Kerala Government
230 subscribers
167 photos
34 videos
450 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണം.

ഇക്കാര്യത്തിൽ പൊതുജന ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് സമഗ്ര പ്രവർത്തനങ്ങളുമായി വിവിധ സർക്കാർ വകുപ്പുകൾ രംഗത്തുണ്ട്. 36 മുതൽ 37 ഡിഗ്രി വരെയാണ് സംസ്ഥാനത്ത് നിലവിൽ താപനില ഉയരുന്നത് , വിവിധ മേഖലകളിൽ ഭൂപ്രകൃതിയും , കാലാവസ്ഥയും അടിസ്ഥാനമാക്കി താപനിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിലും സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഉയർന്ന താപനിലയാണ് റിപ്പോർട്ട് ചെയ്യുന്നത്.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ആരോഗ്യ വകുപ്പ് ,വിദ്യാഭ്യാസ വകുപ്പ് , തദ്ദേശ സ്വയം ഭരണ വകുപ്പ് തുടങ്ങിയ വകുപ്പുകൾ വിശദമായ ജാ​ഗ്രതാ നിർദ്ദേ​ശങ്ങളും ആരോഗ്യ സംരക്ഷണത്തിൽ പൊതുജനങ്ങൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

ഉയർന്ന താപനില നിലനിൽക്കുന്ന സാഹചര്യത്തിൽ കുട്ടികൾ, മുതിർന്നവർ, തൊഴിലാളികൾ , കർഷകർ തുടങ്ങി സമൂഹത്തിലെ നാനാതുറകളിലുള്ളവർ ദൈനം ദിന ജീവിതത്തിലും ജോലിസ്ഥലങ്ങളിലും പാലിക്കേണ്ട വിശദ മാർഗ്ഗ നിർദ്ദേശങ്ങൾ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട് .

പകൽ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം.

ശുദ്ധജലം കുടിക്കുകയും, നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുകയും ചെയ്യണം.
കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കാൻ ശ്രദ്ധിക്കണം. പാദരക്ഷകൾ ഉപയോഗിക്കണം.

പഴങ്ങൾ പച്ചക്കറികൾ, ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.

സംസ്ഥാനത്ത് താപനില ഉയർന്ന സാഹചര്യത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ക്ലാസ് സമയത്ത് ശുദ്ധജലം കുടിക്കാനുള്ള വാട്ടർബെൽ പദ്ധതിക്ക് വിദ്യാഭ്യാസ വകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്. ചൂട് വര്‍ധിക്കുന്നത് കാരണം നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാൽ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കേണ്ട സാഹചര്യം കണക്കിലെടുത്താണ് സ്‌കൂളുകളിൽ വാട്ടർ ബെൽ സംവിധാനം നടപ്പാക്കിയത് . കുട്ടികൾക്ക് വെള്ളം കുടിക്കുന്നതിനായി രാവിലെ 10.30നും ഉച്ചക്ക് 2.00 മണിക്കും വാട്ടർ ബെൽ മുഴക്കി അഞ്ച് മിനിറ്റ് വീതം പ്രത്യേക ഇടവേളകൾ അനുവദിക്കും.

അന്തരീക്ഷ താപനില വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മാലിന്യ സംഭരണ കേന്ദ്രങ്ങള്‍ തീപിടുത്തം ഒഴിവാക്കുന്നതിന് സ്വീകരിക്കേണ്ട സുരക്ഷാ മുന്‍കരുതലുകളും സ്ഥാപനങ്ങളിൽ സ്ഥാപിക്കേണ്ട സുരക്ഷാ സജ്ജീകരണങ്ങളും നിർദ്ദേശിച്ചു കൊണ്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഓരോ മാലിന്യ സംഭരണ കേന്ദ്രങ്ങളിലും ഡംപ് സൈറ്റുകളിൽ ഉണ്ടായിരിക്കേണ്ട അഗ്നി സുരക്ഷ സംവിധാനങ്ങളെക്കുറിച്ച് വിശദമായ 19 ചെക്ക്ലിസ്റ്റുകൾ മാർഗ്ഗ നിർദ്ദേശങ്ങളിൽ അടങ്ങിയിട്ടുണ്ട്. സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ , അഗ്നിസുരക്ഷാ സംവിധാനങ്ങൾ , നൈപുണ്യമുള്ള മാനവശേഷി , സാങ്കേതിക സംവിധാനങ്ങൾ എന്നിവ വിലയിരുത്തുന്നതിനും പഠിക്കുന്നതിനും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഈ പ്രവർത്തനം സഹായിക്കും.

#kerala #summerheat #keralagovernment #safetyguidelines
വേനൽ കടുത്തതോടെ സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഉയർന്ന താപനിലയാണ് റിപ്പോർട്ട് ചെയ്യുന്നത്. വേനൽ ചൂട് പലയിടത്തും 40 ഡി​ഗ്രി കടന്നതോടെ വിവിധ ജില്ലകൾക്ക് ഉഷ്ണതരം​ഗ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പാലക്കാട്, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില പല ദിവസങ്ങളിലും സാധാരണയെക്കാൾ 5 മുതൽ 5.5 ഡിഗ്രി സെൽഷ്യസിനു മുകളിലാണ്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും സാധാരണയിലും 3 മുതൽ 4 ഡിഗ്രി വരെ ഉയർന്ന താപനിലയാണ് പൊതുവിൽ രേഖപ്പെടുത്തുന്നത്.

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
ഉഷ്ണതരംഗം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സ്വയംപ്രതിരോധം വളരെ പ്രധാനമാണ്.

രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണിവരെ നേരിട്ട് സൂര്യ പ്രകാശം ഏൽക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം.

കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവർ പ്രത്യേക ജാഗ്രത പുലർത്തണം. സാധാരണമല്ലാത്ത ശാരീരിക അസ്വസ്ഥകളോ ബുദ്ധിമുട്ടുകളോ ഉണ്ടായാൽ ചികിത്സ തേടണം.

ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. യാത്രാ വേളയിൽ വെള്ളം കരുതുന്നത് നല്ലത്.
ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും നൽകുന്ന മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം.
ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ തീപിടുത്തത്തിനുള്ള സാധ്യതകളും ഉണ്ട്. ഇക്കാര്യത്തിലും പ്രത്യേക ശ്രദ്ധ പുലർത്തണം.

#kerala #summerheat #heatwave #eechoodinenamukkuneridam #keralagovernment