Kerala Government
435 subscribers
340 photos
149 videos
907 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
മന്ത്രിസഭാ യോഗ തീരുമാനങ്ങൾ (17-05-2023)
------
* ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം

2012 ലെ കേരള ആരോഗ്യ രക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) ഭേദഗതി ഓർഡിനൻസ് പുറപ്പെടുവിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

നിലവിലുള്ള നിയമത്തിൽ ആരോഗ്യ രക്ഷാ സേവന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രജിസ്റ്റർ ചെയ്ത (താൽക്കാലിക രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള) മെഡിക്കൽ പ്രാക്ടീഷണർമാർ, രജിസ്റ്റർ ചെയ്ത നേഴ്‌സുമാർ, മെഡിക്കൽ വിദ്യാർത്ഥികൾ, നേഴ്‌സിംഗ് വിദ്യാർത്ഥികൾ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരാണ് ഉൾപ്പെട്ടിരുന്നത്.

പുതുക്കിയ ഓർഡിനൻസിൽ പാരാമെഡിക്കൽ വിദ്യാർത്ഥികളും ഉൾപ്പെടും.

ആരോഗ്യ രക്ഷാ സ്ഥാപനങ്ങളിൽ നിയമിക്കപ്പെട്ടിട്ടുള്ളതും ജോലി ചെയ്തുവരുന്നതുമായ പാരാമെഡിക്കൽ ജീവനക്കാർ, സെക്യൂരിറ്റി ഗാർഡുകൾ, മാനേജീരിയൽ സ്റ്റാഫുകൾ, ആംബുലൻസ് ഡ്രൈവർമാർ, ഹെൽപ്പർമാർ എന്നിവരും കാലാകാലങ്ങളിൽ സർക്കാർ ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകരും ഇതിന്റെ ഭാഗമാകും.

അക്രമപ്രവർത്തനം ചെയ്യുകയോ ചെയ്യാൻ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ പ്രചോദനം നൽകുകയോ ചെയ്താൽ 6 മാസത്തിൽ കുറയാതെ 5 വർഷം വരെ തടവ് ശിക്ഷയും 50,000 രൂപയിൽ കുറയാതെ 2 ലക്ഷം രൂപ വരെ പിഴ ശിക്ഷയും ലഭിക്കും.

ആരോഗ്യ രക്ഷാ സേവന പ്രവർത്തകനെ കഠിനമായ ദേഹോപദ്രവത്തിന് വിധേയനാക്കുകയാണെങ്കിൽ 1 വർഷത്തിൽ കുറയാതെ 7 വർഷം വരെ തടവ് ശിക്ഷയും 1 ലക്ഷം രൂപയിൽ കുറയാതെ 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കും.

ആക്ടിനു കീഴിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകൾ ഇൻസ്‌പെക്ടർ റാങ്കിൽ കുറയാത്ത പോലീസ് ഓഫീസർ അന്വേഷിക്കും. കേസന്വേഷണം പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്യുന്ന തീയതി മുതൽ 60 ദിവസത്തിനകം പൂർത്തീകരിക്കും. വിചാരണാനടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കും. സത്വര വിചാരണയ്ക്ക് ഓരോ ജില്ലയിലും ഒരു കോടതിയെ സ്‌പെഷ്യൽ കോടതിയായി നിയോഗിക്കും.

ആരോഗ്യ പ്രവർത്തകർക്കെതിരെ അക്രമം നടത്തുന്നവർക്ക് അർഹമായ ശിക്ഷ ലഭിക്കുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ആക്ട് ഭേദഗതി ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിടുകയായിരുന്നു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് രോഗിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് ചേർന്ന ഉന്നതതല യോഗമാണ് ആക്ട് ഭേദഗതി ചെയ്ത് ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചത്.

ആരോഗ്യ, ആഭ്യന്തര, നിയമ വകുപ്പുകളുടെയും ആരോഗ്യ, ശാസ്ത്ര സർവകലാശാലകളുടെയും പ്രതിനിധികൾ അടങ്ങിയ സമിതിയെ കരട് ഓർഡിനൻസ് തയ്യാറാക്കുന്നതിന് ചുമതലപ്പെടുത്തിയിരുന്നു.
#cabinetdecisions #kerala
പട്ടികജാതി-പട്ടികവര്‍ഗ്ഗ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ വിചാരണയ്ക്ക് എറണാകുളത്ത് ഒരു പ്രത്യേക കോടതി സ്ഥാപിക്കും. പുതുതായി 3 തസ്തികകൾ സൃഷ്ടിക്കും. ഇടമലയാർ കേസുകളുടെ വിചാരണയ്ക്ക് സ്ഥാപിച്ച താൽക്കാലിക കോടതിയിൽ നിന്ന് 6 തസ്തികകളും മാറാട് കേസുകളുടെ വിചാരണയ്ക്ക് സ്ഥാപിച്ച താല്കാലിക കോടതിയിൽ നിന്ന് 1 തസ്തികയും ട്രാൻസ്ഫർ ചെയ്തു കൊണ്ടാണ് കോടതി സ്ഥാപിക്കുക.

സ്പെഷ്യൽ ജഡ്‌ജ്‌ (ജില്ലാ ജഡ്‌ജ്) - 1, ബഞ്ച് ക്ലാർക്ക് -1, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് -1 എന്നിങ്ങനെ മൂന്ന് തസ്തികകള്‍ പുതുതായി സൃഷ്ടിക്കും.

ശിരസ്തദാർ - 1, യു.ഡി ക്ലാർക്ക് - 1, എൽഡി ടൈപ്പിസ്റ്റ് - 1, ഡഫേദാർ - 1, ഓഫീസ് അറ്റന്‍റന്‍റ് - 2, കോര്‍ട്ട് കീപ്പര്‍ - 1 എന്നിങ്ങനെ എഴ് തസ്തികകളാണ് താല്‍ക്കാലിക കോടതികളില്‍ നിന്നും ട്രാന്‍സ്ഫര്‍ ചെയ്യുക.

▶️ കരട് മാര്‍ഗരേഖ അംഗീകരിച്ചു

സംസ്ഥാനത്ത് ജില്ലാ പദ്ധതി പരിഷ്ക്കരിച്ച് തയ്യാറാക്കുന്നതിനായി ആസൂത്രണ ബോര്‍ഡ് തയ്യാറാക്കി സമര്‍പ്പിച്ച കരട് മാര്‍ഗരേഖ അംഗീകരിച്ചു. ജില്ലാ ആസൂത്രണ സമിതി വിഭാവനം ചെയ്യുന്ന സമഗ്രമായ ദീര്‍ഘകാല വികസന പരിപ്രേഷ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലാ പദ്ധതി ആവിഷ്ക്കരിക്കേണ്ടത്. ഈ പദ്ധതി വിവിധ വകുപ്പുകളുടെ വികസന പ്രവര്‍ത്തനങ്ങളുമായി സംയോജിപ്പിക്കും. ജില്ലയുടെ സമഗ്ര വികസന പരിപാടി ആവിഷ്ക്കരിക്കുന്നതിനുള്ള വിശദമായ ചട്ടക്കൂടാണ് ജില്ലാ പദ്ധതി.

▶️ പെന്‍ഷന്‍ പരിഷ്ക്കരണം

വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വ്യവസ്ഥകള്‍ക്ക് അനുസരിച്ച് പരിഷ്കരിക്കും. 01.07.2019 പ്രാബല്യത്തിലാണ് പരിഷ്കരണം.

▶️ പ്ലീഡര്‍ പുനര്‍നിയമനം

ഹൈക്കോടതിയിലെ നിലവിലുള്ള സ്പെഷ്യല്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍, സീനിയര്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍, ഗവണ്‍മെന്‍റ് പ്ലീഡര്‍ എന്നിവരുടെ പുനര്‍നിയനം സംബന്ധിച്ച് തീരുമാനമായി.

17 സ്പെഷ്യല്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍മാര്‍ക്ക് 01.08.2024 മുതല്‍ മൂന്ന് വര്‍ഷക്കാലയളവിലേക്ക് പുനർനിയമനം നൽകും. സീനിയര്‍ ഗവ.പ്ലീഡര്‍മാരുടെ പട്ടികയിലുള്ള 49 സീനിയർ ഗവ.പ്ലീഡര്‍മാര്‍ക്കും ഗവ പ്ലീഡർമാരുടെ പട്ടികയിലുള്ള 48 ഗവ. പ്ലീഡർമാർക്കും 01.08.2024 മുതല്‍ മൂന്ന് വര്‍ഷത്തേക്കോ 60 വയസ് പൂര്‍ത്തിയാകുന്നത് വരെയോ എതാണോ ആദ്യം അതുവരെയും പുനര്‍നിയമനം നല്‍കും.

എറണാകുളം സൗത്ത് ചിറ്റൂര്‍ സ്വദേശി വി മനുവിനെ അഡ്വക്കറ്റ് ജനറലിന്‍റെ സ്പെഷ്യല്‍ ഗവണ്‍മെന്‍റ് പ്ലീഡറായി 01.08.2024 മുതല്‍ മൂന്ന് വര്‍ഷക്കാലയളവിലേക്ക് നിയമിക്കും.

സ്പെഷ്യല്‍ ഗവ. പ്ലീഡര്‍ (വ്യവസായം) എന്ന തസ്തികയെ സ്പെഷ്യല്‍ ഗവ.പ്ലീഡര്‍ പൊതുവിദ്യാഭ്യാസം എന്ന് പുനക്രമീകരിച്ച് നിലവിലെ സ്പെഷ്യല്‍ ഗവ.പ്ലീഡറായ ചേര്‍ത്തല തുറവൂര്‍ സ്വദേശി പി സന്തോഷ്കുമാറിനെ 01.08.2024 മുതല്‍ മൂന്ന് വര്‍ഷക്കാലയളവിലേക്ക് നിയമിക്കും.

▶️ തസ്തിക സൃഷ്ടിക്കും

പുതുതായി നിലവില്‍ വന്ന അട്ടപ്പാടി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഒരു അസിസ്റ്റന്‍റ് പബ്ലിക്ക് പ്രോസിക്യുട്ടറുടെ തസ്തിക സൃഷ്ടിക്കും.

▶️ പെർഫോമൻസ് ഇൻസെൻ്റീവ് ഗ്രാൻ്റ്

2024-2025 സാമ്പത്തിക വർഷത്തേക്കുള്ള ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിന്‍റെ വിഹിതത്തിൽ നിന്ന് 50 കോടി രൂപ ചെലവാക്കി, പമ്പാ നദീതടത്തിലെ (ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ) അർഹതയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക്, മാനദണ്ഡങ്ങൾക്ക് വിധേയമായി പെർഫോമൻസ് ഇൻസെൻ്റീവ് ഗ്രാൻ്റ് നൽകുന്നതിന് അംഗീകാരം നൽകി.

▶️ സബ്‌സിഡി സ്കീം തുടരുന്നതിന് അനുമതി

ഉൾനാടൻ ജലപാതകൾ മുഖേനയുള്ള ചരക്കു ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന് ചരക്കു നീക്കത്തിന് സബ്‌സിഡി നൽകുന്ന സബ്‌സിഡി സ്കീം 27/11/2021 മുതൽ 3 വർഷത്തേക്ക് കൂടി തുടരുന്നതിന് അനുമതി നൽകി. ഉള്‍നാടന്‍ ജലപാതയിലൂടെയുള്ള ചരക്ക് ഗതാഗതം, ജല ഗതാഗതം, വിനോദസഞ്ചാരം എന്നിവയുടെ സാധ്യതകള്‍ സര്‍ക്കാര്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന്‍റെ ഭാഗമായാണിത്.

▶️ ഉത്തരവ് റദ്ദാക്കി

പട്ടയ ഭൂമികളില്‍ ക്വാറി/ ക്രഷര്‍ വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള അനുമതി നല്‍കാന്‍ റവന്യു വകുപ്പിനെ ചുമതലപ്പെടുത്തി പുറപ്പെടുവിച്ച 11.11.2015ലെ ഉത്തരവ് റദ്ദാക്കി. കേരള ഭൂപതിവ് നിയമത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമായതിനാലാണിത്.

▶️ പുനര്‍നിയമനം

മലപ്പുറം സഹകരണ സ്പിന്നിങ്ങ് മില്ലിലും ടെക്സ്ഫെഡിലും മാനേജിങ്ങ് ഡറക്ടറായി എം കെ സലീമിന് പുനര്‍നിയമനം നല്‍കി. പുതിയ മാനേജിങ്ങ് ഡയറക്ടറെ നിയമിക്കുന്നത് വരെയോ ആറ് മാസത്തേക്കോ എതാണോ ആദ്യം അതുവരെയാണ് നിയമനം.

▶️ ടെണ്ടര്‍ അംഗീകരിച്ചു

റീസര്‍ഫേസിങ്ങ് തിരുവനന്തപുരം വിഴിഞ്ഞം റോഡ് പ്രവര്‍ത്തിക്ക് സര്‍ക്കാര്‍തലത്തിലുള്ള ടെണ്ടര്‍ അംഗീകരിച്ചു.

▶️ വാഹനങ്ങള്‍ വാങ്ങാൻ അനുമതി

ഹൈക്കോടതി ജഡ്ജിമാരുടെ ഉപയോഗത്തിന് മൂന്ന് പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് അനുമതി നല്‍കി.

#keralagovernment #cabinetdecisions
* മന്ത്രിസഭായോഗ തീരുമാനങ്ങൾ (07/08/2024)
----

* സ്കൂള്‍ പരീക്ഷകളില്‍ സബ്ജക്റ്റ് മിനിമം നടപ്പാക്കും

സ്കൂള്‍പരീക്ഷകളില്‍ സബ്ജക്റ്റ് മിനിമം നടപ്പാക്കുന്നതിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. 2024-25 അക്കാദമിക വർഷം 8-ാം ക്ലാസ്സിലും 2025-26 അക്കാദമിക വർഷം 8, 9 ക്ലാസ്സുകളിലും 2026-27 അക്കാദമിക വർഷം 8, 9, 10 ക്ലാസ്സുകളിലും സബ്ജക്റ്റ് മിനിമം നടപ്പാക്കാനാണ് തിരുമാനം. നിരന്തര മൂല്യനിർണയത്തിൽ തികഞ്ഞ ജാഗ്രത പുലർത്തുന്നതിനും മെരിറ്റ് മാത്രം പരിഗണിക്കുന്നതിനുമായി പ്രത്യേക മാനദണ്ഡങ്ങൾ പുറപ്പെടുവിക്കും. ഇതിന്‍റെ ആദ്യ പടിയായി 1 മുതൽ 10 വരെയുളള ക്ലാസ്സുകളിൽ ജനപങ്കാളിത്തത്തോടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടി രൂപീകരിക്കും.

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനാവശ്യമായ പദ്ധതികളും പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുന്നതിനായി മേയ് 26 ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച എകദിന വിദ്യാഭ്യാസ കോൺക്ലേവിലെ നിർദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന്‍റെ ആദ്യപടിയായാണിത്.

* ഔട്ടര്‍ റിങ്ങ് റോഡ് നിര്‍മ്മാണത്തിന്‍റെ 1629 കോടി രൂപയുടെ ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും

വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെയുള്ള ഔട്ടര്‍ റിങ്ങ് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 1629.24 കോടി രൂപയുടെ ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതിൻ്റെ ഭാഗമായുള്ള സാമ്പത്തിക പങ്കാളിത്ത കരാറിന് മന്ത്രിസഭ അംഗീകാരം നൽകി. 45 മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കുന്ന റോഡുമായി ബന്ധപ്പെട്ട് കിഫ്ബി, ദേശീയ പാത അതോറിറ്റി, ക്യാപിറ്റൽ റീജിയൺ ഡെവലപ്‌മെൻ്റ് പ്രോജക്റ്റ് -II (CRDP), പൊതുമരാമത്ത് വകുപ്പ് എന്നിവർ ഉൾപ്പെട്ട കരട് ചതുർകക്ഷി കരാറാണ് വ്യവസ്ഥകള്‍ക്ക് വിധേയമായി അംഗീകരിച്ചത്.

ഔട്ടർ റിംഗ് റോഡ് നിർമ്മിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ തുകയുടെ 50% ( ഏകദേശം 930.41 കോടി രൂപ) കിഫ്‌ബി മുഖേന നൽകും. സർവീസ് റോഡുകളുടെ നിർമ്മാണത്തിനാവശ്യമായ തുക (ഏകദേശം 477.33 കോടി രൂപ ) MIDP (Major Infrastructure Development Projects) യുടെ ഭാഗമാക്കാവുന്നതും, ഈ തുക 5 വർഷത്തിനുള്ളിൽ കേരള സർക്കാർ ദേശീയപാത അതോറിറ്റിക്ക് നൽകുന്നതുമാണ്.

ഇതിനു പുറമെ റോയല്‍റ്റി, ജിഎസ്ടി ഇനങ്ങളിൽ ലഭിക്കുന്ന തുകയും സംസ്ഥാന സര്‍ക്കാര്‍ വേണ്ടെന്നുവെക്കും. ചരക്ക് സേവന നികുതി ഇനത്തില്‍ ലഭിക്കുന്ന 210.63 കോടി രൂപയും, റോയല്‍റ്റി ഇനത്തില്‍ ലഭിക്കുന്ന 10.87 കോടി രൂപയുമാണ് വേണ്ടെന്നുവെക്കുക.

ഔട്ടർ റിംഗ് റോഡിൻ്റെ നിർമ്മാണത്തിനിടെ ലഭ്യമാകുന്ന കരിങ്കൽ ഉൽപ്പന്നങ്ങളും മറ്റ് പാറ ഉൽപ്പന്നങ്ങളും റോയൽറ്റി ഇളവ് ലഭിക്കുന്ന ഉൽപ്പന്നങ്ങളും ഈ ദേശീയപാതയുടെ നിർമ്മാണത്തിന് മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളു.

ദേശിയപാത അതോറിറ്റി നിയോഗിക്കുന്ന എഞ്ചിനീയർ, ബന്ധപ്പെട്ട ജില്ലയിലെ ജില്ലാ ജിയോളജിസ്റ്റ് എന്നിവരുടെ സംയുക്ത ടീം റോയൽറ്റി ഇളവ് ലഭിക്കേണ്ട ഉൽപ്പന്നങ്ങളുടെ അളവ് സർട്ടിഫൈ ചെയ്യേണ്ടതാണ്.

ഔട്ടർ റിംഗ് റോഡ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാരിന് ലഭിക്കുന്ന ചരക്ക് സേവന നികുതി വിഹിതം, ദേശീയപാത അതോറിറ്റിക്ക് ഗ്രാൻ്റ് ആയി നൽകും. ദേശീയപാത അതോറിറ്റി സമർപ്പിക്കുന്ന നിര്‍ദ്ദേശം സൂക്ഷ്മപരിശോധന നടത്തി ഗ്രാന്റ് നൽകുന്നതിന് നികുതി-ധനകാര്യ വകുപ്പുകൾ ചേർന്ന് നടപടിക്രമം വികസിപ്പിക്കണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായാണിത്.

* വിസിലിന് സര്‍ക്കാര്‍ ഗ്യാരണ്ടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയ്ക്കായി നബാർഡിൽ നിന്നും 2100 കോടി രൂപ വായ്പ എടുക്കുന്നതിന് നബാർഡ് നല്കിയിട്ടുള്ള വായ്പാ അനുമതി കത്തിലെ നിബന്ധനകളും വ്യവസ്ഥകളും ഭേദഗതിയോടെ അംഗീകരിക്കും.

തുറമുഖ നിർമ്മാണത്തിന് വേണ്ടി നബാർഡ് വായ്പ എടുക്കുന്നതിനായി, നേരത്തേ ഹഡ്കോയിൽ നിന്നും ലോൺ എടുക്കുന്നതിന് അനുവദിച്ച ഗവൺമെൻ്റ് ഗ്യാരൻ്റി റദ്ദ് ചെയ്യും. നബാർഡിൽ നിന്നും 2100 കോടി രൂപ വായ്പ എടുക്കുന്നതിന് വിഴിഞ്ഞം ഇൻ്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന് ഗവൺമെന്റ് ഗ്യാരന്റി അനുവദിക്കും

കരാറുകള്‍ ഒപ്പു വയ്ക്കുന്നതിന് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർക്ക് അനുമതി നല്‍കും. നബാർഡിൽ നിന്നും എടുക്കുന്ന വായ്പയുടെ പലിശ സര്‍ക്കാര്‍ വഹിക്കും.

* കാലാവധി ദീർഘിപ്പിച്ചു

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്സേഷന്‍ ഡയറക്ടറായുള്ള ഡോ.കെ.ജെ. ജോസഫിന്റെ കാലാവധി 19/07/2024 മുതൽ ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു.

* തസ്തിക സൃഷ്ടിക്കും

സർവ്വെയും ഭൂരേഖയും വകുപ്പിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ ഒരു തസ്തിക പൊതുഭരണവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിക്ക് തുല്യമായി സൃഷ്ടിക്കും.

* സർക്കാർ ഗ്യാരണ്ടി

കേരള സംസ്ഥാന കൈത്തറി വികസന കോർപ്പറേഷന് കേരള ബാങ്കിൽ നിന്നും വായ്പ എടുക്കുന്നതിന് 5 വർഷത്തേയ്ക്ക് 8 കോടി രൂപയുടെ സർക്കാർ ഗ്യാരണ്ടി, വ്യവസ്ഥകൾക്ക് വിധേയമായി അനുവദിക്കും.

* നിയമനം

ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറായി കോട്ടയം, ഗാന്ധിനഗർ സ്വദേശി ഡോ.പി.റ്റി. ബാബുരാജിനെ നിയമിച്ചു.

#kerala #cabinetdecisions
മന്ത്രിസഭായോഗ തീരുമാനങ്ങൾ (16/10/2024)
-----
* 10 ലക്ഷം രൂപ ധനസഹായം

കണ്ണൂർ ജില്ലയിൽ മാലൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ പി.ഇ.ടി പീരിഡിൽ ഫുട്ബോൾ കളിക്കിടയിൽ സ്കൂൾ മൈതാനത്തിന് സമീപം ഉപയോഗശൂന്യമായി കിടന്നിരുന്ന കിണറ്റിൽ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയവേ മരണമടഞ്ഞ വിദ്യാർത്ഥി മാസ്റ്റർ ആദർശിൻ്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 10 ലക്ഷം രൂപ ധനസഹായം അനുവദിക്കും.

* വഴയില - 11-ാം മൈൽ പാത റീച്ച് 1: ടെണ്ടർ അംഗീകരിച്ചു

തിരുവനന്തപുരം ജില്ലയിലെ വഴയില - പഴക്കുറ്റി - കച്ചേരിനട - 11-ാം മൈൽ റീച്ച് 1 നാലുവരി പാത (വഴയില മുതൽ കെൽട്രോൺ ജംഗ്ഷൻ വരെ) നിർമ്മാണത്തിനായുള്ള ടെണ്ടർ അംഗീകരിച്ചു.

#keralagovernment #cabinetdecisions
പയ്യന്നൂരിലെ ഫിഷറീസ് കോളേജിൽ രണ്ടാം വർഷ ബി.എഫ്.എസ്.സി. കോഴ്സിൻ്റെ പ്രവർത്തനത്തിന് രണ്ട് അസോസിയേറ്റ് പ്രൊഫസറുടെയും ഒരു ലാബ് അസ്സിസ്റ്റന്റിന്റെയും തസ്തികകൾ സൃഷ്ടിച്ചു. തസ്തികകൾ കരാർ നിയമനത്തിലൂടെ നികത്തണം എന്ന വ്യവസ്ഥയ്ക്ക് വിധേയമായാണിത്.

* മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തുക വിതരണം

2024 നവംബർ 20 മുതൽ 26 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 4,44,79,750 രൂപയാണ് വിതരണം ചെയ്തത്. 1386 പേരാണ് വിവിധ ജില്ലകളിൽ നിന്നുള്ള ഗുണഭോക്താക്കൾ.

ജില്ലതിരിച്ചുള്ള വിവരങ്ങൾ,

തിരുവനന്തപുരം 28 പേർക്ക് 5,75,000 രൂപ
കൊല്ലം 25 പേർക്ക് 10,95,000 രൂപ
പത്തനംതിട്ട 112 പേർക്ക് 44,80,000 രൂപ
ആലപ്പുഴ 62 പേർക്ക് 37,31,000 രൂപ
കോട്ടയം 21 പേർക്ക് 7,15,000 രൂപ
ഇടുക്കി 48 പേർക്ക് 25,89,000 രൂപ
എറണാകുളം 28 പേർക്ക് 18,39,000 രൂപ
തൃശ്ശൂർ 360 പേർക്ക് 86,20,750 രൂപ
പാലക്കാട് 143 പേർക്ക് 33,17,000 രൂപ
മലപ്പുറം 214 പേർക്ക് 65,33,000 രൂപ
കോഴിക്കോട് 158 പേർക്ക് 41,29,000 രൂപ
വയനാട് 19 പേർക്ക് 9,55,000 രൂപ
കണ്ണൂർ 23 പേർക്ക് 5,84,000 രൂപ
കാസർകോട് 145 പേർക്ക് 53,17,000 രൂപ എന്നിങ്ങനെയാണ് വിതരണം ചെയ്തത്.

#keralagovernment #cabinetdecisions
മന്ത്രിസഭായോഗ തീരുമാനങ്ങൾ (18/12/2024)
-----

* നിക്ഷേപക സംഗമം ഫെബ്രുവരിയിൽ

2025 ഫെബ്രുവരി 21, 22 തീയതികളിൽ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025 നിക്ഷേപക സംഗമം നടത്തുന്നതിന് തത്വത്തിൽ അംഗീകാരം നൽകി. കൊച്ചിയിൽ ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പരിപാടി. സമ്മിറ്റിനു മുന്നോടിയായി വിവിധ വകുപ്പുകളുടെ ഇൻവെസ്റ്റ്‌മെന്റ് പ്രപ്പോസലുകൾ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ അവതരിപ്പിക്കുന്നതിനും വൻകിട (50 കോടിയിൽ കൂടുതൽ നിക്ഷേപമുള്ള) സംരംഭങ്ങൾക്കുള്ള അനുമതികൾ സമയബന്ധിതമായി നൽകുന്നതിന് നടപടികൾ ഏകോപിപ്പിക്കാനും രൂപീകരിച്ച ചീഫ് സെക്രട്ടറി ചെയർമാനായ ഹൈപ്പവർ കമ്മിറ്റിയെ ചുമതലപ്പെടുത്തും. 2023ലെ വ്യവസായ നയത്തിനനുസൃതമായി കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനുള്ള ശ്രമങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയും ഏകോപിപ്പിക്കുകയുമാണ് നിക്ഷേപക സംഗമത്തിന്റെ ലക്ഷ്യം.

* ചെങ്കൽ ഖനനം: മൈനർ മിനറൽ കൺസഷൻ ചട്ടത്തിൽ ഭേദഗതി

ചെങ്കൽ ഖനന മേഖല അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ പരിഹരിക്കുന്നതിന് കേരള മൈനർ മിനറൽ കൺസഷൻ ചട്ടത്തിൽ ഭേദഗതി വരുത്തും. ചെങ്കല്ലിന്റെ (ലാറ്ററൈറ്റ് (ബിൽഡിംഗ് സ്റ്റോൺ)) റോയൽറ്റി നിരക്ക് നിലവിലെ 48 രൂപയിൽ നിന്നും 32 രൂപയാക്കും. 2023 ലെ കെ.എം.എം.സി. ചട്ടം 13 ഭേദഗതി ചെയ്ത് ചെങ്കൽ ഖനനത്തിന് (ലാറ്ററൈറ്റ് (ബിൽഡിംഗ് സ്റ്റോൺ)) മാത്രം ഫിനാൻഷ്യൽ ഗ്യാരണ്ടി നിലവിലുള്ള 2 ലക്ഷം രൂപയിൽ നിന്നും 50,000 യായി കുറവു ചെയ്യും. ചെങ്കല്ലിന്റെ (ലാറ്ററൈറ്റ് (ബിൽഡിംഗ് സ്റ്റോൺ)) റോയൽറ്റി തുക ഒടുക്കുന്നതിന് രണ്ടു തവണകൾ അനുവദിച്ച് ചട്ട ഭേദഗതി വരുത്തും. 31.03.2023 ലെ കെ.എം.എം.സി ചട്ടഭേദഗതി വന്നതിനുശേഷം സംസ്ഥാനത്തെ ചെങ്കൽ മേഖലയിലെ വിഷയങ്ങൾ പരിശോധിക്കാൻ ഖനനമേഖലയിലേയും മൈനിംഗ് ആന്റ് ജിയോളജി ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി രൂപീകരിച്ച കമ്മിറ്റി ശിപാർശകൾ സമർപ്പിച്ചിരുന്നു.

* പത്തുകോടി രൂപയുടെ ഭരണാനുമതി

മണാലി നദിക്ക് കുറുകെയുള്ള കൈനൂർ റെഗുലേറ്റർ കം ബ്രിഡ്ജ് എന്ന പ്രവർത്തിക്കു 10 കോടി രൂപക്ക് ഭരണാനുമതി നൽകുന്നതിന് അംഗീകാരം നൽകി.

* മാനേജിംഗ് ഡയറക്ടർമാരെ നിയമിച്ചു

വ്യവസായ വകുപ്പിനുകീഴിലുള്ള വിവിധ പൊതുമേഖല സ്ഥാപനങ്ങളിൽ മാനേജിംഗ് ഡയറക്ടർമാരെ നിയമിച്ചു. യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് - പണ്ടംപുനത്തിൽ അനീഷ് ബാബു, കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡ് - നജീബ് എം.കെ, കേരള സ്‌മോൾ ഇൻഡസ്ട്രീസ് ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് - ആർ ജയശങ്കർ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ് - ബി. ശ്രീകുമാർ, കേരള ആർട്ടിസാൻസ് ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് - മാത്യു സി. വി.

* ശമ്പള പരിഷ്‌കരണം

കിൻഫ്രയിലെ സർക്കാർ അംഗീകൃത തസ്തികകളിലെ സ്ഥിരം ജീവനക്കാരുടെ 10-ാം ശമ്പള പരിഷ്‌കരണ ശിപാർശ പബ്ലിക്ക് എന്റർപ്രൈസസ് ബോർഡ് അംഗീകരിച്ചതു പ്രകാരം ശമ്പള പരിഷ്‌കരണ കുടിശിക പിന്നീട് നൽകാമെന്ന വ്യവസ്ഥ ഒഴിവാക്കി 20.06.2017 മുതൽ നടപ്പാക്കാൻ തീരുമാനിച്ചു.

* പോലീസ് ഉന്നത സ്ഥാനക്കയറ്റം; പരിശോധനാ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ചു

ഡി ജി പി പദവിയിലേക്ക് (1995 ബാച്ച്)
1. എസ് സുരേഷ്
2. എം ആർ അജിത്കുമാർ

എ ഡി ജി പി പദവിയിലേക്ക് (2000 ബാച്ച്)
1. തരുൺ കുമാർ

ഐ ജി പദവിയിലേക്ക് (2007 ബാച്ച്)
1. ദേബേഷ് കുമാർ ബഹ്റ
2. ഉമ
3. രാജ്പാൽമീണ
4. ജയനാഥ് ജെ

ഡി ഐ ജി പദവിയിലേക്ക് (2011 ബാച്ച്)
1. യതീഷ് ചന്ദ്ര
2. ഹരി ശങ്കർ
3. കാർത്തിക് കെ
4. പ്രതീഷ് കുമാർ
5. ടി നാരായൺ

നിലവിൽ 1994 ബാച്ചിലെ മനോജ് എബ്രഹാമിന് ശേഷമാണ് ഡി ജി പി റാങ്കിലേക്കുള്ള അര്‍ഹതാ പട്ടിക.

#keralagovernment #cabinetdecisions
മന്ത്രിസഭായോഗ തീരുമാനങ്ങൾ (10- 02- 2025)
-----

▶️ സ്വകാര്യ സർവകലാശാല കരട് ബിൽ അംഗീകരിച്ചു

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കുന്നതിനും അവയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുമായി നിയമനിർമ്മാണങ്ങൾ നടത്തുന്നതിനുമുള്ള കേരള സംസ്ഥാന സ്വകാര്യ സർവ്വകലാശാലകൾ (സ്ഥാപനവും നിയന്ത്രണവും) കരട് ബില്ല് -2025 അംഗീകരിച്ചു.

📌സ്വകാര്യ സർവ്വകലാശാല സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥകൾ:

1. വിദ്യാഭ്യാസ മേഖലയിൽ അനുഭവപരിചയവും വിശ്വാസ്യതയുമുള്ള ഒരു സ്പോൺസറിംഗ് ഏജൻസിക്ക് സ്വകാര്യ സർവകലാശാലക്ക് വേണ്ടി അപേക്ഷിക്കാം.

2. സർവ്വകലാശാലയ്ക്ക് വേണ്ടി റെഗുലേറ്ററി ബോഡികൾ അനുശാസിച്ചിട്ടുള്ളത് പ്രകാരമുള്ള ഭൂമി കൈവശം വയ്ക്കണം.

3. 25 കോടി കോർപ്പസ് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണം.

4. മൾട്ടി-കാമ്പസ് യൂണിവേഴ്സിറ്റിയായി ആരംഭിക്കുകയാണെങ്കിൽ ആസ്ഥാന മന്ദിരം കുറഞ്ഞത് 10 ഏക്കറിൽ ആയിരിക്കണം.

5. സർവ്വകലാശാലയുടെ നടത്തിപ്പിൽ അധ്യാപക നിയമനം, വൈസ് ചാൻസലർ അടക്കമുള്ള ഭരണ നേതൃത്വത്തിൻ്റെ നിയമനം ഉൾപ്പെടെ വിഷയങ്ങളിൽ UGC, സംസ്ഥാന സർക്കാർ അടക്കമുള്ള നിയന്ത്രണ ഏജൻസികളുടെ നിർദ്ദേശങ്ങൾ പാലിക്കണം.

6. ഓരോ കോഴ്സിലും 40% സീറ്റുകൾ സംസ്ഥാനത്തെ സ്ഥിരം നിവാസികളായ വിദ്യാർത്ഥികൾക്ക് സംവരണം ചെയ്യും. ഇതിൽ സംസ്ഥാനത്ത് നിലവിലുള്ള സംവരണ സംവിധാനം ബാധകമാക്കും.

7 പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് നൽകുന്ന ഫീസിളവ് / സ്കോളർഷിപ്പ് നിലനിർത്തും


📌 അപേക്ഷാ നടപടിക്രമങ്ങൾ:

1. വിശദമായ പ്രോജക്ട് റിപ്പോർട്ടോടുകൂടിയ അപേക്ഷ നിശ്ചിത ഫീസ് സഹിതം സർക്കാരിന് സമർപ്പിക്കുക

2. ഭൂമിയും വിഭവങ്ങളുടെ ഉറവിടവും ഉൾപ്പെടെ സർവകലാശാലയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും പദ്ധതി റിപ്പോർട്ടിൽ ഉൾപ്പെടുത്തണം

3. നിയമത്തിൽ നൽകിയിരിക്കുന്ന വ്യവസ്ഥകൾ പ്രകാരം വിദഗ്ദ്ധ സമിതി അപേക്ഷ വിലയിരുത്തും.

4. വിദഗ്ദ്ധ സമിതിയിൽ സംസ്ഥാന സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഒരു പ്രമുഖ അക്കാദമിഷ്യൻ (Chairperson), സംസ്ഥാന സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഒരു വൈസ് ചാൻസലർ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, കേരള സംസ്ഥാനവിദ്യാഭ്യാസ കൗൺസിലിൻ്റെ നോമിനി. ആസൂത്രണ ബോർഡിൻ്റെ നോമിനി, സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ജില്ലയിലെ കലക്ടർ (Members) എന്നിവർ അംഗങ്ങളാകും.

5. വിദഗ്ദ്ധ സമിതി രണ്ട് മാസത്തിനകം തീരുമാനം സർക്കാരിന് സമർപ്പിക്കണം

6. സർക്കാർ അതിൻ്റെ തീരുമാനം സ്പോൺസറിംഗ് ബോഡിയെ അറിയിക്കും

7. നിയമസഭപാസാക്കുന്ന നിയമ ഭേദഗതിയിലൂടെ സർവകലാശാലയെ നിയമത്തിനൊപ്പം ചേർത്തിരിക്കുന്ന ഷെഡ്യൂളിൽ ഉൾപ്പെടുത്തും.

8. സ്വകാര്യ സർവ്വകലാശാലകൾക്ക് മറ്റ് പൊതു സർവ്വകലാശാലകളെപ്പോലെ എല്ലാ അധികാരങ്ങളും അവകാശങ്ങളും ഉണ്ടാകും .

📌 മറ്റ് നിബന്ധനകൾ:

1. സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം ഉണ്ടാകില്ല. പക്ഷേ, ഫാക്കൽറ്റിക്ക് ഗവേഷണ ഏജൻസികളെ സമീപിക്കാം.

2. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും സംസ്ഥാന സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന മറ്റൊരു വകുപ്പ് സെക്രട്ടറിയും സ്വകാര്യ സർവ്വകലാശാലയുടെ ഗവേണിംഗ് കൗൺസിലിൽ ഉണ്ടായിരിക്കും.

3. സംസ്ഥാന ഗവൺമെൻ്റിന്റെ ഒരു നോമിനി സ്വകാര്യ സർവ്വകലാശാലയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ അംഗമായിരിക്കും

4. സംസ്ഥാന ഗവൺമെൻ്റിൻ്റെ 3 നോമിനികൾ സ്വകാര്യ സർവ്വകലാശാലയുടെ അക്കാഡമിക് കൗൺസിലിൽ അംഗമായിരിക്കും.

5. അധ്യാപകരുടെയും ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും അനധ്യാപകരുടെയും ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും പരാതി പരിഹാര സംവിധാനങ്ങൾ ഉണ്ടായിരിക്കുകയും ചെയ്യും.

6. PF ഉൾപ്പടെ ജീവനക്കാരുടെ അവകാശങ്ങൾ ഉറപ്പു വരുത്തണം.


▶️ നിലവിലുള്ള സർവകലാശാല നിയമത്തിൽ ഭേദഗതി


22.01.2025 ലെ മന്ത്രിസഭായോഗം അംഗീകരിച്ച The University Laws (Amendment) (No.1) Bill, 2025, സർവ്വകലാശാല നിയമ (ഭേദഗതി) (നം.2) ബിൽ, 2025 എന്നീ ബില്ലുകളിൽ സർവകലാശാലകളുടെ ഭൂപ്രദേശം സംബന്ധിച്ച് ഉൾപ്പെടുത്തിയിരിക്കുന്ന ഭേദഗതിയിൽ സംസ്ഥാനത്തിന് പുറത്തും രാജ്യത്തിന് പുറത്തും സ്റ്റഡി സെന്ററുകൾ സ്ഥാപിക്കുന്നതിന് സർവകലാശാലകളെ അനുവദിക്കുന്ന രണ്ടാം ഉപവകുപ്പ് ഒഴിവാക്കും.
സർവകലാശാല ഭേദഗതി ബിൽ നിയമമാകുമ്പോൾ സർവകലാശാലകളിൽ നിലവിലുള്ള സിൻഡിക്കേറ്റ്, സെനറ്റ്, അക്കാഡമിക് കൗൺസിൽ, ഫാക്കൽറ്റി, ബോർഡ് ഓഫ് സ്റ്റഡീസ് എന്നിവ പുനഃസംഘടിപ്പിക്കുവാൻ വരുന്ന കാലതാമസം മൂലമുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി ഭേദഗതി ബില്ലുകളിൽ പ്രത്യേക വ്യവസ്ഥ ഉൾപ്പെടുത്തും.

ഈ ആക്ട് നിലവിൽ വരുന്നതിന് മുൻപ് ബന്ധപ്പെട്ട സർവകലാശാലാ ആക്ടുകൾ പ്രകാരം രൂപീകരിക്കപ്പെട്ട സിൻഡിക്കേറ്റ്, സെനറ്റ് നിർവാഹകസമിതി എന്നിവ രൂപീകരിക്കുന്നത് വരെയോ നിലവിലുള്ള കാലാവധി പൂർത്തിയാവുന്നത് വരെയോ ഇതാണോ ആദ്യം അതുവരെ തുടരുമെന്നതാണ് വ്യവസ്ഥ.

2.01.2025 ലെ മന്ത്രിസഭാ യോഗം അംഗീകരിച്ച നിയമനിർമ്മാണത്തിനുള്ള കരട് മെമ്മോറാണ്ടത്തിൽ ഇവ ഉൾപ്പെടുത്തി അംഗീകരിച്ച് തുടർ നടപടിക്കായി നിയമ വകുപ്പിന് കൈമാറാൻ തീരുമാനിച്ചു.

#cabinetdecisions #kerala
* മന്ത്രിസഭായോഗ തീരുമാനങ്ങൾ (19/02/2025)
-------

* ദർഘാസ് അംഗീകരിച്ചു

തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ മണക്കാട്-വലിയതുറ റോഡ്, ബീമാപ്പള്ളി-വലിയതുറ റോഡ് , വലിയതുറ -എയർ പോർട്ട് റോഡ് എന്നിവയുടെ പുനരുദ്ധാരണ പ്രവൃത്തിക്കായുള്ള 8,30,41,042.53 രൂപയുടെ ദർഘാസ് അംഗീകരിച്ചു.

* ടെണ്ടര്‍ അംഗീകരിച്ചു

'supply, laying, testing and commissioning of 200mm DI K9 Clear Water Pumping Main from WTP to 5.5 LL OHSR at Vettichankunnu under JJM WSS to Aryanadu and Uzhamalakkal panchayaths.' എന്ന പ്രവൃത്തിയ്ക്ക് 3,44,10,871.65 രൂപയുടെ ടെണ്ടര്‍ അംഗീകരിച്ചു.

* കരാര്‍ അംഗീകരിച്ചു

കണ്ണൂർ ജില്ലയിൽ കിഫ്ബി ധനസഹായത്തോടെ നടപ്പിലാക്കുന്ന പേരാവൂർ മുഴക്കുന്ന്, അയ്യൻകുന്ന് ജലവിതരണ പദ്ധതിയുടെ പാക്കേജ് III ൽ ഉൾപ്പെട്ട ഉന്നതതല സംഭരണി, ഗ്രാവിറ്റി മെയിൻ, പൈപ്പ് ലൈൻ പ്രവൃത്തിക്കുള്ള കരാര്‍ അംഗീകരിക്കുന്നതിനുള്ള അനുമതി കേരള വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടർക്ക് നൽകി.

* ശമ്പള പരിഷ്ക്കരണം

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്ക്കരിക്കാൻ തീരുമാനിച്ചു. ചെയർമാന് ജില്ലാ ജഡ്‌ജിമാരുടെ സൂപ്പർ ടൈം സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യവും അംഗങ്ങൾക്ക് ജില്ലാ ജഡ്‌ജിമാരുടെ സെലക്ഷൻ ഗ്രേഡ് സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യവുമായിരിക്കും പുതുക്കിയ ശമ്പളം. മറ്റ് സംസ്ഥാനങ്ങളിലെ പിഎസ് സി ചെയര്‍മാന്‍റെയും അംഗങ്ങളുടെയും നിലവിലുള്ള സേവനവേതന വ്യവസ്ഥ ഉള്‍പ്പെടെ പരിഗണിച്ച ശേഷമാണ് തീരുമാനം.

വ്യാവസിക ട്രിബ്യൂണലുകളില്‍ പ്രിസൈഡിങ്ങ് ഓഫീസര്‍മാരുടെ ശമ്പളവും അലവന്‍സുകളും സബോര്‍ഡിനേറ്റ് ജുഡീഷ്യറിയിലെ ജുഡീഷ്യല്‍ ഓഫീസര്‍മാരുടേതിന് സമാനമായി പരിഷ്ക്കരിക്കും.

* ആശാ തോമസ് കെ - റെറ ചെയര്‍പേഴ്സണ്‍

കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി ചെയര്‍പേഴ്സണായി ഡോ. ആശാ തോമസ് ഐ എ എസിനെ നിയമിക്കും.

* പട്ടയം നല്‍കും

മലപ്പുറം കൊണ്ടോട്ടി താലൂക്കില്‍ പുറമ്പോക്കില്‍ ദീര്‍ഘകാലമായി താമസിച്ചു വരുന്ന 23 കൈവശക്കാര്‍ക്ക് ഭൂമിയിലെ ധാതുകളുടെ പൂര്‍ണമായ അവകാശം സര്‍ക്കാരിനായിരിക്കുമെന്ന വ്യവസ്ഥയ്ക്ക് വിധേയമായി പട്ടയം നല്‍കും.

* സര്‍ക്കാര്‍ ഗ്യാരണ്ടി

കേരള സ്റ്റേറ്റ് ടെക്സ്റ്റെയില്‍ കോര്‍പ്പറേഷന്‍റെ യൂണിറ്റ് മില്ലുകളായ കോട്ടയം ടെക്സ്റ്റെയില്‍സിനും പ്രഭുറാം മില്ലിനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും കടമെടുത്ത 180 ലക്ഷം പ്രവര്‍ത്തന മൂലധന വായ്പയുടെ സര്‍ക്കാര്‍ ഗ്യാരണ്ടി കാലയളവ് 01/01/2025 മുതല്‍ രണ്ട് വര്‍ഷത്തേക്ക് നീട്ടി നല്‍കും.

* പാട്ട നിരക്കില്‍ ഭൂമി

മത്സ്യബന്ധന വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ് ഫിഷറീസ് റിസോഴ്സ് മാനേജ്മെന്‍റ് സൊസൈറ്റിക്ക് ഓഷ്യനേറിയം സ്ഥാപിക്കുന്നതിന് ഏറണാകുളം പുതുവൈപ്പ് വില്ലേജില്‍ ഏക്കര്‍ ഒന്നിന് 1000 രൂപ വാര്‍ഷിക പാട്ട നിരക്കില്‍ ഭൂമി നല്‍കും.

* സാധൂകരിച്ചു

എക്സൈസ് വകുപ്പിലെ എന്‍ട്രി കേഡറിലെ ഡ്രൈവര്‍ തസ്തിക പുനര്‍നാമകരണം ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ച നടപടി സാധൂകരിച്ചു.

#cabinetdecisions #keralagovernment