Kerala Government
217 subscribers
143 photos
32 videos
448 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
കേരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി വാട്ടർ മെട്രോയുടെ ആദ്യഘട്ട സർവീസ് ഏപ്രിൽ 25ന് ആരംഭിക്കുന്നു. ആദ്യ ഘട്ടത്തിൽ ഹൈക്കോർട്ട്-വൈപ്പിൻ ടെർമിനലുകളിൽ നിന്നും വൈറ്റില-കാക്കനാട് ടെർമിനലുകളിൽ നിന്നും ആണ് സർവ്വീസ് നടത്തുക. ഗതാഗതക്കുരുക്കിൽപ്പെടാതെ 20 മിനിറ്റിൽ താഴെ സമയം കൊണ്ട് ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിൻ ടെർമിനലിൽ എത്താം. വൈറ്റിലയിൽ നിന്ന് വാട്ടർ മെട്രോയിലൂടെ കാക്കനാട് 25 മിനിറ്റിനകം എത്താനാകും.
നഗരത്തോടുചേർന്നുകിടക്കുന്ന ദ്വീപുകളെ ബന്ധിപ്പിച്ചുള്ള ജലമെട്രോ പദ്ധതിക്ക് 1136.83 കോടി രൂപയാണ് ചെലവ് വരുന്നത്. ഈ തുകയിൽ ജർമ്മൻ ഫണ്ടിംഗ് ഏജൻസിയായ കെ.എഫ്.ഡബ്യൂയുവിൽ നിന്നുള്ള വായ്പയും സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള നിക്ഷേപവും ഉൾപ്പെടുന്നു.

പത്ത് ദ്വീപുകളിലായി 76 കിലോമീറ്റർ റൂട്ടിൽ 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകൾ സർവ്വീസ് നടത്തും. സർവീസിനായി ഉപയോഗിക്കുന്ന ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകൾക്ക് രാജ്യാന്തര പുരസ്‌കാരമായ ഗുസീസ് ഇലക്ട്രിക് ബോട്ട്‌സ് അവാർഡ് കൊച്ചി വാട്ടർ മെട്രോ നേടിയിരുന്നു. ഭിന്നശേഷി സൗഹൃദമായാണ് ടെർമിനലുകളും ബോട്ടുകളും സജ്ജീകരിച്ചിരിക്കുന്നത്. വേലിയേറ്റ, വേലിയിറക്ക സമയങ്ങളിലും ബോട്ടുമായി ഒരേ ലെവലിൽ നിൽക്കാനുതകുന്ന ഫ്‌ളോട്ടിംഗ് പോണ്ടൂണുകൾ കൊച്ചി വാട്ടർ മെട്രോയ്ക്കുണ്ട്. വൈറ്റിലയിലെ ഓപ്പറേഷൻ കൺട്രോൾ സെന്ററിൽനിന്ന് ബോട്ടുകൾക്ക് പൊതുനിയന്ത്രണവും ഉണ്ടാകും.

ശീതികരിച്ച ബോട്ട് യാത്രയ്ക്ക് മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്. സ്ഥിരം യാത്രികർക്കായി പ്രതിവാര, പ്രതിമാസ പാസ്സുകളും ഉണ്ട്. കൊച്ചി വൺ കാർഡ് ഉപയോഗിച്ച് കൊച്ചി മെട്രോ റെയിലിലും കൊച്ചി വാട്ടർ മെട്രോയിലും യാത്ര ചെയ്യാനാകും. കൊച്ചി വൺ ആപ്പ് വഴി ഡിജിറ്റലായും ടിക്കറ്റ് ബുക്ക് ചെയ്യാം. കൊച്ചിയുടെ ഗതാഗതമേഖലയ്ക്കും വിനോദസഞ്ചാരത്തിനും പുതിയ കുതിപ്പേകുന്ന നാടിന്റെ അഭിമാന പദ്ധതി വാട്ടർ മെട്രോയെന്ന സ്വപ്നം ഇതോടെ യാഥാർഥ്യമാവുകയാണ്. മെട്രോയ്ക്ക് അനുബന്ധമായി ജലമെട്രോയുള്ള രാജ്യത്തെ ആദ്യ നഗരമാകുകയാണ് കൊച്ചി.

#kochiwatermetro #kerala #kmrcl #watermetro