ്യ ഘട്ടത്തില്‍ 113 പഞ്ചായത്തുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. നിലവില്‍ നിശ്ചയിച്ച സൗകര്യങ്ങള്‍ പ്രകാരം ഒരു കളിക്കളത്തിന് ഒരു കോടി രൂപ വേണം. ഇതില്‍ 50 ലക്ഷം കായികവകുപ്പ് മുടക്കും. എംഎല്‍എ ഫണ്ട്, തദ്ദേശ സ്ഥാപന ഫണ്ട്, സിഎസ്ആര്‍, പൊതു- സ്വകാര്യ പങ്കാളിത്തം തുടങ്ങിയവയിലൂടെ ബാക്കി തുകയും കണ്ടെത്തും.

ഏതു കായികയിനത്തിനുള്ള സൗകര്യമാണ് ഒരു പഞ്ചായത്തില്‍ ആവശ്യമെന്ന് കണ്ടെത്തി അതാണ് പ്രധാനമായും തയ്യാറാക്കുക. ഫുട്ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ്ബോള്‍ തുടങ്ങിയ കോര്‍ട്ടുകളാകാം. ഇതിനൊപ്പം നടപ്പാത, ഓപ്പണ്‍ ജിം, ടോയ്ലറ്റ്, ലൈറ്റിങ്ങ് തുടങ്ങിയ സംവിധാനങ്ങളും ഉണ്ടാകും. പ്രാദേശികതല ഒത്തുചേരലും സാമൂഹിക ഇടപെടലും മെച്ചപ്പെടുത്താന്‍ സഹായകമായ കേന്ദ്രം കൂടിയാകും. സ്‌കൂള്‍ ഗ്രൗണ്ട്, പഞ്ചായത്ത് മൈതാനം, പൊതുഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും പദ്ധതി നടപ്പാക്കുന്നത്. ഒരേക്കറെങ്കിലും സ്ഥലം ഉണ്ടെങ്കിലാണ് നിശ്ചയിച്ച രീതിയില്‍ കളിക്കളം ഒരുക്കാന്‍ കഴിയുക. എന്നാല്‍, കേരളത്തിലെ സാഹചര്യം പരിഗണിച്ച് സ്ഥല പരിമിതിയുള്ള പഞ്ചായത്തുകളില്‍ അതിനനുസരിച്ച കളിക്കളവും മറ്റു സൗകര്യങ്ങളും ഒരുക്കും. കായികവകുപ്പിന് കീഴിലെ സ്പോട്സ് കേരള ഫൗണ്ടേഷന് (എസ്‌കെഎഫ്) ആണ് നിര്‍മ്മാണ ചുമതല.

കളിക്കളം പൂര്‍ത്തിയാകുന്ന മുറയ്ക്ക് സ്ഥല ഉടമയ്ക്ക് കൈമാറും. തുടര്‍ന്നുള്ള നടത്തിപ്പിനും അറ്റകുറ്റപ്പണിയ്ക്കും പ്രാദേശികതലത്തില്‍ മാനേജിങ്ങ് കമ്മിറ്റിയെ തെരഞ്ഞെടുക്കും.

സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള സാഹചര്യം കായികവകുപ്പ് മുന്‍കൈയെടുത്ത് സജ്ജമാക്കുകയാണ്. കായികക്ഷമതാ മിഷന്‍, തദ്ദേശ സ്ഥാപനതല സ്പോട്സ് കൗണ്‍സില്‍, 5 ലക്ഷം കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്‍കുന്ന ഗോള്‍ പദ്ധതി, വിവിധ ജില്ലകളിലായി 15 ഫിറ്റ്നസ് സെന്ററുകള്‍ എന്നിവയെല്ലാം ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. ഈ രംഗത്തെ സുപ്രധാന ചുവടാണ് ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതി.

#kerala #sportskerala #karuthodemunnott
ഒരു നാടിന്റെ കായിക വളർച്ച ഗ്രാമീണമേഖലയെ കൂടി ബന്ധിപ്പിച്ചു കൊണ്ടാകണം എന്ന ലക്ഷ്യത്തിൽ സാങ്കേതികമായും ആശയപരമായും ഏറെ നവീനമായ പദ്ധതികളും പരിപാടികളുമായി മുന്നോട്ട് നീങ്ങുകയാണ് സംസ്ഥാന കായിക വകുപ്പ്. കായിക നേട്ടങ്ങൾക്ക് പുറമെ ഈ മേഖലയിലെ സാമ്പത്തിക വളർച്ച കൂടി സർക്കാർ ലക്ഷ്യം വെയ്ക്കുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് കായികനയം സംസ്ഥാനം അവതരിപ്പിച്ചത്.

സ്‌കൂൾതലം മുതലുള്ള കായികവികസനം, വിദഗ്ധപരിശീലനവും ശാസ്ത്രീയ മാർഗങ്ങളും അവലംബിച്ച് ഉന്നതനിലവാരമുള്ള കായികതാരങ്ങളെ വളർത്തുക ലക്ഷ്യമാക്കിയാണ് കായിക നയം രൂപീകരിച്ചിട്ടുള്ളത്.

1600 കോടിരൂപയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതികളാണ് കായികമേഖലയിൽ നടപ്പാക്കി വരുന്നത്. കായിക സമുച്ചയങ്ങൾ, കളിക്കളങ്ങൾ, അന്താരാഷ്ട്ര യോഗ പഠനകേന്ദ്രം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ. സംസ്ഥാനത്ത് ആദ്യമായി കോർപ്പറേഷൻ, മുൻസിപ്പാലിറ്റി, പഞ്ചായത്തുതല സ്‌പോർട്‌സ് കൗൺസിലുകൾ രൂപീകരിച്ചു. അഞ്ച് ലക്ഷം കുട്ടികൾക്ക് ഫുട്‌ബോൾ പരിശീലനം നൽകുന്ന ഗോൾ പദ്ധതി, അത്‌ലറ്റിക്‌സ് പരിശീലനം നൽകുന്ന സ്പ്രിന്റ് പദ്ധതി, സ്‌പോർട്‌സ് അക്കാദമികൾ, നെതർലൻഡ്‌സിലെ ബോവ്‌ലാൻഡർ ഫൗണ്ടേഷനുമായി ചേർന്ന് ഫുട്‌ബോൾ, ഹോക്കി പരിശീലന പദ്ധതി എന്നിവ ആരംഭിച്ചു.

കായികതാരങ്ങൾക്ക്
ശാസ്ത്രീയ പിന്തുടണയും തീവ്രപരിശീലനവും നൽകുന്നതിനു പുറെമ തദ്ദേശ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, ജന പ്രതിനിധികൾ എന്നിവരെയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് അടിസ്ഥാന സൗകര്യങ്ങൾ നൽകുക എന്നതും സർക്കാരിന്റെ പ്രധാന ലക്ഷ്യമാണ്.
--
സാഭിമാനം, നവകേരളം!

#kerala #SabhimanamNavakeralam #sportskerala #keralagovernment #navakeralam