Kerala Government
443 subscribers
371 photos
174 videos
935 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുന്ന തൊഴിലാളികൾക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ ക്ഷേമനിധിയ്ക്ക് കേരള സർക്കാർ തുടക്കം കുറിച്ചു.

ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളി പ്രതിമാസം 50 രൂപയും തുല്യമായ വിഹിതം സര്‍ക്കാരും അടക്കും. ഇപ്രകാരം ലഭിക്കുന്ന തുക തൊഴിലാളികളുടെ പെന്‍ഷനും മറ്റു ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കുന്നതാണ്. 60 വയസ്സ് പൂര്‍ത്തിയായിട്ടുള്ള അംഗങ്ങള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കും. 10 വര്‍ഷത്തില്‍ കുറയാത്ത കാലത്തേക്ക് അംശാദായം അടച്ചിട്ടുള്ള ഒരംഗം മരണപ്പെട്ടാല്‍ കുടുംബ പെന്‍ഷന്‍ ലഭിക്കും.

അസുഖമോ അപകടമോ കാരണം മരണപ്പെട്ടാലും സാമ്പത്തിക സഹായം നല്‍കും. തൊഴിലില്‍ ഏര്‍പ്പെടാന്‍ കഴിയാത്ത സാഹചര്യം മൂലം നിധിയിലെ അഗത്വം അവസാനിപ്പിക്കേണ്ടി വന്നാല്‍ ഒരംഗം അടച്ച അംശാദായം പലിശ സഹിതം മടക്കി നല്‍കും. ഗുരുതരമായ രോഗം ബാധിച്ച അംഗങ്ങള്‍ക്ക് ചികിത്സയ്ക്കായി സാമ്പത്തികസഹായം നല്‍കും. അംഗങ്ങളുടെ മക്കളുടെ പഠനത്തിനും വിവാഹത്തിനുമടക്കം സാമ്പത്തികസഹായം ലഭ്യമാക്കും.

വെല്ലുവിളികളെ മറികടന്ന് തൊഴിലുറപ്പു പദ്ധതിയെ ശക്തിപ്പെടുത്തുവാൻ കേരള സർക്കാരിനു സാധിച്ചു. കേരളത്തിന് കേന്ദ്രം അനുവദിച്ച ഫണ്ടില്‍ 822 കോടി രൂപയുടെ കുറവുണ്ടായപ്പോഴും തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കാൻ നമുക്ക് സാധിച്ചു. 2021-ല്‍ 10.23 കോടി തൊഴില്‍ ദിനങ്ങളാണുണ്ടായിരുന്നതെങ്കില്‍ 2022-ല്‍ അത് 10.59 കോടി തൊഴില്‍ ദിനങ്ങളായി വര്‍ദ്ധിച്ചു.

ദേശീയ തലത്തില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഒരു കുടുംബത്തിനു ശരാശരി 50 തൊഴില്‍ ദിനങ്ങള്‍ മാത്രം ലഭിച്ചപ്പോള്‍ കേരളത്തില്‍ 64 തൊഴില്‍ ദിനങ്ങള്‍ ലഭിച്ചു. നൂറുദിവസം തൊഴില്‍ ലഭിച്ച കുടുംബങ്ങളുടെ ശരാശരി ദേശീയ തലത്തില്‍ 8 ശതമാനമാണ്. കേരളത്തിലാകട്ടെ അത് 31 ശതമാനമാണ്. പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ തൊഴില്‍ ദിനങ്ങളുടെ ദേശീയ ശരാശരി 57 ആണെങ്കില്‍ കേരളത്തിന്റേത് 86 ആണ്. സംസ്ഥാന ഖജനാവില്‍ നിന്ന് പണം വിനിയോഗിച്ച് പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് നൂറ് അധിക തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുന്ന ഏക സംസ്ഥാനം കേരളമാണ്.

കേരളത്തിലെ തൊഴിലുറപ്പ് പദ്ധതിത്തൊഴിലുകളില്‍ 90 ശതമാനവും സ്ത്രീകള്‍ക്കാണ് ലഭിക്കുന്നത്. കേരളത്തില്‍ ആകെ 27 ലക്ഷത്തോളം തൊഴിലാളികള്‍ ഈ പദ്ധതിയെ ആശ്രയിക്കുന്നുണ്ട് എന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.

തൊഴിലുറപ്പു പദ്ധതിയെ കൂടുതല്‍ മികവുറ്റതാക്കി സാമൂഹിക പുരോഗതിക്ക് ഉപയോഗിക്കുക എന്നതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. അതിന്റെ ദൃഷ്ടാന്തമാണ് കേരളം രൂപീകരിച്ചിരിക്കുന്ന തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്.

#kerala #mnregs #welfarefund