Project Kerala
68 subscribers
1 photo
13 videos
1 file
52 links
To discuss about 'Responsible Development ' for Kerala
Download Telegram
​​കടലിന്റെ മക്കൾക്ക‌് ഹൈടെക‌് സുരക്ഷയൊരുക്കുന്നതിനായി സംസ്ഥാനത്തെ 222 മത്സ്യഗ്രാമങ്ങൾ സൗജന്യ വൈ ഫൈ പരിധിയിലേക്ക‌്. ഐടി മിഷൻ നടപ്പാക്കുന്ന ‘കെ‐ഫൈ’ സൗജന്യ വൈ ഫൈ പദ്ധതിയുടെ രണ്ടാംഘട്ടത്തിലാണ‌് ഈ സംവിധാനം ഏർപ്പെടുത്തുന്നത‌്. ഹോട്ട‌് സ‌്പോട്ടുകൾ സ്ഥാപിക്കുന്നതിനുള്ള ഇടങ്ങൾ നിശ്ചയിക്കുന്നതിന‌് ഐടി മിഷൻ ആരംഭിച്ച സർവേ അന്തിമ ഘട്ടത്തിലാണ‌്. രണ്ടാംഘട്ടത്തിൽ സ്ഥാപിക്കുന്ന ആയിരം ഹോസ‌്പോട്ടിൽ ഉൾപ്പെടുത്തിയാകും മത്സ്യഗ്രാമങ്ങളിൽ ഹോട‌്സ‌്പോട്ട‌് സ്ഥാപിക്കുക. മത്സ്യത്തൊഴിലാളികൾക്കുള്ള വിവിധ അറിയിപ്പുകൾ, വിവരങ്ങൾ, സുരക്ഷാ മുന്നറിയിപ്പുകൾ തുടങ്ങിയവ ഇനി അതിവേഗം ലഭിക്കും.

ഇന്റർനെറ്റ‌് അവകാശമാക്കുക എന്ന നയത്തിന്റെ ഭാഗമായാണ‌് ഐടി മിഷൻ ‘കെ‐ഫൈ’ ആരംഭിച്ചത‌്. കേരളത്തിലുടനീളം തെരഞ്ഞെടുത്ത പൊതുസ്ഥലങ്ങളിൽ സൗജന്യ ഹോട‌്സ‌്പോട്ടുകൾ സ്ഥാപിച്ച‌് സർക്കാരിന്റെ സേവനങ്ങളടക്കം വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ജനങ്ങളിലെത്തിക്കും. ഇതിനായി 2000 ഹോട‌്സ‌്പോട്ടുകളാണ‌് സ്ഥാപിക്കുക. ആദ്യഘട്ടമായി 1000 എണ്ണം സ്ഥാപിച്ചു. രണ്ടാംഘട്ടത്തിന്റെ പ്രവൃത്തി ഉടൻ തുടങ്ങും. ഇതിനായി ഹോട‌്സ‌്പോട്ടുകളുടെ പട്ടിക തയ്യാറാക്കിയപ്പോഴാണ‌് ഓഖി ദുരന്തം. ഇതോടെ രണ്ടാംഘട്ടത്തിൽ മുഴുവൻ മത്സ്യഗ്രാമങ്ങളെയും ഉൾപ്പെടുത്താൻ തീരുമാനിച്ചു.

പാറശാലമുതൽ മഞ്ചേശ്വരംവരെയുള്ള തീരദേശത്തെ മത്സ്യത്തൊഴിലാളികൾ താമസിക്കുന്ന തുറയും മത്സ്യം പിടിച്ച‌് കരയ‌്ക്കടുപ്പിക്കുന്ന കേന്ദ്രവും ഉൾപ്പെടുത്തി വിജ്ഞാപനം ചെയ‌്തവയാണ‌് മത്സ്യഗ്രാമങ്ങൾ. ജനം കൂടുതൽ കേന്ദ്രീകരിക്കുന്ന സ്ഥലങ്ങളിൽ, തുരുമ്പെടുക്കാത്ത പ്രത്യേക തൂണിലാകും ഹോട‌്സ‌്പോട്ട‌് സ്ഥാപിക്കുക. ഇവയെ ഈർപ്പത്തിൽനിന്ന‌് സംരക്ഷിക്കുന്നതിനുള്ള സംവിധാനവും ഒരുക്കും. ഓരോ കേന്ദ്രത്തിലും രണ്ട‌് വൈ ഫൈ ആക്‌സസ‌് പോയിന്റും പത്ത‌് എംബിപിഎസ‌് ബാൻഡ‌് വിഡ‌്ത്തുമാണ‌് ഹോട‌്സ‌്പോട്ടിനുണ്ടാകുക.

70 മീറ്ററാണ‌് പരിധി. ഇൗ പരിധിയിൽനിന്ന‌് റോമിങ‌് സൗകര്യത്തോടെ ദിവസവും 300 എംബി ഡാറ്റ സൗജന്യമായി ഉപയോഗിക്കാം. അത‌് കഴിഞ്ഞാൽ സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ റീചാർജ‌് കൂപ്പണോ വൗച്ചറോ ഉപയോഗിച്ച‌് തുടർന്നും ഉപയോഗിക്കാം. എന്നാൽ, സർക്കാർ സേവനങ്ങൾ പരിധിയില്ലാതെ സൗജന്യമായി ലഭ്യമാകും. ഇത‌് മത്സ്യത്തൊഴിലാളികൾക്ക‌് ഏറെ സഹായകമാകും.
​​ഭാവിയില്‍ ഒരുപക്ഷെ കേരളത്തെ ആഗോള വാഹന നിര്‍മ്മാണ വ്യവസായ ഭൂപടത്തില്‍ രേഖപെടുത്താന്‍ പോകുന്നത് അത്യാധുനിക വാഹനങ്ങളുടെ ഡിസൈനിലും വികസനത്തിലും പങ്കുവഹിക്കുന്ന പ്രധാന കേന്ദ്രമായിട്ടാവും. വാഹന വിപണിയിലെ ഭാവി എന്നു വിളിക്കപെടുന്ന ഇലക്‍ട്രോണിക്‍ വാഹനങ്ങളും ഡ്രൈവര്‍ ഇല്ലാ വാഹനങ്ങളുമൊക്കെ രൂപകല്‍പന ചെയ്യുന്നതും അവക്ക് വേണ്ടി ഉന്നത ശ്രേണിയിലുള്ള 'കോഡ്' എഴുതുന്നതുമൊക്കെ കേരളത്തില്‍ നിന്നു കൂടിയായിരിക്കും.

ആഗോള വാഹനനിര്‍മ്മാതാക്കളായ നിസാന്റെ ആദ്യ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബ് കേരളത്തില്‍ സ്ഥാപിക്കുകയണ്. ഇതിനായി നിസാന്‍ ഡിജിറ്റല്‍ ഹബ്ബ് സ്ഥാപിക്കാന്‍ സ്ഥലം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതായും കേരള സര്‍ക്കാര്‍ വ്യക്തമാക്കി. ഇലക്ട്രിക്, ഓട്ടോമേറ്റഡ് വാഹനങ്ങള്‍ക്കുള്ള ഗവേഷണവും സാങ്കേതികവികസനവുമാണ് നിസാന്‍ ഡിജിറ്റല്‍ ഹബ്ബില്‍ നടക്കുക. നിസാന്‍, റെനോള്‍ട്ട്, മിറ്റ്‌സുബിഷി തുടങ്ങിയ വാഹനനിര്‍മ്മാതാക്കള്‍ക്കു വേണ്ടിയാണ് ഫ്രാങ്കോജപ്പാന്‍ സഹകരണസംഘമായ നിസാന്‍ ഡിജിറ്റല്‍ ഹബ്ബ് സ്ഥാപിക്കുന്നത്.

ടെക്‌നോസിറ്റിയില്‍ ആദ്യഘട്ടത്തില്‍ 30 ഏക്കറും രണ്ടാം ഘട്ടത്തില്‍ 40 ഏക്കറും സ്ഥലം നിസാന് കൈമാറും. ടെക്‌നോപാര്‍ക്ക് ഫേസ് മൂന്നില്‍ നിസാന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാനാണ് തീരുമാനം. നിസാന്‍ ഡിജിറ്റല്‍ ഹബ്ബ് സ്ഥാപിക്കുന്നതിന് മന്ത്രിസഭായോഗം നേരത്തെ അനുമതി നല്‍കിയിരുന്നു.

ഐ ടി അധിഷ്ഠിതവ്യവസായത്തിന്റെ കേന്ദ്രമായി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളാണ് നിസാന്റെ ആദ്യ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബ് കേരളത്തിലേക്ക് എത്തിച്ചത്. സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ജപ്പാനിലെ നിസാന്‍ ഹെഡ്‌ക്വാര്‍ട്ടേര്‍സ് സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസിലാക്കി. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ക്ഷണപ്രകാരം നിസാന്‍ കമ്പിനി പ്രതിനിധികള്‍ കേരളത്തിലെത്തി ചര്‍ച്ച നടത്തി ഡിജിറ്റല്‍ ഹബ്ബിനുള്ള സാധ്യതകള്‍ പരിശോധിച്ചു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ തീരുമാനമനുസരിച്ച് രൂപീകരിച്ച കോര്‍കമ്മിറ്റി ഡിജിറ്റല്‍ ഹബ്ബിനുള്ള രൂപരേഖ തയ്യാറാക്കുകയും ചെയ്തു. ആദ്യ വര്‍ഷം 3,500 പേര്‍ക്കും ആറുവര്‍ഷത്തിനുള്ളില്‍ 10,000 പേര്‍ക്കും നേരിട്ട് ഉയര്‍ന്ന സാങ്കേതിക വിദ്യാധിഷ്ഠിത ജോലി ലഭ്യമാകുമെന്നാണ് കരുതുന്നത്.
​​പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 241.69 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി . 20l8-2019 ബജറ്റിൽ ഉൾപ്പെടുത്തി കിഫ്ബി മുഖേന നടപ്പാക്കുന്ന പദ്ധതികൾക്കുപുറമെയാണ് ഈ തുക. വിദ്യാഭ്യാസ വകുപ്പിന്റെ തനതുഫണ്ടിൽനിന്ന് മന്ത്രി സി രവീന്ദ്രനാഥിന്റെ നിർദേശാനുസരണമാണ് തുക നൽകുന്നത് .

94 ഹൈസ്ക്കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് 135.84 കോടിയുടെ പദ്ധതിക്കാണ് ഭരണാനുമതി. ഈ വിഭാഗത്തിൽ ഓരോ സ്ക്കൂളിനും 20 ലക്ഷം മുതൽ മൂന്ന് കോടി വരെ ലഭിക്കും.

രണ്ടാമത്തെ വിഭാഗത്തിൽ 34 പ്രൈമറി വിദ്യാലയങ്ങൾക്ക് കെട്ടിടനിർമ്മാണത്തിനായി 4232.45 ലക്ഷം രൂപയാണ് അനുവദിച്ചത് .

13 വൊക്കേഷണൽ ഹയർ സെക്കൻഡറികളുടെ കെട്ടിട നിർമ്മാണത്തിന് 12.36 കോടിയുടെ പദ്ധതിക്കാണ് അനുമതി .പത്തുലക്ഷം മുതൽ ഒന്നരകോടിവരെയാണ് ഓരോസ്ക്കൂളിനും അനുവദിച്ചത് .

പൊതുമരാമത്ത് വകുപ്പ് ,എൽഎസ്ജിഡി, ഊരാളുങ്കൽ , നിർമിതി കേന്ദ്ര എന്നിവയ്ക്കാണ് നിർമ്മാണചുമതല .

33 ഗവ.ഹയർ സെക്കൻഡറികൾക്ക് കെട്ടിട നിർമ്മാണത്തിന് അരക്കോടി മുതൽ രണ്ടരക്കോടി രൂപവരെയുള്ള പദ്ധതിയുമുണ്ട്
​​വിവര സാങ്കേതികമേഖലയിൽ രണ്ട‌് വർഷത്തിനകം 75,000 പുതിയ തൊഴിലവസരങ്ങളുമായി വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി കേരളം. 6600 കോടി രൂപയുടെ പുതിയ നിക്ഷേപമുണ്ടാകും. ടെക‌്നോപാർക്കിൽ 4300 കോടി രൂപയുടെയും ഇൻഫോപാർക്കിൽ 2300 കോടി രൂപയുടെയും നിക്ഷേപമാണ‌് വരുന്നത‌്. ഇന്ത്യയിൽ ഐടിരംഗത്ത‌് ഏറ്റവുമധികം നേട്ടമുണ്ടാക്കുന്ന സംസ്ഥാനമായി സമീപ ഭാവിയിൽ കേരളം മാറും. ഒമ്പത‌് വൻകിട കമ്പനികളാണ‌് പദ്ധതികൾ ആരംഭിക്കാൻ ധാരണാപത്രം ഒപ്പിട്ടത‌്.

തിരുവനന്തപുരം ടെക്നോപാർക്ക‌്, കൊച്ചി ഇൻഫോപാർക്ക‌്, കോഴിക്കോട് സൈബർപാർക്ക‌് എന്നിവിടങ്ങളിൽ 2019﹣20ൽ 60,000 തൊഴിലവസരമുണ്ടാകും. നിലവിൽ മൂന്നുപാർക്കിലെയും വിവിധ കമ്പനികളിലായി 92,000 പേർ ജോലിചെയ്യുന്നു. 2018ൽ ടെക്നോപാർക്കിൽ മാത്രം 30 കമ്പനികൾ പ്രവർത്തനമാരംഭിച്ചു. ഇതിൽ ഭൂരിഭാഗവും വിദേശ കമ്പനികളാണ്. ടെക‌്നോപാർക്ക‌് ആരംഭിച്ചശേഷമുള്ള ഏറ്റവും വലിയ നിക്ഷേപമാണ‌് വരുംവർഷങ്ങളിൽ നടക്കുക. ഇതുവരെ 4000 കോടിയോളം രൂപയുടെ നിക്ഷേപമാണ‌് നടന്നത‌്. അടുത്ത രണ്ടുവർഷങ്ങളിലായിമാത്രം 4300 കോടി രൂപയുടെ നിക്ഷേപമെത്തും.

യുഎസ് കമ്പനികളായ ടോറസ് 2000 കോടിയുടെയും സ്പെറിഡയൻ 200 കോടിയുടെയും നിക്ഷേപമെത്തിക്കും. 2020 ഓടെ പൂർത്തിയാകുന്ന ടോറസ് കമ്പനിയിൽ 15,500 തൊഴിലവസരമാണ‌് പ്രതീക്ഷിക്കുന്നത‌്. 48 ലക്ഷം ചതുരശ്ര അടി സ്ഥലത്താണ് ടോറസിന‌് കെട്ടിടം നിർമിക്കുന്നത‌്.കുവൈത്ത് കേന്ദ്രമായ വിർടസ് ഗ്രീൻ കമ്പനി രണ്ടുലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടത്തിന്റെ നിർമാണം ഉടൻ ആരംഭിക്കും. 200 കോടിയാണ് പ്രാഥമികനിക്ഷേപം. ഇവിടെ 1000 പേർക്ക് തൊഴിൽ കിട്ടും. ആറുലക്ഷം ചതുരശ്രഅടി ഐടി കെട്ടിടം നിർമാണത്തിന് തുടക്കമിട്ട കാർണിവൽ ഗ്രൂപ്പ് 600 കോടിയാണ് ആദ്യഘട്ടത്തിൽ നിക്ഷേപിക്കുക. 5000 പേർക്കാണ് തൊഴിൽ ലഭിക്കും.

മൂവായിരം പേർക്ക‌് തൊഴിൽ നൽകാനാകുന്ന നിസാൻ ഡിജിറ്റൽ ഹബ് 2019ൽ പ്രവർത്തനമാരംഭിക്കും. തൽക്കാലം ടെക്നോപാർക്കിന്റെയും മറ്റും കെട്ടിടം വാടകയ്ക്കെടുത്ത് 1500 പേർക്ക് തൊഴിലവസരം 2019ൽ തന്നെ സൃഷ്ടിക്കും. സൺടെക് ടെക്നോപാർക്കിൽ അവരുടെ രണ്ടാംഘട്ട ഐടി പാർക്ക‌് 2019ൽ പൂർത്തിയാക്കുന്നതോടെ 2000 പേർക്ക് തൊഴിൽ ലഭിക്കും.അഞ്ചുവർഷംമുമ്പ‌് 336 കമ്പനികളായിരുന്ന ടെക‌്നോപാർക്കിൽ ഇപ്പോൾ 400 ഐടി കമ്പനിയുണ്ട‌്. 45,000 പേർ ജോലിചെയ്തിരുന്നിടത്ത് ഇപ്പോൾ 56,000 ആയി ഉയർന്നു. 2018ൽ മാത്രം 30 കമ്പനിയാണ‌് ആരംഭിച്ചത‌്. 3000 പേർക്ക് അധികം തൊഴിൽ ലഭിച്ചു.
കൊച്ചി ഇൻഫോപാർക്കിൽ 35,20 0 പേരാണ‌് ഐടിമേഖലയിൽ ജോലിചെയ്യുന്നത‌്. 2018ൽ ഇതുവരെ 2200 പേർക്ക‌് ജോലി ലഭിച്ചു. ഇൻഫോപാർക്കിൽ ഇതുവരെ 1590 കോടിയാണ് നിക്ഷേപമുണ്ടായത്. രണ്ടാംഘട്ടം ഉൾപ്പെടുന്ന 160 ഏക്കറിൽ എട്ട് കമ്പനിയാണ് നിർമാണം തുടങ്ങുന്നത്. 1200 കോടിയാണ് പ്രാഥമിക നിക്ഷേപം.
കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളവും ഇന്ത്യയിലെ നാലാമത്തെ വലിയ വിമനത്തവളവുമായ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘടനത്തിനായി സജ്ജം. എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം ബോയിങ് 737-800 ഇന്ന് കണ്ണൂർ എയർപോർട്ടിൽ വിജയകരമായി പരീക്ഷണ പറക്കൽ നടത്തി. കഴിഞ്ഞ രണ്ടു വർഷം കൊണ്ട് സമയബന്ധിതമായി വിമാനത്താവളത്തിന്റെ 75% പണികളും പൂർത്തിയാക്കിയ സർക്കാരും കിയാലും അഭിനന്ദനം അർഹിക്കുന്നു.
​​കേരള ബാങ്ക് രൂപീകരണവുമായി മുന്നോട്ടുപോകാൻ റിസർവ് ബാങ്ക് തത്വത്തിൽ അംഗീകാരം നൽകി. ഇത‌്സംബന്ധിച്ച‌് ബുധനാഴ‌്ച സംസ്ഥാന സർക്കാരിന‌് റിസർവ് ബാങ്കിന്റെ കത്ത‌് ലഭിച്ചു. റിസർവ് ബാങ്ക് മാനദണ്ഡപ്രകാരമുള്ള സാമ്പത്തികവും നിയമപരവും ഭരണപരവുമായ വ്യവസ്ഥകൾ പാലിച്ച‌് 2019 മാർച്ച് 31നുമുമ്പ‌് നടപടികൾ പൂർത്തീകരിക്കണം. ഇക്കാര്യം റിസർവ് ബാങ്കിനെ ബോധ്യപ്പെടുത്തി അന്തിമാനുമതിയും തുടർ ലൈസൻസിങ‌് നടപടികളും സാധ്യമാക്കണമെന്നും കത്തിൽ നിർദേശമുണ്ട‌്.

സാധാരണക്കാരന് ആധൂനിക ബാങ്കിങ് അനുഭവം നല്‍കാന്‍ കഴിയുന്ന തരത്തിലാണ് കേരള ബാങ്ക് രൂപീകരിക്കുന്നത്‌. കേരളത്തിലെ സഹകരണ മേഖലയിലെ ആധുനിക വത്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളില്‍ കോര്‍ ബാങ്കിംഗ് നടപ്പാക്കി വരികയാണ്.

കേരള ബാങ്ക് രൂപീകൃതമാകുന്നതോടെ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ഇപ്പോള്‍ ചെയ്യാന്‍ കഴിയാത്ത പ്രവൃത്തികള്‍, കേരള ബാങ്കിന്റെ പ്രതിനിധി എന്ന നിലയില്‍ അവര്‍ക്ക് ചെയ്യാനുളള സംവിധാനം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചന. പദ്ധതി നടപ്പായാല്‍ ബാങ്കിങ് സേവനം കേരളത്തിലെ ഓരോ കോണിലും എത്തുന്ന അവസ്ഥ ഉണ്ടാവും. മറ്റ് പൊതു മേഖല ബാങ്കുകള്‍ക്ക് നല്‍കാന്‍ കഴിയുന്ന എല്ലാ പ്രവര്‍ത്തികളും ചെയ്യാന്‍ സാധിക്കുന്ന തരത്തിലാവും കേരളാ ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുക.
​​കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഏറോഡ്രാം ലൈസന്‍സ് അനുവദിച്ചു.പരീക്ഷണ പറക്കല്‍ വിജയമാക്കിയതിന്റെ പശ്ചാത്തലത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ( ഡിജിസിഎ) അനുമതി നല്‍കുകയായിരുന്നു

റണ്‍വേ, റണ്‍വേ ലൈറ്റ്, ഏപ്രണ്‍, ഡിവിഒആര്‍, ഐസൊലേഷന്‍ ബേ, ഇലക്ട്രിക്കല്‍ ആന്‍ഡ് ലൈറ്റിനിങ് സംവിധാനം, ഫയര്‍ സ്റ്റേഷന്‍ തുടങ്ങിയവയൊക്കെ വിശദമായി തന്നെ ഡിജിസിഎ പരിശോധിച്ചിരുന്നു. 11 വിദേശ വിമാനക്കമ്പനികള്‍ ആറ് ആഭ്യന്തര സര്‍വീസുകള്‍ എന്നിവരാണ് പ്രവര്‍ത്തനാനുമതിക്കായി കാത്തുനിന്നിരുന്നത്.

ഇപ്പോഴത്തെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ഇവര്‍ക്കുള്ള സീറ്റുകള്‍ നിശ്ചയിക്കുന്നതും റൂട്ട് നല്‍കുന്നതുമായ നടപടികളും ഇതോടെ വേഗത്തിലാക്കും. വിമാനത്താവളവുമായി ബന്ധപ്പെട്ട് മറ്റെല്ലാ പരിശോധനകളും നേരത്തെ തന്നെ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.ഇതിനുപിന്നാലെയാണ് ഏറോഡ്രാം ലൈസന്‍സ് വ്യാഴാഴ്ച ഡിജിസിഐ നല്‍കുകയുണ്ടായത്‌
​​കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഡിസംബര്‍ 9-ന് ഉദ്ഘാടനം ചെയ്യപ്പെടും. വിമാനത്താവളത്തിനുളള ഏറോഡ്രാം ലൈസന്‍സ് വ്യാഴാഴ്ച ഡി.ജി.സി.എ അനുവദിച്ചിരുന്നു. അതേ തുടര്‍ന്നാണ് ഉദ്ഘാടന തീയതി നിശ്ചയിച്ചത്.

3,050 മീറ്റര്‍ റണ്‍വെയാണ് ഇപ്പോഴുളളത്. അത് 4,000 മീറ്ററായി നീട്ടാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 2,300 ഏക്രറിലാണ് മികച്ച ആധുനിക സൗകര്യങ്ങളോടെ വിമാനത്താവളം ഒരുക്കിയിട്ടുളളത്. യാത്രക്കാര്‍ക്കുളള ടെര്‍മിനല്‍ ബില്‍ഡിംഗിന്‍റെ വിസ്തീര്‍ണ്ണം 97,000 ചതുരശ്രമീറ്ററാണ്. 1.05 ലക്ഷം ചതുരശ്രയടിയുളള അന്താരാഷ്ട്ര കാര്‍ഗോ കോംപ്ലക്സ് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നു. വിമാനത്താവളത്തിനകത്തു തന്നെ നല്ല സൗകര്യമുളള ഹോട്ടലും ഒരുക്കിയിട്ടുണ്ട്.

24 ചെക്ക് ഇന്‍ കൗണ്ടറുകളും സെല്‍ഫ് ബാഗേജ് ഡ്രോപ്പ് കൗണ്ടറുകളും സെല്‍ഫ് ചെക്കിംഗ് മെഷീനുകളും സജ്ജമായി കഴിഞ്ഞു. വരുന്നവര്‍ക്കും പോകുന്നവര്‍ക്കുമായി 32 ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ ഉണ്ടാകും. ഇതിന്‍റെ പുറമെ 4 ഇ-വിസ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. കസ്റ്റംസ് കൗണ്ടറുകള്‍ 16 എണ്ണമാണ്.

6 ഏറോ ബ്രിഡ്ജുകളാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുളളത്. ബോയിംഗ് 777 പോലുളള വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുളള എല്ലാ സജ്ജീകരണങ്ങളും വിമാനത്താവളത്തിലുണ്ട്. 20 വിമാനങ്ങള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാം.

വാഹനപാര്‍ക്കിംഗിന് വിശാലമായ സൗകര്യമുണ്ട്. 700 കാറുകളും 200 ടാക്സികളും 25 ബസ്സുകളും ഒരേ സമയം പാര്‍ക്ക് ചെയ്യാം.
എസ്.എസ്.എൽ.സി പരീക്ഷ വിജയികൾക്ക് അഭിനന്ദനങ്ങൾ
​​അറുപതിനായിരം കോടി രൂപ ചിലവിൽ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കുന്ന സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ വിശദമായ പ്രൊജക്ട് റിപ്പോർട്ട് അടുത്തയാഴ്ച സമർപ്പിക്കും. ഇതോടെ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനും വായ്പ തരപ്പെടുത്താനുമുള്ള നടപടികൾക്ക് തുടക്കമാകും.

പദ്ധതി യാഥാർത്ഥ്യമായാൽ തിരുവനന്തപുരം - കാസർകോഡ് യാത്രാസമയം 15മണിക്കൂറിൽ നിന്ന് 4.5 മണിക്കൂറായി ചുരുങ്ങും.

കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ഭൂമിയും ചെലവും പരമാവധി കുറച്ചുള്ള റിപ്പോർട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഫ്രഞ്ച് എൻജിനീയറിംഗ് സ്ഥാപനമായ സൈസ്ട്രയാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. ഇവരുടെ ആദ്യറിപ്പോർട്ടിൽ കൊച്ചുവേളി മുതൽ കാസർകോഡ് വരെ 510കിലോമീറ്റർ പദ്ധതിക്ക് 55,000 കോടിയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. ഇത് പരിശോധിച്ച വിദഗ്ദ്ധസമിതിയുടെ ശുപാർശകളും സർക്കാരിന്റെ നിർദ്ദേശങ്ങളും പാലിച്ചാണ് അടുത്തയാഴ്ച റിപ്പോർട്ട് നൽകുക. നിലവിലെ അലൈൻമെന്റിലും സർക്കാർ മാറ്റം നിർദ്ദേശിച്ചിട്ടുണ്ട്. പദ്ധതിയുടെ പ്രീ - ഫീസിബിലിറ്റി റിപ്പോർട്ടിൽ ട്രാഫിക് പ്രൊജക്‌ഷൻ ഉൾക്കൊള്ളിച്ചിട്ടില്ല. നേരത്തേ ഡൽഹി മെട്രോ റെയിൽ കോർപറേഷൻ ട്രാഫിക് പ്രൊജക്‌ഷൻ റിപ്പോർട്ട് നൽകിയിരുന്നു. അത് തന്നെ അന്തിമമായി സ്വീകരിക്കാനാണ് തീരുമാനം. പുതിയ ട്രാഫിക് പ്രൊജക്‌ഷൻ റിപ്പോർട്ട് തയ്യാറാക്കാൻ മുതിർന്നാൽ പദ്ധതിക്ക് വീണ്ടും വൈകും.

നിലവിലെ റെയിൽവേ ലൈനിന് സമാന്തരമായല്ല പുതിയ ലൈൻ. വളവുകളും തിരിവുകളും മാറ്റി നീളം പരമാവധി കുറച്ചാണ് പദ്ധതി തയ്യാറാക്കുന്നത്.

സെമി ഹൈസ്പീഡ് റെയിൽ

മൊത്തം നീളം 510കിലോമീറ്റർ
ചെലവ് 60,000 കോടിരൂപ
70 ശതമാനവും ആകാശ പാത
നിർമ്മാണം തുടങ്ങുന്നത് 2020ൽ
പൂർത്തിയാകുന്നത് 2027ൽ

ഇതുവരെ

കരട് ഡി.പി.റിപ്പോർട്ട് മേയ് 13ന് സമർപ്പിക്കും
ഫ്രഞ്ച് കമ്പനി സൈസ്ട്രയുമായി 27കോടിയുടെ കരാർ ഒപ്പുവെച്ചു
റെയിൽവേ ബോർഡ് തത്വത്തിൽ അംഗീകരിച്ചു
ചെലവ് പങ്കിടാൻ റെയിൽവേ ബോർഡും സർക്കാരിന്റെ കേരള റെയിൽവേ വികസന കോർപറേഷനും കരാർ ഒപ്പുവെച്ചു

ഇനി ചെയ്യാനുള്ളത്

അന്തിമ റിപ്പോർട്ട് നടപടികൾ ജൂണിൽ തുടങ്ങും
ട്രാഫിക് പ്രൊജക്‌ഷൻ റിപ്പോർട്ട് അംഗീകരിക്കണം
വായ്പാ നടപടികൾ അടുത്തവർഷം ആദ്യം തുടങ്ങും
ലാൻഡ് ബോർഡുമായി ഭൂമി ഏറ്റെടുക്കൽ ചർച്ച ഇൗ മാസം തുടങ്ങും

"സൈസ്ട്ര ഏജൻസിയുടെ റിപ്പോർട്ട് കിട്ടിയ ശേഷമേ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ തുടങ്ങാനാകൂ. അത് കഴിഞ്ഞാൽ പദ്ധതി വളരെ വേഗം മുന്നോട്ട് നീങ്ങും"
​​വകാര്യ കുപ്പിവെള്ള കമ്പനികളുടെ ചൂഷണം തടയാൻ സപ്ലൈകോ ആരംഭിച്ച 11 രൂപയുടെ കുപ്പിവെള്ള വിതരണം റേഷൻ കട വഴിയും. ഇത‌് സംബന്ധിച്ച‌് ബുധനാഴ‌്ച തിരുവനന്തപുരത്ത‌് മന്ത്രിതലത്തിൽ ചർച്ച നടക്കും. ഏപ്രിൽ ആദ്യവാരം ആരംഭിച്ച പദ്ധതിയിലൂടെ ആറ‌് ലക്ഷത്തോളം രുപയുടെ കുപ്പിവെള്ളമാണ‌് സപ്ലൈകോ വിപണിയിലെത്തിച്ചത‌്.

പൊതുവിപണിയിൽ ലിറ്ററിന‌് 20 രൂപയുള്ള കുപ്പിവെള്ളമാണ‌് 11 രൂപയ‌്ക്ക‌് സപ്ലൈകോ നൽകുന്നത‌്. സ്വകാര്യ കമ്പനികളുടെ ചൂഷണം തടഞ്ഞ‌് കുറഞ്ഞ‌ വിലയ‌്ക്ക‌് കുപ്പിവെള്ളം ജനങ്ങളിലെത്തിക്കാനുള്ള എൽഡിഎഫ‌് സർക്കാരിന്റെ തീരുമാനപ്രകാരമായിരുന്നു നടപടി. വയനാട‌്, കാസർകോട‌് ഒഴികെ മറ്റ‌് ജില്ലകളിൽ കുപ്പിവെള്ളം വിതരണം പുരോഗമിക്കുകയാണ‌്. വിവിധ മാവേലി സ‌്റ്റോറുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവ വഴി ഇതുവരെ 5,94,473 രൂപയുടെ കുപ്പിവെള്ളമാണ‌് വിൽപ്പന നടത്തിയത‌്.

കുപ്പിവെള്ളം റേഷൻകട വഴി വിൽപ്പന നടത്തുന്നതിന്റെ ഭാഗമായാണ‌് ബുധനാഴ‌്ചത്തെ പ്രാരംഭ ചർച്ച. റേഷൻ കടയുടമകളുമായി ഇക്കാര്യം ചർച്ച ചെയ‌്ത ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക. ഇവരുടെ കമ്മീഷൻ, ലാഭ വിഹിതം എന്നിവയും ചർച്ച ചെയ്യും. കുപ്പിവെള്ളം എളുപ്പത്തിൽ ലഭ്യമാക്കാനാണ‌് റേഷൻ കടവഴി വിൽപ്പന നടത്താൻ സപ്ലൈകോ ലക്ഷ്യമിടുന്നത‌്.
​​പൊന്നാനിയുടെ ടൂറിസം വികസനത്തിനും ഗതാഗത രംഗത്തും വലിയ മുന്നേറ്റത്തിന‌് വഴിയൊരുക്കുന്ന ഹൗറ മോഡൽ തൂക്കുപാലം യാഥാർഥ്യമാവാനൊരുങ്ങുന്നു. പദ്ധതിക്ക് കിഫ്ബിയുടെ അംഗീകാരം ലഭിച്ചതോടെയാണ് പൊന്നാനിയുടെ സ്വപ്നം പൂവണിയുന്നത്. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ സർക്കാർ വിജ്ഞാപനം ഇറക്കിയിട്ടില്ല.
236 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി യാഥാർഥ്യമാവുന്നതോടെ സംസ്ഥാനത്തെ ഏറ്റവും പ്രധാനമായ ടൂറിസം കേന്ദ്രമായി പൊന്നാനി മാറും. തീരദേശ ഹൈവേയുടെ ഭാഗമായി പൊന്നാനിയെയും തിരൂർ പടിഞ്ഞാറെക്കരെയെയും ബന്ധിപ്പിച്ചാണ് തൂക്കുപാലം നിർമിക്കുക. സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ ഇടപെടലിനെ തുടർന്ന് സംസ്ഥാന ബജറ്റിൽ പദ്ധതി ഇടംപിടിച്ചിരുന്നു. ഭാരതപ്പുഴ കടലിനോട് ചേരുന്ന അഴിമുഖത്തിന്റെ ടൂറിസം സാധ്യതകളും ഡിസൈനിങ്ങിൽ ഉൾപ്പെടുത്താൻ നിർദേശം നൽകിയിട്ടുണ്ട്. പദ്ധതി എത്രയും വേഗം യാഥാർഥ്യമാക്കാൻ മൂന്ന് തവണ സ്പീക്കറുടെ ചേമ്പറിൽ മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിമാരുടെയും സാന്നിധ്യത്തിൽ ഉന്നതതല യോഗവും ചേർന്നിരുന്നു. ഇതിനെ തുടർന്ന് ഇപിസി മാതൃകയിൽ ആഗോള ടെൻഡർ വിളിക്കാനാണ് തീരുമാനം. നടപ്പാക്കാനായി ആർഡിബിസികെയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ കൺസെപ്റ്റും ഡിസൈനും തയ്യാറാക്കാൻ വിളിച്ച ടെൻഡറിൽ ആറ് ലോക പ്രശസ്ത കമ്പനികൾ യോഗ്യത നേടിയിട്ടുണ്ട്. പെരുമാറ്റച്ചട്ടം അവസാനിക്കുന്നതോടെ കൺസല്‍ട്ടൻസി കരാറിൽ ഒപ്പുവയ്ക്കും. കമ്പനി തയ്യാറാക്കുന്ന ഡിസൈനിങ്ങി​ന്റെയും വിശദ പദ്ധതി രേഖയുടെയും അടിസ്ഥാനത്തിൽ ആഗോള ടെൻഡർ വിളിച്ച് പദ്ധതി പൂർത്തിയാക്കാനാണ് തീരുമാനം.
​​ആദിവാസി സമൂഹത്തിൽപ്പെട്ട 74 പേർ കേരള പൊലീസ് സേനയുടെ ഭാഗമാവുകയാണ്. അതെ, കേരളം വീണ്ടും ചരിത്രം കുറിക്കുന്നു. കാടിൻ തുടികൊട്ടിനൊപ്പം വിശപ്പിന്റെ വിളികൾമാത്രം കേട്ടുണർന്നവർക്ക് പുതുജീവിതത്തിന്റെ ചുവടുകൾ ഒരുക്കുകയാണ് സർക്കാർ. കാടറിയുന്നവർ കാക്കിയണിയുമ്പോൾ കാടുവഴിയുള്ള ഭീകരരെ ചെറുക്കാം. ഒപ്പം ഈ ആദിവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കുകയെന്ന മഹത്തായ കർമപദ്ധതിയാണ് എൽഡിഎഫ‌് സർക്കാർ ഒരുക്കിയത്.

ചരിത്രത്തിലാദ്യമായാണ് ആദിവാസി വിഭാഗങ്ങളിൽനിന്ന് കേരള പൊലീസിലേക്ക് പ്രത്യേക നിയമനംവഴി 74 കോൺസ്റ്റബിൾമാരെ തെരഞ്ഞെടുത്തത്. ഇവർ പരിശീലനം പൂർത്തിയാക്കി ബുധനാഴ്ച കർമരംഗത്തേക്കിറങ്ങുകയാണ്. ഇവരിൽ 24 പേർ യുവതികളാണെന്നതും ശ്രദ്ധേയം.അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ സഹോദരി ചന്ദ്രികയും പൊലീസ് സേനയുടെ ഭാഗമാണ‌്. പിണറായി സർക്കാരിന്റെ ധീരമായ നിലപാടാണ‌് കാടിന്റെ മക്കളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നത്.

സംസ്ഥാന സർക്കാരിന്റെ പ്രത്യേക പദ്ധതിപ്രകാരം മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലെ വനമേഖലയിൽനിന്നുള്ള അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെയാണ് പ്രത്യേക റിക്രൂട്ട്മെന്റ‌് വഴി പൊലീസിൽ നിയമിച്ചത്. ആദിവാസി മേഖലയിലുള്ളവർ പലപ്പോഴും പാർശ്വവൽക്കരിക്കപ്പെടുകയാണ് പതിവ്. ഇവരെ ഉപയോഗിച്ച് വനം കേന്ദ്രീകരിച്ച് നക്സലൈറ്റുകൾ ഉൾപ്പെടെ അക്രമപ്രവർത്തനങ്ങൾ നടത്താറുണ്ട്. ഭീകരപ്രവർത്തനങ്ങളുടെയും താവളമായി വനം മാറാറുണ്ട‌്. പുതിയ നിയമനത്തിലൂടെ വനമേഖലയിൽ പൊലീസിന് കാര്യക്ഷമമായി പ്രവർത്തിക്കാനാവും.

അടിസ്ഥാന പരിശീലനം കൂടാതെ തീവ്രവാദ പ്രവർത്തനങ്ങൾ തടയുന്നതിന‌് പ്രത്യേക കമാൻഡോ പരിശീലനവും സേനയ്ക്ക് നൽകി. ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിങ്, അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ചുള്ള രാത്രികാല ഫയറിങ് പരിശീലനം, തീരദേശ പരിപാലനത്തിനുള്ള പ്രത്യേക പരിശീലനം എന്നിവയുമുണ്ട്. കംപ്യൂട്ടർ, നീന്തൽ, യോഗ, കരാത്തെ എന്നിവയിലും വിദഗ‌്ധ പരിശീലനം പൂർത്തിയാക്കി.
​​ഐക്യരാഷ്ട്രസഭയുടെ ഇന്ത്യയിലെ രണ്ടാമത്തെ യുഎൻ റിക്കവറി ഓഫീസ‌് കേരളത്തിൽ തുറന്നു. തിരുവനന്തപുരത്തെ ദുരന്തനിവാരണ അതോറിറ്റിയിലാണ‌് ഓഫീസ‌്. നവകേരള നിർമാണത്തിന‌് ആവശ്യമായ സാങ്കേതികസഹായം ലഭ്യമാക്കുകയാണ‌് മുഖ്യലക്ഷ്യം. വിവിധ യുഎൻ ഏജൻസികളുടെ ഏകോപനം, നവകേരള നിർമാണത്തിന‌് മികച്ച മാതൃക നടപ്പാക്കൽ, വിഭവസമാഹരണം എന്നിവയ‌്ക്കും റീബിൽഡ‌് കേരള ഇനിഷ്യേറ്റീവിന‌ും സഹായം നൽകുക തുടങ്ങിയവയാണ‌് റിക്കവറി ഓഫീസിന്റെ ചുമതലകൾ.

പ്രളയാനന്തര പുനർനിർമാണത്തിന‌് പ്രവർത്തിക്കുന്ന വിവിധ യുഎൻ ഏജൻസികളെ ഏകോപിപ്പിക്കും. യുണിസെഫ‌്, യുഎൻഡിപി, യുനെസ‌്കോ, യുനെപ‌് തുടങ്ങിയ ഏജൻസികളെയാണ‌് ഏകോപിപ്പിക്കുക. വിവിധ ആവശ്യങ്ങൾക്കായി ഏജൻസികളെ സമീപിക്കാതെ ഇനിമുതൽ ഓഫീസിനെ ബന്ധപ്പെട്ടാൽ മതിയാകും.
നവകേരള നിർമാണത്തിന‌് വിവിധ മേഖലകളിൽ ഏറ്റവും മികച്ച മാതൃക നടപ്പാക്കാൻ റിക്കവറി ഓഫീസ‌് സഹായിക്കും. ഇതിനായി വിദേശ രാജ്യങ്ങളിൽ റോഡ‌്, ഭവനം, പരിസ്ഥിതി തുടങ്ങിയ വിവിധ മേഖലകളിലെ മികച്ച മാതൃകകൾ പരിശോധിക്കുകയും സർക്കാരിന‌് പരിചയപ്പെടുത്തുകയും ചെയ്യും. ഈ മാതൃക സംസ്ഥാനത്ത‌് നടപ്പാക്കാൻ ആവശ്യമായ ഇടപെടലുകളും സ്വീകരിക്കും.

വിഭവ സമാഹരണത്തിനും കേരളത്തിനായി ഇടപെടും. ഗ്രാന്റ‌്, കോർപറേറ്റ‌് സോഷ്യൽ റെസ‌്പോൺബിലിറ്റി ഫണ്ട‌്, വ്യക്തികളിൽനിന്ന‌് സംഭാവന എന്നിവ സ്വരൂപിക്കാൻ പദ്ധതി തയ്യാറാക്കും. ഇവ ലഭ്യമാക്കാനും സർക്കാരിന്റെ സഹകരണത്തോടെ നടപടി സ്വീകരിക്കും. വ്യക്തമായ ആസൂത്രണത്തോടെയുള്ള സംസ്ഥാന സർക്കാരിന്റെ ഇടപെടലാണ‌് യുഎൻ റിക്കവറി ഓഫീസ‌് പ്രവർത്തനം കേരളത്തിൽ സാധ്യമാക്കിയത‌്. മുമ്പ‌് തമിഴ‌്നാട്ടിലാണ‌് യുഎൻ റിക്കവറി ഓഫീസ‌് തുറന്നിട്ടുള്ളത‌്.
​​കിഫ്ബി മുഖേനെയുള്ള പ്രവൃത്തികൾ നാടിന്റെ വിവിധ ഭാഗങ്ങളിൽ അതിവേഗം പുരോഗമിക്കുകയാണ്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട കോഴിക്കോട്, മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ പ്രവൃത്തികൾ ആരംഭിച്ചു. ചാലിയാറിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണച്ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ഏറ്റെടുത്തിട്ടുള്ളത്.
കഴിഞ്ഞ മാർച്ച് ഒമ്പതിന് മന്ത്രി ടി പി രാമകൃഷ്ണൻ നിർമാണോദ്ഘാടനം നടത്തിയ പാലത്തിന്റെ നിർമാണം 18 മാസം കൊണ്ട് പൂർത്തിയാക്കും.

കോഴിക്കോട് ജില്ലയിലെ കൂളിമാട് ഭാഗത്ത് 250 മീറ്റർ നീളത്തിലും മലപ്പുറം ജില്ലയിലെ മപ്രം ഭാഗത്ത് നൂറ് മീറ്റർ നീളത്തിലും അപ്രോച്ച് റോഡുകളുടെ നിർമ്മാണവും പ്രവൃത്തിയുടെ ഭാഗമാണ്. എൽഡിഎഫ് സർക്കാരിന്റെ 2016-17ലെ ബജറ്റിൽ ഉൾപ്പെട്ട ഈ പാലം യാഥാർഥ്യമാകുന്നതോടെ വയനാട് ജില്ലയിൽ നിന്ന് കോഴിക്കോട് നഗരം ചുറ്റാതെ ഏറ്റവും എളുപ്പത്തിൽ കോഴിക്കോട് വിമാനത്താവളത്തിലേക്കും കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലേക്കും എത്താൻ സാധിക്കും. മാത്രമല്ല, വയനാടുകാർക്കും കോഴിക്കോടിന്റെ കിഴക്കൻ മേഖലയിലുള്ളവർക്കും കോട്ടക്കൽ, തൃശൂർ, എറണാകുളം ഭാഗത്തേക്ക് എളുപ്പത്തിൽ പോകാനും കഴിയും. മലപ്പുറം ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്ന് കോഴിക്കോട്, മെഡിക്കൽ കോളജ്, കെ.എം.സി.ടി. മെഡി. കോളേജ്, എൻ.ഐ.ടി., എം.വി.ആർ. ക്യാൻസർ സെന്റർ എന്നിവിടങ്ങളിലേക്ക് യാത്രയും പാലം യാഥാർത്ഥ്യമായാൽ എളുപ്പമാകും.

മികച്ച ഗതാഗതസൗകര്യങ്ങളും യാത്രാമാർഗ്ഗങ്ങളും കിഫ്ബി മുഖേനെ യാഥാർത്ഥ്യമാക്കുന്ന പ്രവർത്തനത്തിലാണ് പിണറായി വിജയൻ സർക്കാർ. 47 പാലങ്ങളാണ് കിഫ്ബി മുഖേനെ നിർമ്മാണം നടത്തുന്നത്. 3500 കോടി രൂപയുടെ മലയോര ഹൈവേയുടെയും 6500 കോടിയുടെ തീരദേശ ഹൈവേയുടെയും നിർമ്മാണങ്ങൾ ആരംഭിച്ചു കഴിഞ്ഞു. സമയബന്ധിതമായി പദ്ധതിപൂർത്തീകരണം ഉറപ്പു വരുത്തുന്ന കിഫ്ബി മോഡൽ വഴി 50000 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് അഞ്ചു വർഷം കൊണ്ട് യാഥാർത്ഥ്യമാകുക. നവകേരളനിർമ്മാണത്തിലെ നിർണ്ണായകറോളാണ് കിഫ്ബിക്കുള്ളത്.
​​കേരളത്തിലെ വ്യവസായികമേഖലയുടെ കുതിച്ചുചാട്ടത്തിനു തന്നെ വഴിയൊരുക്കുന്ന ബൃഹത്പദ്ധതിക്ക് തുടക്കമാകുകയാണ്. അടിസ്ഥാനസൗകര്യവികസനം ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ആദ്യഘട്ടം പാലക്കാട‌്, കണ്ണൂർ ജില്ലകളിൽ 5366 ഏക്കറിൽ നടപ്പാക്കും. ഇതിനായി 12710 കോടി രൂപയുടെ ഭൂമി ഏറ്റെടുക്കൽ പദ്ധതിക്ക‌് സർക്കാർ അംഗീകാരം നൽകി. കിൻഫ്ര വഴിയാണ‌് ഭൂമി ഏറ്റെടുക്കുന്നത‌്. ഇതിനാവശ്യമായ പണം കിഫ‌്ബി വായ‌്പയായി നൽകും. വായ‌്പയ‌്ക്ക‌് കിഫ‌്ബി ബോർഡ‌് യോഗം അനുവാദം നൽകി. സ്ഥലം ഏറ്റെടുക്കുന്നതിന‌് വ്യവസായ, റവന്യൂ വകുപ്പുകൾ അംഗീകാരം നൽകി‌.

അടുത്ത ദശകങ്ങളിലെ വ്യവസായ വികസന കേന്ദ്രങ്ങൾ എന്ന നിലയിലാണ‌് പാലക്കാട‌്, കണ്ണൂർ ജില്ലകളെ ആദ്യഘട്ട പദ്ധതി മേഖലയായി തെരഞ്ഞെടുത്തത‌്. നാലു ഘട്ടമായാണ‌് 5366 ഏക്കർ ഏറ്റെടുക്കുന്നത‌്. ഒന്നാംഘട്ടത്തിൽ പാലക്കാട‌് ജില്ലയിൽ ആലത്തൂർ കണ്ണമ്പ്ര വില്ലേജിൽ 470 ഏക്കറും കണ്ണൂരിൽ 567 ഏക്കറും ഉൾപ്പെടെ 1037 ഏക്കർ ഏറ്റെടുക്കും‌. 1887.50 കോടിയാണ‌് അടങ്കൽ. രണ്ടാംഘട്ടത്തിൽ കണ്ണൂർ ജില്ലയിൽ 2239 ഏക്കർ (5597.50 കോടി ), മൂന്നാംഘട്ടത്തിൽ 506 ഏക്കർ (1256 കോടി ) നാലാംഘട്ടത്തിൽ 1584 ഏക്കർ (3960 കോടി ) എന്നിങ്ങനെയാണ‌് ഏറ്റെടുക്കുക.

കണ്ണൂരിൽ പനയത്തംപറമ്പ‌്, കീഴല്ലൂർ, പടുവിലായി, അഞ്ചരക്കണ്ടി, പട്ടന്നൂർ, മട്ടന്നൂർ പാർക്ക‌്, മൊകേരി, ചെറുവാഞ്ചേരി, പുതൂർ, പിണറായി, ചാവശേരി, കൂടാളി, കീഴല്ലൂർ, കൊളാരി, ഇരിട്ടി, പടിയൂർ, കല്യാട‌് തുടങ്ങിയ വില്ലേജുകളിൽനിന്നാണ‌് ഭൂമി ഏറ്റെടുക്കുന്നത‌്. കിഫ‌്ബിയുടെ 33–-ാമത‌് ഡയറക്ടർ ബോർഡ‌് യോഗം പദ്ധതിക്ക‌് അംഗീകാരം നൽകി.

ഏറ്റെടുക്കുന്ന ഭൂമി പൊതു, പൊതു–-സ്വകാര്യ പങ്കാളിത്ത പദ്ധതികൾക്കായി ലഭ്യമാക്കും. പെട്രോളിയം, കെമിക്കൽ, ഇലക‌്ട്രോണിക‌്സ‌് ഉൽപ്പാദന വ്യവസായ മേഖലയ‌്ക്കും സൂക്ഷ‌്മ, ചെറുകിട, ഇടത്തരം വ്യവസായശ്യംഖലകളുടെ വ്യാപനത്തിനും കുതിപ്പേകും. കിൻഫ്രയ‌്ക്ക‌് ഒമ്പത‌്‌ ശതമാനം പലിശനിരക്കിലാണ‌് കിഫ‌്ബി വായ‌്പ അനുവദിക്കുക. കിഫ‌്ബി പദ്ധതികളുടെ സ്ഥലം ഏറ്റെടുക്കലിനുമാത്രമായി റവന്യൂ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന നാലു യൂണിറ്റുകളുണ്ടാകും. കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന യൂണിറ്റിനായിരിക്കും സ്ഥലമെടുപ്പ‌് ചുമതല.
​​പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ധനസഹായത്തോടെ മൂന്ന് പ്രധാന പദ്ധതികളാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ആവിഷ്ക്കരിച്ചു നടപ്പാക്കിയിട്ടുള്ളത്.

1. ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ പഠനപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന തരത്തില്‍ സ്കൂളിലും‍ ക്ലാസ് മുറികളിലും ഡിജിറ്റല്‍ (ഐടി) സംവിധാനമൊരുക്കുകയും ഡിജിറ്റല്‍ ഉള്ളടക്കം, പരിശീലനം, മോണിറ്ററിംഗ് എന്നിവ സാധ്യമാക്കുന്ന, 45,000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കുന്ന ഹൈടെക് സ്കൂള്‍ പദ്ധതി.

3. ഇത്തരത്തില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) കിഫ്ബി ധനസഹായത്തോടെ ഏറ്റെടുത്ത് നടത്തിയ മറ്റൊരു പദ്ധതിയാണ് ഒന്നു മുതല്‍ ഏഴ് വരെ ക്ലാസുകളുള്ള സ്കൂളുകള്‍ക്ക് ലാപ്‍ടോപ്പുകള്‍, പ്രൊജക്ടറുകള്‍, സ്പീക്കറുകള്‍, ഇന്റര്‍നെറ്റ് എന്നിവ ലഭ്യമാക്കുന്ന ഹൈടെക് ലാബ് പദ്ധതിയാണ്. (9,941 സ്കൂളുകള്‍). ഇവിടെ എല്ലാ ക്ലാസ് മുറികളും ഹൈടെക്കാകുന്നില്ല.

3. സ്കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 5 കോടി, 3 കോടി, 1 കോടി രൂപ വീതം 966 സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന പദ്ധതിയും കിഫ്ബി വഴി നടത്തുന്നു.

ഇതില്‍ ആദ്യം പറഞ്ഞ രണ്ടു പദ്ധതികള്‍ക്കായി 562 കോടി രൂപ കിഫ്ബിയില്‍ നിന്നും ചിലവഴിച്ചിട്ടുണ്ട്. ഈ പദ്ധതി പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഈ രണ്ടു പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ലഭ്യമാക്കിയ സൗകര്യങ്ങള്‍ പോസ്റ്റര്‍ നോക്കിയാല്‍ വ്യക്തമാകും. എന്നാല്‍ അതില്‍ ഒതുങ്ങുന്നതല്ല സംസ്ഥാനം ലക്ഷ്യം വെച്ചിരിക്കുന്ന നേട്ടങ്ങള്‍. ഇവ ഫലപ്രദമായി ഉപയോഗിക്കുന്നുഎന്ന് ഉറപ്പാക്കുന്നതിനായുള്ള സംവിധാനങ്ങളും ഒരിക്കിയിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ.ടി കൂട്ടായ്മയായ 2060 സ്‌കൂളുകളിൽ സ്ഥാപിച്ച 'ലിറ്റിൽ കൈറ്റ്‌സ്' യൂണിറ്റുകൾ വഴിയും ഹൈടെക് സ്‌കൂൾ പ്രവർത്തനങ്ങൾ സ്‌കൂളുകളിൽ സജീവമാക്കുന്നുണ്ട്. എല്ലാ ഉപകരണങ്ങൾക്കും അഞ്ച് വർഷ വാറണ്ടിയും ഇൻഷുറൻസ് പരിരക്ഷയും പരാതി പരിഹാരത്തിന് പ്രത്യേക കോൾ സെന്ററും വെബ് പോർട്ടലും കൈറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. ജനുവരിയിൽ പ്രത്യേക ഐടി ഓഡിറ്റ് പൂർത്തിയാക്കാനും സംസ്ഥാനതല ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം നടത്താനും ക്രമീകരണം ഒരുക്കിയിട്ടുണ്ട്.

സ്‌കൂൾ, തദ്ദേശ സ്വയംഭരണ സ്ഥാപനം, നിയോജക മണ്ഡലം അടിസ്ഥാനത്തിൽ ഹൈടെക് പൂർത്തീകരണ പ്രഖ്യാപനങ്ങൾ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്. ഒരു ഡിവിഷനിൽ ഏഴ് കുട്ടികളിൽ താഴെയുണ്ടായിരുന്ന 1359 സ്‌കൂളുകൾക്കും ഉപകരണങ്ങൾ എത്തിക്കാൻ സർക്കാർ ഭരണാനുമതി നൽകിയിട്ടുണ്ട്. സ്‌കൂൾ, തദ്ദേശ സ്വയംഭരണ സ്ഥാപനം, അസംബ്ലിപാർലമെന്റ്, മണ്ഡലങ്ങൾ, ജില്ല എന്നിങ്ങനെ ഹൈടെക് ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുള്ള സ്‌കൂളുകളുടെ മുഴുവൻ വിശദാംശങ്ങളും 'സമേതം' പോർട്ടലിൽ (www.sametham.kite.kerala.gov.in ) ഹൈടെക് സ്‌കൂൾ ലിങ്ക് വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.


അടിസ്ഥാന സൗകര്യ വികസനം കൂടി പൂര്‍ത്തിയാവുന്നതോടെ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗം അമൂല്യമായ തലങ്ങളിലേക്ക് എത്തപ്പെടും എന്ന് കണക്കാക്കാം. അര്‍പ്പണബോധം നിറഞ്ഞ അദ്ധ്യാപകരും രക്ഷിതാക്കളും സമൂഹവും വിദ്യാര്‍ത്ഥികളുടെ കൂടെ ചേര്‍ന്നാല്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസ സംവിധാനത്തില്‍ നിന്നും പഠിച്ചിറങ്ങുന്ന ഭാവി തലമുറ ലോകത്തിലെ തന്നെ മികച്ച വിദ്യാര്‍ത്ഥി സമൂഹമയിരിക്കും.