Kerala Government
434 subscribers
339 photos
149 videos
907 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
സാന്ത്വന പരിചരണ രംഗത്ത് കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ)യുടെ അഭിനന്ദനം. കേരളത്തിന്റേത് വിജയകരമായ മാതൃകയാണെന്ന് ലോകാരോഗ്യ സംഘടന ദക്ഷിണ പൂര്‍വേഷ്യന്‍ റീജിയണല്‍ വര്‍ക്ക്ഷോപ്പിനെ ആസ്പദമാക്കി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറില്‍ നിന്നും കേരളത്തിലെ പാലിയേറ്റീവ് കെയര്‍ സംവിധാനം വീടുകളില്‍ സാന്ത്വന പരിചരണം നല്‍കുന്നതുള്‍പ്പെടെ വിവിധ ശൃംഖലകളിലൂടെ അതിവേഗം വളര്‍ന്നു. പ്രാഥമികാരോഗ്യ സംവിധാനത്തിലൂടെ സേവനസന്നദ്ധരായ നഴ്സുമാര്‍ തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ സാമൂഹിക പങ്കാളിത്തത്തിനും സന്നദ്ധ പ്രവര്‍ത്തനത്തിനും ശക്തമായ ഊന്നല്‍ നല്‍കുന്നതാണ് കേരള മോഡല്‍. ആവശ്യമായ ഓരോ വ്യക്തിക്കും ഗുണമേന്മയുള്ള സാമൂഹികാധിഷ്ഠിതമായ സാന്ത്വന ഗൃഹ പരിചരണം ലഭ്യമാക്കുക എന്നതാണ് കേരളത്തിന്റെ സാന്ത്വന പരിചരണ നയത്തിന്റെ ലക്ഷ്യമെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു.

ഇന്ത്യയില്‍ മാത്രമല്ല വികസ്വരരാജ്യങ്ങളിലും കേരളം വിജയകരമായ ഒരു മാതൃകയായി അംഗീകരിക്കപ്പെട്ടതായി റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

വലിയ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് സാന്ത്വന പരിചരണ രംഗത്ത് നടത്തി വരുന്നത്. ആര്‍ദ്രം മിഷന്റെ പത്ത് പ്രധാന വിഷയങ്ങളിലൊന്നാണ് പാലിയേറ്റീവ് കെയര്‍. ഇതിന്റെ ഭാഗമായി സമഗ്ര പാലിയേറ്റീവ് കെയര്‍ ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കി വരുന്നു. സംസ്ഥാനത്ത് സാമൂഹികാധിഷ്ഠിത ശാസ്ത്രീയ ഗൃഹ പരിചരണം ഉറപ്പാക്കി. സര്‍ക്കാര്‍ മേഖലയില്‍ 1141 പ്രാഥമിക പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളാണുള്ളത്. ആരോഗ്യവകുപ്പിന് കീഴില്‍ പ്രധാന ആശുപത്രികളില്‍ 113 സെക്കന്ററി ലെവല്‍ യൂണിറ്റുകളും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ 231 യൂണിറ്റുകളുമുണ്ട്. എട്ട് മെഡിക്കല്‍ കോളേജുകളിലും ആര്‍.സി.സി.യിലും എം.സി.സി.യിലും പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളുണ്ട്. കേരളത്തില്‍ ആവശ്യമുള്ള എല്ലാ രോഗികള്‍ക്കും ശാസ്ത്രീയ പാലിയേറ്റീവ് പരിചരണം ഉറപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അടുത്തിടെ പാലിയേറ്റീവ് കെയര്‍ വാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'ഞാനുമുണ്ട് പരിചരണത്തിന്' എന്ന കാമ്പയിനില്‍ വലിയ പൊതുജന പങ്കാളിത്തമാണ് ഉണ്ടായത്.

#kerala #healthcare #
ആര്‍ദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്ത് 35 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി പ്രവര്‍ത്തനസജ്ജമായി. കഴിഞ്ഞ ഏപ്രിലിൽ ഉദ്ഘാടനം ചെയ്ത 50 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ശേഷമുള്ളവയാണിവ. ഇതോടെ ആകെ 663 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്.

സംസ്ഥാനത്തെ 886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കെട്ടിടം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയും അധികമായി ജീവനക്കാരെ നിയമിച്ചും ഘട്ടം ഘട്ടമായി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്.

സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനായി ഈ സര്‍ക്കാര്‍ 5415 ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരുന്നു. ഇതുകൂടാതെ നഗര പ്രദേശങ്ങളിലും 380 നഗര ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നു. ഇവയെല്ലാം യാഥാര്‍ത്ഥ്യമാകുന്നതോടെ വീട്ടിന് തൊട്ടടുത്ത് തന്നെ പ്രാഥമിക ആരോഗ്യ പരിചരണവും രോഗപ്രതിരോധവും ഉറപ്പാക്കാനാകും.

കൊല്ലം ജില്ലയിലെ ഇടമുളയ്ക്കല്‍, തൊടിയൂര്‍, പത്തനംതിട്ട ജില്ലയിലെ കുളനട, ആങ്ങമൂഴി, ആലപ്പുഴ ജില്ലയിലെ മുളക്കുഴ, ആറാട്ടുപുഴ, ബുധനൂര്‍, കോട്ടയം ജില്ലയിലെ കടനാട്, തൃശൂര്‍ കുത്താമ്പുള്ളി, കൂര്‍ക്കഞ്ചേരി, മുണ്ടത്തിക്കോട്, പൊറത്തിശ്ശേരി, പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര, കൊടുമ്പ്, പൊല്‍പ്പുള്ളി, പുതുനഗരം, നാഗലശ്ശേരി, തിരുവേഗപ്പുര, ലക്കിടി, പിരായിരി, മലപ്പുറം ജില്ലയിലെ തൃക്കണാപുരം, തൃപ്പനച്ചി, വെട്ടത്തൂര്‍, കീഴാറ്റൂര്‍, കുറുമ്പലങ്ങോട്, എടപ്പറ്റ, അമരമ്പലം, കോഴിക്കോട് ജില്ലയിലെ തൂണേരി, വയനാട് ജില്ലയിലെ കുറുക്കന്‍മൂല, പാക്കം, മുള്ളന്‍കൊല്ലി, കാപ്പ്കുന്ന്, ചുള്ളിയോട്, വരദൂര്‍, കാസര്‍ഗോഡ് ജില്ലയിലെ പുത്തിഗെ എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി പ്രവര്‍ത്തനസജ്ജമാക്കിയത്. ഇതില്‍ കുളനട, ആങ്ങമൂഴി, തൂണേരി തുടങ്ങിയ കേന്ദ്രങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞു.

രാവിലെ 9 മണിമുതല്‍ 6 മണിവരെയുള്ള ഒപി സേവനങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രത്യേകത. ആശുപത്രികളെ ജനസൗഹൃദമാക്കുന്നതിനായി എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കാത്തിരിപ്പ് മുറികള്‍, ഒ.പി. രജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍, ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും ഉപയോഗിക്കുന്നതിനായി റാംപ്, രോഗിയുടെ സ്വകാര്യത ഉറപ്പു വരുത്തുന്നതിനാവശ്യമായ പരിശോധനാ മുറികള്‍, ഇന്‍ജക്ഷന്‍ റൂം, ഡ്രസിംഗ് റൂം, ഒബ്‌സര്‍വേഷന്‍ റൂം, നഴ്‌സസ് സ്റ്റേഷന്‍, ലാബ്, ഫാര്‍മസി, ലാബ് വെയിറ്റിംഗ് ഏരിയ, കാത്തിരിപ്പ് മുറികളില്‍ ബോധവത്ക്കരണത്തിനായി ടെലിവിഷന്‍, എയര്‍പോര്‍ട്ട് ചെയര്‍, ദിശാബോര്‍ഡുകള്‍, പബ്ലിക് അഡ്രസിംഗ് സിസ്റ്റം, രോഗീ സൗഹൃദ ശുചിമുറികള്‍ എന്നിവ ഉറപ്പാക്കുന്നു. എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളും വയോജന/സ്ത്രീ/ഭിന്നശേഷി സൗഹൃദമായാണ് നിര്‍മ്മിക്കുന്നത്.

കുടുംബാരോഗ്യ കേന്ദ്രങ്ങളായി പരിവര്‍ത്തനം ചെയ്യുന്നതോടെ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. 115 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളത്. ഇന്ത്യയില്‍ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കേരളത്തില്‍ നിന്നുള്ളതാണ് എന്ന പ്രത്യേകതയുമുണ്ട്.

#kerala #healthcare #keralagovernment #familyhealthcentre
This media is not supported in your browser
VIEW IN TELEGRAM
മഴക്കാല രോഗങ്ങൾക്കെതിരെ ജാഗ്രത പുലർത്താം, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാം


#monsoon #premonsooncleaning #healthcare #kerala
This media is not supported in your browser
VIEW IN TELEGRAM
മഴക്കാല രോഗങ്ങൾക്കെതിരെ ജാഗ്രത പുലർത്താം, പരിസര ശുചിത്വം ഉറപ്പാക്കാം.


#kerala #healthcare #arogyajagratha #monsoon
എംപോക്‌സ്: ജാഗ്രത പാലിക്കണം

സംസ്ഥാനത്ത് എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണം.

ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും സര്‍വൈലന്‍സ് ശക്തമാക്കിയിരുന്നു. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു. 2022ല്‍ എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനം സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍ പുറത്തിറക്കിയിരുന്നു. അതനുസരിച്ചുള്ള ഐസൊലേഷന്‍, സാമ്പിള്‍ കളക്ഷന്‍, ചികിത്സ എന്നിവയെല്ലാം ഉറപ്പ് വരുത്തിയിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം.

▶️ എന്താണ് എംപോക്‌സ്?

ആരംഭത്തില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്‌സ്. എന്നാല്‍ ഇപ്പോള്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമാണിത്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്‌സ് ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്.

▶️ രോഗ പകര്‍ച്ച

കോവിഡോ എച്ച്1 എന്‍1 ഇന്‍ഫ്‌ളുവന്‍സയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്‌സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പര്‍ശിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക, തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്.

▶️ ലക്ഷണങ്ങള്‍

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

▶️ പ്രതിരോധം

അസുഖബാധിതരായ ആള്‍ക്കാരുമായി നിഷ്‌കര്‍ഷിച്ചിട്ടുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ അവലംബിക്കാതെ അടുത്തിടപഴകുന്ന ആള്‍ക്കാര്‍ക്കാണ് എംപോക്‌സ് ഉണ്ടാകുക. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരുടെ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നവരും രോഗപ്പകര്‍ച്ച ഒഴിവാക്കുന്നതിനായി നിര്‍ബന്ധമായും നിര്‍ദേശിച്ചിട്ടുള്ള അണുബാധ നിയന്ത്രണ മുന്‍കരുതലുകള്‍ സ്വീകരിക്കണം.

#mpox #kerala #healthcare
സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.

കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലി സമയം ക്രമീകരിക്കണം. ശരീരത്തിലെ ജല നഷ്ടത്തിലൂടെ നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗം. ശാരീരിക അസ്വസ്ഥകളോ ബുദ്ധിമുട്ടുകളോ ഉണ്ടായാല്‍ ഉടന്‍ ചികിത്സ തേടണം.

തുടര്‍ച്ചയായി വെയിലേറ്റാല്‍ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്. വളരെ ഉയര്‍ന്ന ശരീര താപനില, വേഗത്തിലുള്ള ഹൃദയമിടിപ്പ്, വറ്റിവരണ്ട ചുവന്ന ചര്‍മ്മം, ശക്തമായ തലവേദന, തലകറക്കം, ഓക്കാനം, ബോധക്ഷയം, കഠിനമായ ക്ഷീണം എന്നിവ തോന്നിയാല്‍ ശ്രദ്ധിക്കണം. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നവര്‍ തണലില്‍ മാറി വിശ്രമിച്ച് ധാരാളം വെള്ളം കുടിക്കണം. കട്ടികൂടിയ വസ്ത്രങ്ങള്‍ മാറ്റുക. തണുത്ത വെള്ളം കൊണ്ട് ദേഹം തുടയ്ക്കുക. കാറ്റ് കൊള്ളുക, വീശുക/ഫാനോ എ.സിയോ ഉപയോഗിക്കുക. ഡോക്ടറെ കാണിച്ച് ചികിത്സ തേടുക.

ചൂട് കുരു, പേശി വലിവ്, ചര്‍മ്മ രോഗങ്ങള്‍, വയറിളക്ക രോഗങ്ങള്‍, നേത്ര രോഗങ്ങള്‍, ചിക്കന്‍പോക്‌സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ ചൂട് കാലത്ത് കൂടുതലായി കാണപ്പെടാറുണ്ട്. ചൂട് കുരു (Heat rash) കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നത്. ചൂട് കുരു ഉണ്ടായാല്‍ അധികം വെയില്‍ ഏല്‍ക്കാതിരിക്കുകയും തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കുകയും വേണം.

▶️ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

· രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് കൂടുതല്‍ നേരം വെയിലേല്‍ക്കരുത്.

· അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

· പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലത്.

· ദാഹമില്ലെങ്കിലും ധാരാളം വെള്ളം ഇടയ്ക്കിടയ്ക്ക് കുടിക്കുക. യാത്രാ വേളയില്‍ ഒരു കുപ്പി വെള്ളം കരുതുന്നത് നല്ലത്.

· തിളപ്പിച്ചാറിയ വെള്ളം കുടിക്കാന്‍
ഉപയോഗിക്കുക.

· കുട്ടികള്‍ക്ക് ഇടയ്ക്കിടയ്ക്ക് വെള്ളം നല്‍കണം.

· ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക.

· വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തന്‍, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക

· കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്

· ചൂടിന്റെ കാഠിന്യം കുറയ്ക്കാന്‍ പകല്‍ സമയത്ത് വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക

· വൃത്തിയും ശുചിത്വവുമുള്ള സാഹചര്യങ്ങളില്‍ സൂക്ഷിക്കുന്ന പാനീയങ്ങള്‍ മാത്രം ഉപയോഗിക്കുക.

· ജ്യൂസില്‍ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലം കൊണ്ടുണ്ടാക്കുന്നതാവണം.

#kerala #healthcare #dehydration #summerdiseases
ആരോഗ്യമേഖലയിൽ തിളക്കമാർന്ന നേട്ടങ്ങളുമായി സർക്കാർ മുന്നോട്ട്. ആർദ്രം മിഷനിലൂടെ സംസ്ഥാനത്തെ ആരോഗ്യമേഖലയെ ഉടച്ചുവാർത്ത സർക്കാർ കൂടുതൽ തസ്തികകൾ സൃഷ്ടിച്ചു, മരുന്ന് ക്ഷാമം ഇല്ലാതാക്കി, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റി.

ഇതിനോടകം 688 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് യാഥാർത്ഥ്യമായത്.
സംസ്ഥാനത്തെ 200 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്.) സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു.

ആരോഗ്യ മേഖലയ്ക്കായി 2,800 കോടിയോളം രൂപ ബജറ്റ് വിഹിതം നീക്കി വെച്ച സർക്കാർ, നിർധനരായ രോഗികള്‍ക്ക് പ്രതിവർഷം 1600 കോടിയുടെ സൗജന്യ ചികിത്സയാണ് നൽകിവരുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തുക സൗജന്യ ചികിത്സയ്ക്ക് നൽകുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഒന്നാമതാണ്.

ആശുപത്രികളിൽ ട്രോമകെയർ നെറ്റ്‌വർക്ക് സംവിധാനം നടപ്പാക്കുകയും, സാന്ത്വന പരിചരണ മേഖലയിൽ സാന്ത്വന പരിചരണ ഗ്രിഡ് ആരംഭിച്ചു കൊണ്ട് കേരളത്തെ ഹെൽത്ത് ഹബ്ബാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളിലാണ് സർക്കാർ.

#keralagovernment #healthcare #SabhimanamNavakeralam
ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ചികിത്സിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ 'ഹൃദ്യം' പദ്ധതിയിലൂടെ 8,000 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. ഹൃദ്രോഗത്തിന്റെ തീവ്രതയനുസരിച്ച് കാലതാമസമില്ലാതെ കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം.

https://www.facebook.com/share/p/167CKbUgE5/

#hridyam keralagovernment #healthcare
⏭️ ചൂട് : പൊങ്കാലയിടുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍
------

· കട്ടികുറഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക
· നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കുവാന്‍ തൊപ്പി, തുണി ഇവ കൊണ്ട് തല മറയ്ക്കുക
· ശുദ്ധ ജലമോ തിളപ്പിച്ചാറിയ വെള്ളമോ മാത്രം കുടിക്കുക
· തണ്ണിമത്തന്‍ പോലെ ജലാംശം കൂടുതലുള്ള പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് നിര്‍ജലീകരണം തടയും
· ശുദ്ധമായ ജലത്തില്‍ തയാറാക്കിയ ഐസ് മാത്രം പാനീയങ്ങളില്‍ ഉപയോഗിക്കുക
· ഇടയ്ക്ക് കൈകാലുകളും മുഖവും കഴുകുക
· ഇടയ്ക്കിടെ തണലത്ത് വിശ്രമിക്കുക
· കുട്ടികളെ തീയുടെ അടുത്ത് നിര്‍ത്തരുത്. ഇടയ്ക്കിടെ കുടിക്കാന്‍ വെള്ളം നല്‍കണം
· സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ മുടക്കം വരുത്താതെ കഴിക്കുക
· കഴിക്കുന്ന മരുന്നുകളുടെ വിവരങ്ങള്‍ കയ്യില്‍ കരുതണം

▶️ പൊള്ളല്‍ ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടത്:

· തീ പിടിക്കുന്ന വിധത്തില്‍ അലസമായി വസ്ത്രങ്ങള്‍ ധരിക്കരുത്.
· ചുറ്റുമുള്ള അടുപ്പുകളില്‍ നിന്നും തീ പടരാതെ സൂക്ഷിക്കണം.
· അടുപ്പിനടുത്ത് പെട്ടെന്ന് തീപിടിക്കുന്ന സാധനങ്ങള്‍ വയ്ക്കരുത്
· തൊട്ടടുത്ത് ഒരു ബക്കറ്റ് വെള്ളം കരുതി വയ്ക്കണം
· വസ്ത്രങ്ങളില്‍ തീപിടിച്ചാല്‍ പരിഭ്രമിച്ച് ഓടരുത്. വെള്ളം ഉപയോഗിച്ച് ഉടന്‍ തീ അണയ്ക്കുക. അടുത്തുള്ള വോളണ്ടിയര്‍മാരുടെ സഹായം തേടുക.
· തീപൊള്ളലേറ്റാല്‍ പ്രഥമ ശുശ്രൂഷ ചെയ്യണം
· പൊള്ളലേറ്റ ഭാഗം വെള്ളം ഉപയോഗിച്ച് തണുപ്പിക്കണം
· വസ്ത്രമുള്ള ഭാഗമാണെങ്കില്‍ വസ്ത്രം നീക്കാന്‍ ശ്രമിക്കരുത്
· പൊള്ളലേറ്റ ഭാഗത്ത് അനാവശ്യ ക്രീമുകള്‍ ഉപയോഗിക്കരുത്
· ആവശ്യമെങ്കില്‍ ഡോക്ടറുടെ സേവനം തേടുക
· പൊങ്കാലയ്ക്ക് ശേഷം വെള്ളമുപയോഗിച്ച് തീ കെടുത്തണം

▶️ ഭക്ഷണം കരുതലോടെ :

· ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വൃത്തിയായി കൈകള്‍ കഴുകണം
· തുറന്നു വച്ചിരിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വാങ്ങി കഴിക്കരുത്.
· പഴങ്ങള്‍ നന്നായി കഴുകിയ ശേഷം മാത്രം കഴിക്കുക
· മാലിന്യങ്ങള്‍ വലിച്ചെറിയരുത്. നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ മാത്രം നിക്ഷേപിക്കുക.

----
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് സുസജ്ജമായ മെഡിക്കല്‍ ടീമുകള്‍ക്ക് പുറമേ ഉയര്‍ന്ന ചൂട് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് മതിയായ പരിചരണവും ചികിത്സയും നല്‍കാനായി തെരഞ്ഞെടുത്ത നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പ്രധാന ആശുപത്രികളിലും ഹീറ്റ് ക്ലിനിക്കുകള്‍ ആരംഭിച്ചു. സമീപത്തെ എല്ലാ ആശുപത്രികളിലും പ്രത്യേക ക്രമീകരണമൊരുക്കി. തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസിസിന്റെ കീഴിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുമുണ്ട്. അത്യാവശ്യ ആരോഗ്യ സേവനങ്ങള്‍ക്ക് 0471 2778947 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

#attukalpongala #healthcare #keralagovernment
Media is too big
VIEW IN TELEGRAM
ആരോഗ്യ കേന്ദ്രങ്ങളിലും ഇപ്പോൾ ഡിജിറ്റൽ സേവന സൗകര്യങ്ങൾ.
ഇ പേമെൻ്റ്, ഓൺലൈൻ ഒപി ടിക്കറ്റ്, എം ഇ ഹെൽത്ത് ആപ്പ് , സ്കാൻ ആൻ്റ് ബുക്ക് സൗകര്യങ്ങൾ!!

#keralagovernment #healthcare #digitalservices #NavakeralamPuthuvazhikal
Media is too big
VIEW IN TELEGRAM
ജീവിതശൈലീ രോഗ നിയന്ത്രണത്തിന് പദ്ധതികൾ; ആരോഗ്യകേരളം No.1

#keralagovernment #healthcare #navakeralamputhuvazhikal