Kerala Government
217 subscribers
143 photos
32 videos
448 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
കരുത്തോടെ മുന്നോട്ട്
----

അർഹർക്കെല്ലാം പട്ടയം നൽകാൻ 'പട്ടയ മിഷൻ'
------

* ഈ സർക്കാർ നൽകിയത് 54535 പട്ടയം
* 2016 മുതൽ നൽകിയത് 231546 പട്ടയം
* 40,000 പട്ടയങ്ങൾ വിതരണത്തിന് സജ്ജം
-----
സംസ്ഥാനത്ത് സ്വന്തമായി ഭൂമി എല്ലാവര്‍ക്കും ഉണ്ടാകുക, ഭൂമിക്ക് രേഖകള്‍ ഉണ്ടാകുക എന്നത് സര്‍ക്കാരിന്റെ നയവും ലക്ഷ്യമാണ്. ഇതിന്റെ നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് റവന്യൂ വകുപ്പ് പട്ടയ മിഷന്‍ നടപ്പാക്കി വരികയാണ്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 40000 പട്ടയങ്ങള്‍ കൂടി വിതരണത്തിന് സജ്ജമായി. 2016 മുതല്‍ ഇതുവരെ 231546 പേര്‍ക്ക് പട്ടയം നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 1,77,011 പട്ടയങ്ങളാണ് പാവപ്പെട്ട ജനങ്ങള്‍ക്ക് നല്‍കിയത്. ഈ സര്‍ക്കാരിന്റെ കാലത്ത് 54,535 പട്ടയം വിതരണം ചെയ്തു.

ഈ സര്‍ക്കാര്‍ തൃശ്ശൂര്‍ ജില്ലയിലാണ് ഏറ്റവും അധികം പട്ടയം നൽകിയത്: 11356 എണ്ണം. മലപ്പുറം 10736, പാലക്കാട് 7606, കോഴിക്കോട് 6738, കണ്ണൂര്‍ 4221, ഇടുക്കി 3671, എറണാകുളം 2977, കാസര്‍ഗോഡ് 1946, വയനാട് 1733, കൊല്ലം 1169, തിരുവനന്തപുരം 992, ആലപ്പുഴ 635, കോട്ടയം 382, പത്തനംതിട്ട 373 എന്നിങ്ങനെയാണ് പട്ടയം വിതരണം ചെയ്തിട്ടുളളത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിതരണം ചെയ്ത 1,77,011 പട്ടയങ്ങളില്‍ 43,887 പട്ടയങ്ങള്‍ വിതരണം ചെയ്തത് തൃശ്ശൂര്‍ ജില്ലയിലാണ്. ഇടുക്കി 37815, മലപ്പുറം 29120, പാലക്കാട് 18552, കോഴിക്കോട് 10430, കണ്ണൂര്‍ 10176, കാസറഗോഡ് 8774, എറണാകുളം 6217, കൊല്ലം 3348, വയനാട് 3095, തിരുവനന്തപുരം 2426, ആലപ്പുഴ 1202, കോട്ടയം 1082, പത്തനംതിട്ട 887.

സംസ്ഥാനത്ത് ഓരോ നിയോജക മണ്ഡലാടിസ്ഥാനത്തിലും പട്ടയത്തിന് അര്‍ഹതയുളളതും എന്നാല്‍ വിവിധ കാരണങ്ങളാല്‍ പട്ടയം ലഭിക്കാത്തതുമായ എല്ലാ കൈവശക്കാരുടേയും പട്ടിക തയ്യാറാക്കി അദാലത്ത് മാതൃകയില്‍ പട്ടയം നല്‍കുന്നതിനാണ് പട്ടയ മിഷനിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ഭൂരഹിതര്‍ക്കും ഭൂമി നല്‍കുക എന്ന ലക്ഷ്യത്തോടെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കീഴില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യുന്നതിനുള്ള പദ്ധതിയും തയ്യാറാക്കി വരുന്നു. ഓരോ പ്രദേശത്തെയും പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമയബന്ധിതമായി പട്ടയം അനുവദിക്കുന്നതിന് പട്ടയം ഡാഷ് ബോര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തിയിടിട്ടുണ്ട്. പട്ടയം നല്‍കുന്നതിലെ പ്രശ്‌നങ്ങള്‍ ഈ വെബ് പോര്‍ട്ടലില്‍ രേഖപ്പെടുത്തി അവ പരിഹരിക്കുന്നതിനുളള നടപടികള്‍ വകുപ്പ് സ്വീകരിച്ചു വരുന്നുണ്ട്. ലാന്റ് റവന്യൂ കമ്മീഷണറുടെ നേതൃത്വത്തില്‍ ഇവ വിലയിരുത്തുന്നതിനായി പട്ടയ സെല്‍ രൂപീകരിച്ചിട്ടുണ്ട്.

വനഭൂമി - ആദിവാസി പട്ടയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി കൊണ്ടാണ് പട്ടയ മിഷന്‍ നടപ്പിലാക്കുന്നത്. ഇതിനായി വനഭൂമി - ആദിവാസി പട്ടയ വിതരണത്തിന് ഒരു സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിങ്ങ് പ്രോസീജ്യര്‍ തയ്യാറാക്കി നടപടികളുമായി മുന്നോട്ടു പോകുന്നു. വിവിധ പുനരധിവാസ പദ്ധതികളിലുള്‍പ്പെട്ടവര്‍ക്ക് അനുവദിച്ച വീട്/ഫ്ലാറ്റ് എന്നിവയ്ക്ക് പട്ടയം നല്‍കുന്നതിനുളള നടപടിയും പുരോഗമിക്കുന്നു.

#kerala #landforall #karuthodemunnott #landrevenue
വേനലവധിക്ക് മുൻപേ യൂണിഫോമും പുസ്തകവും വിതരണത്തിന് തയ്യാർ
--
* 9,32,898 പേർക്ക് യൂണിഫോം
* 2.81 കോടി ഒന്നാം വാല്യം പുസ്തകം
--
മധ്യവേനലവധിക്ക് സ്കൂൾ അടയ്ക്ക് മുൻപേ അടുത്ത അധ്യയന വർഷത്തേക്കുളള പാഠംപുസ്തകവും യൂണിഫോമും വിദ്യാർത്ഥികളുടെ കൈകളിലേക്ക്. സംസ്ഥാനത്തെ 4,75,242 ആൺകുട്ടികൾക്കും 4,57,656 പെൺകുട്ടികൾക്കുമായി ആകെ 9,32,898 വിദ്യാർത്ഥികൾക്ക് സൗജന്യമായി യൂണിഫോമുകൾ ലഭ്യമാക്കുന്നത്. സൗജന്യ കൈത്തറി സ്‌കൂൾ യൂണിഫോം പദ്ധതി പ്രകാരം ഒന്ന് മുതൽ ഏഴാം ക്ലാസ് വരെയുളള സർക്കാർ സ്‌കൂളുകളിലെ കുട്ടികൾക്കും, ഒന്ന് മുതൽ നാലാം ക്ലാസ് വരെയുളള എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികൾക്കുമായി രണ്ട് ജോഡി വീതം യൂണിഫോം തുണിയാണ് വിതരണം ചെയ്യുന്നത്. ഇതിനായി 42.5 ലക്ഷം മീറ്റർ തുണിയാണ് കൈത്തറി വകുപ്പ് തയ്യാറാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറുന്നത്.

തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള വടക്കൻ ജില്ലകളിൽ ഹാൻഡ് വീവും എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള തെക്കൻ ജില്ലകളിൽ ഹാൻടെക്‌സും ആണ് യൂണിഫോം വിതരണം ചെയ്യുന്നത്. നിലവിൽ 6200 നെയ്ത്തുകാരും, 1600 അനുബന്ധ തൊഴിലാളികളും ഇതുമായി ബന്ധപ്പെട്ട ജോലി ചെയ്തുവരുന്നു. കൈത്തറി വ്യവസായത്തെ നിലനിർത്തുന്നതിന് സഹായകരമായ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണ് കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന കൈത്തറി യൂണിഫോം പദ്ധതി. ഇതിനായി 469 കോടി രൂപയാണ് ചെലവഴിച്ചത്. അതിൽ 284 കോടി രൂപയും കൈത്തറി തൊഴിലാളികൾക്ക് ലഭിച്ചു.

ഒന്നു മുതൽ എട്ടുവരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ കുട്ടികൾക്ക് സൗജന്യമായാണ് നൽകിവരുന്നത്. ഏകദേശം 100 കോടിയിലധികം രൂപയാണ് പാഠപുസ്തക അച്ചടി, വിതരണം എന്നീ ഇനത്തിൽ ഓരോ വർഷവും സർക്കാർ ചെലവഴിക്കുന്നത്. സർക്കാർ/എയിഡഡ് സ്‌കൂളുകളിലെ ഏകദേശം 38 ലക്ഷം കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. നിലവിലെ കരിക്കുലമനുസരിച്ച് ഒന്നു മുതൽ പത്തുവരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ മൂന്ന് വാല്യങ്ങളായാണ് അച്ചടിക്കുന്നത്. ഇതിൽ ഒന്നാം വാല്യം 288 ടൈറ്റിലുകളും രണ്ട്, മൂന്ന് വാല്യങ്ങൾ യഥാക്രമം 183, 66 എന്നിങ്ങനെ ആകെ 537 ടൈറ്റിലുകളാണുള്ളത്. 2023-24 അദ്ധ്യയനവർഷത്തേക്ക് ആകെ 4.9 കോടി പാഠപുസ്തകങ്ങളാണ് ആവശ്യമായി വരുന്നത്. സംസ്ഥാനത്ത് പാഠപുസ്തക വിതരണത്തിനായി 14 ജില്ലാ ഹബ്ബുകളും 3313 സൊസൈറ്റികളും 13300 സ്‌കൂളുകളുമുണ്ട്. 288 റ്റൈറ്റിലുകളിലായി 2.81 കോടി ഒന്നാം വാല്യം പാഠപുസ്തകങ്ങളാണ് ഇപ്പോൾ വിതരണത്തിനായി തയ്യാറായിരിക്കുന്നത്. ലിപിമാറ്റി അച്ചടിച്ച മലയാളം മീഡിയം പാഠപുസ്തകങ്ങളാണ് ഇത്തവണ ഒന്നാം തരത്തിൽ വിതരണം നടത്തുന്നത്. ഒന്ന്, രണ്ട് ക്ലാസ്സുകളിലെ മലയാളം പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാലയും ഉൾപ്പെടുത്തിയിട്ടുണ്ട്.

സർക്കാർ/എയ്ഡഡ് സ്‌കൂളുകൾക്ക് പുറമേ തുകയൊടുക്കി ചെലാൻ ഹാജരാക്കുന്ന അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകൾക്കും ഇൻഡന്റ് അടിസ്ഥാനപ്പെടുത്തി പാഠപുസ്തകം വിതരണം നടത്തും. വിതരണം സംബന്ധിച്ച് ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനായി വകുപ്പിന് കീഴിൽ പാഠപുസ്തക വിഭാഗം ജീവനക്കാരും ജില്ലാ ഉപജില്ലാ തലങ്ങളിലെ ജീവനക്കാരും കെ.ബി.പി.എസ്സും 14 ജില്ലാ ഹബ്ബുകളിലുമായി കുടുംബശ്രീ പ്രവർത്തകരും സജ്ജമാണ്.

മധ്യവേനലവധിക്കാലത്ത് തന്നെ പാഠപുസ്തകങ്ങളും സൗജന്യ കൈത്തറി യൂണിഫോമും വിതരണം ചെയ്ത് ചരിത്രം സൃഷ്ടിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പിന് സാധിക്കുന്നു എന്നത് സർക്കാരിന്റെ വലിയ നേട്ടമാണ്.

----
കരുത്തോടെ മുന്നോട്ട്

#kerala #education #schooluniform #textbook #karuthodemunnott
പ്രായഭേദമില്ലാതെ ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന കായിക, ഫിറ്റ്നസ് കേന്ദ്രം ഒരുക്കുന്നതിന്റെ ഭാഗമായി ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിക്ക് തുടക്കമായി. കായികമേഖലയുടെ ജനകീയവല്‍ക്കരണം ലക്ഷ്യമിട്ടുള്ളതാണ് ഈ സ്വപ്നപദ്ധതി. കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും നിലവാരമുള്ള കളിക്കളം ഒരുക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാടാണ് തുടക്കം.

സംസ്ഥാനത്ത് ഏകദേശം 450 ഓളം തദ്ദേശസ്ഥാപനങ്ങളില്‍ സമ്പൂര്‍ണ്ണമായ കളിക്കളം ഇല്ലെന്നാണ് കണക്ക്. 3 വര്‍ഷത്തിനകം ഈ പഞ്ചായത്തുകളിലെല്ലാം കളിക്കളം ഒരുക്കും. ആദ്യ ഘട്ടത്തില്‍ 113 പഞ്ചായത്തുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. നിലവില്‍ നിശ്ചയിച്ച സൗകര്യങ്ങള്‍ പ്രകാരം ഒരു കളിക്കളത്തിന് ഒരു കോടി രൂപ വേണം. ഇതില്‍ 50 ലക്ഷം കായികവകുപ്പ് മുടക്കും. എംഎല്‍എ ഫണ്ട്, തദ്ദേശ സ്ഥാപന ഫണ്ട്, സിഎസ്ആര്‍, പൊതു- സ്വകാര്യ പങ്കാളിത്തം തുടങ്ങിയവയിലൂടെ ബാക്കി തുകയും കണ്ടെത്തും.

ഏതു കായികയിനത്തിനുള്ള സൗകര്യമാണ് ഒരു പഞ്ചായത്തില്‍ ആവശ്യമെന്ന് കണ്ടെത്തി അതാണ് പ്രധാനമായും തയ്യാറാക്കുക. ഫുട്ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ്ബോള്‍ തുടങ്ങിയ കോര്‍ട്ടുകളാകാം. ഇതിനൊപ്പം നടപ്പാത, ഓപ്പണ്‍ ജിം, ടോയ്ലറ്റ്, ലൈറ്റിങ്ങ് തുടങ്ങിയ സംവിധാനങ്ങളും ഉണ്ടാകും. പ്രാദേശികതല ഒത്തുചേരലും സാമൂഹിക ഇടപെടലും മെച്ചപ്പെടുത്താന്‍ സഹായകമായ കേന്ദ്രം കൂടിയാകും. സ്‌കൂള്‍ ഗ്രൗണ്ട്, പഞ്ചായത്ത് മൈതാനം, പൊതുഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും പദ്ധതി നടപ്പാക്കുന്നത്. ഒരേക്കറെങ്കിലും സ്ഥലം ഉണ്ടെങ്കിലാണ് നിശ്ചയിച്ച രീതിയില്‍ കളിക്കളം ഒരുക്കാന്‍ കഴിയുക. എന്നാല്‍, കേരളത്തിലെ സാഹചര്യം പരിഗണിച്ച് സ്ഥല പരിമിതിയുള്ള പഞ്ചായത്തുകളില്‍ അതിനനുസരിച്ച കളിക്കളവും മറ്റു സൗകര്യങ്ങളും ഒരുക്കും. കായികവകുപ്പിന് കീഴിലെ സ്പോട്സ് കേരള ഫൗണ്ടേഷന് (എസ്‌കെഎഫ്) ആണ് നിര്‍മ്മാണ ചുമതല.

കളിക്കളം പൂര്‍ത്തിയാകുന്ന മുറയ്ക്ക് സ്ഥല ഉടമയ്ക്ക് കൈമാറും. തുടര്‍ന്നുള്ള നടത്തിപ്പിനും അറ്റകുറ്റപ്പണിയ്ക്കും പ്രാദേശികതലത്തില്‍ മാനേജിങ്ങ് കമ്മിറ്റിയെ തെരഞ്ഞെടുക്കും.

സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള സാഹചര്യം കായികവകുപ്പ് മുന്‍കൈയെടുത്ത് സജ്ജമാക്കുകയാണ്. കായികക്ഷമതാ മിഷന്‍, തദ്ദേശ സ്ഥാപനതല സ്പോട്സ് കൗണ്‍സില്‍, 5 ലക്ഷം കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്‍കുന്ന ഗോള്‍ പദ്ധതി, വിവിധ ജില്ലകളിലായി 15 ഫിറ്റ്നസ് സെന്ററുകള്‍ എന്നിവയെല്ലാം ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. ഈ രംഗത്തെ സുപ്രധാന ചുവടാണ് ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതി.

#kerala #sportskerala #karuthodemunnott