Kerala Government
435 subscribers
340 photos
150 videos
907 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
വേനലവധിക്ക് മുൻപേ യൂണിഫോമും പുസ്തകവും വിതരണത്തിന് തയ്യാർ
--
* 9,32,898 പേർക്ക് യൂണിഫോം
* 2.81 കോടി ഒന്നാം വാല്യം പുസ്തകം
--
മധ്യവേനലവധിക്ക് സ്കൂൾ അടയ്ക്ക് മുൻപേ അടുത്ത അധ്യയന വർഷത്തേക്കുളള പാഠംപുസ്തകവും യൂണിഫോമും വിദ്യാർത്ഥികളുടെ കൈകളിലേക്ക്. സംസ്ഥാനത്തെ 4,75,242 ആൺകുട്ടികൾക്കും 4,57,656 പെൺകുട്ടികൾക്കുമായി ആകെ 9,32,898 വിദ്യാർത്ഥികൾക്ക് സൗജന്യമായി യൂണിഫോമുകൾ ലഭ്യമാക്കുന്നത്. സൗജന്യ കൈത്തറി സ്‌കൂൾ യൂണിഫോം പദ്ധതി പ്രകാരം ഒന്ന് മുതൽ ഏഴാം ക്ലാസ് വരെയുളള സർക്കാർ സ്‌കൂളുകളിലെ കുട്ടികൾക്കും, ഒന്ന് മുതൽ നാലാം ക്ലാസ് വരെയുളള എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികൾക്കുമായി രണ്ട് ജോഡി വീതം യൂണിഫോം തുണിയാണ് വിതരണം ചെയ്യുന്നത്. ഇതിനായി 42.5 ലക്ഷം മീറ്റർ തുണിയാണ് കൈത്തറി വകുപ്പ് തയ്യാറാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറുന്നത്.

തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള വടക്കൻ ജില്ലകളിൽ ഹാൻഡ് വീവും എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള തെക്കൻ ജില്ലകളിൽ ഹാൻടെക്‌സും ആണ് യൂണിഫോം വിതരണം ചെയ്യുന്നത്. നിലവിൽ 6200 നെയ്ത്തുകാരും, 1600 അനുബന്ധ തൊഴിലാളികളും ഇതുമായി ബന്ധപ്പെട്ട ജോലി ചെയ്തുവരുന്നു. കൈത്തറി വ്യവസായത്തെ നിലനിർത്തുന്നതിന് സഹായകരമായ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണ് കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന കൈത്തറി യൂണിഫോം പദ്ധതി. ഇതിനായി 469 കോടി രൂപയാണ് ചെലവഴിച്ചത്. അതിൽ 284 കോടി രൂപയും കൈത്തറി തൊഴിലാളികൾക്ക് ലഭിച്ചു.

ഒന്നു മുതൽ എട്ടുവരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ കുട്ടികൾക്ക് സൗജന്യമായാണ് നൽകിവരുന്നത്. ഏകദേശം 100 കോടിയിലധികം രൂപയാണ് പാഠപുസ്തക അച്ചടി, വിതരണം എന്നീ ഇനത്തിൽ ഓരോ വർഷവും സർക്കാർ ചെലവഴിക്കുന്നത്. സർക്കാർ/എയിഡഡ് സ്‌കൂളുകളിലെ ഏകദേശം 38 ലക്ഷം കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. നിലവിലെ കരിക്കുലമനുസരിച്ച് ഒന്നു മുതൽ പത്തുവരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ മൂന്ന് വാല്യങ്ങളായാണ് അച്ചടിക്കുന്നത്. ഇതിൽ ഒന്നാം വാല്യം 288 ടൈറ്റിലുകളും രണ്ട്, മൂന്ന് വാല്യങ്ങൾ യഥാക്രമം 183, 66 എന്നിങ്ങനെ ആകെ 537 ടൈറ്റിലുകളാണുള്ളത്. 2023-24 അദ്ധ്യയനവർഷത്തേക്ക് ആകെ 4.9 കോടി പാഠപുസ്തകങ്ങളാണ് ആവശ്യമായി വരുന്നത്. സംസ്ഥാനത്ത് പാഠപുസ്തക വിതരണത്തിനായി 14 ജില്ലാ ഹബ്ബുകളും 3313 സൊസൈറ്റികളും 13300 സ്‌കൂളുകളുമുണ്ട്. 288 റ്റൈറ്റിലുകളിലായി 2.81 കോടി ഒന്നാം വാല്യം പാഠപുസ്തകങ്ങളാണ് ഇപ്പോൾ വിതരണത്തിനായി തയ്യാറായിരിക്കുന്നത്. ലിപിമാറ്റി അച്ചടിച്ച മലയാളം മീഡിയം പാഠപുസ്തകങ്ങളാണ് ഇത്തവണ ഒന്നാം തരത്തിൽ വിതരണം നടത്തുന്നത്. ഒന്ന്, രണ്ട് ക്ലാസ്സുകളിലെ മലയാളം പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാലയും ഉൾപ്പെടുത്തിയിട്ടുണ്ട്.

സർക്കാർ/എയ്ഡഡ് സ്‌കൂളുകൾക്ക് പുറമേ തുകയൊടുക്കി ചെലാൻ ഹാജരാക്കുന്ന അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകൾക്കും ഇൻഡന്റ് അടിസ്ഥാനപ്പെടുത്തി പാഠപുസ്തകം വിതരണം നടത്തും. വിതരണം സംബന്ധിച്ച് ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനായി വകുപ്പിന് കീഴിൽ പാഠപുസ്തക വിഭാഗം ജീവനക്കാരും ജില്ലാ ഉപജില്ലാ തലങ്ങളിലെ ജീവനക്കാരും കെ.ബി.പി.എസ്സും 14 ജില്ലാ ഹബ്ബുകളിലുമായി കുടുംബശ്രീ പ്രവർത്തകരും സജ്ജമാണ്.

മധ്യവേനലവധിക്കാലത്ത് തന്നെ പാഠപുസ്തകങ്ങളും സൗജന്യ കൈത്തറി യൂണിഫോമും വിതരണം ചെയ്ത് ചരിത്രം സൃഷ്ടിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പിന് സാധിക്കുന്നു എന്നത് സർക്കാരിന്റെ വലിയ നേട്ടമാണ്.

----
കരുത്തോടെ മുന്നോട്ട്

#kerala #education #schooluniform #textbook #karuthodemunnott